പച്ചക്കുതിര



''ഞാൻ ഒരു പച്ചക്കുതിരയാണ്.ഞാൻ ഒരു കഥ പറയാം.കഥയല്ല, ഞാൻ കണ്ട ജീവിതങ്ങൾ !''

''നിങ്ങൾക്ക് ബോജാപൂർ നദിയെ പറ്റി അറിയുമോ ? മഹാരാഷ്ട്രയിൽ ആണ് ആ നദി.ആ നദിക്കരയിൽ ഒരു റാം ചന്ദ് താമസം ഉണ്ട്. റാം ചന്ദ് ആഹർവാർ.കുറെ പശുക്കളെയും ആടിനെയും നോക്കി ജീവിക്കുകയാണ് റാമും ഭാര്യ സ്വാതി യും രണ്ട് ചെറിയ മക്കളും..''

''ഞാൻ രണ്ട് മാസം മുൻപ് റാം ചെത്തി ട്രാക്റ്ററിൽ ഇട്ടുകൊണ്ടുവന്ന പുല്ലുകൾക്കിടയിൽ ഇരുന്നാണ് ആ വാക്കുകൾ കേട്ടത്..''

''സ്വാതി..എന്തോ ഒരു അസുഖം നമ്മുടെ നാട്ടിൽ വരുന്നുവത്രെ..മക്കൾക്ക് ഇന്ന് കൂടി മാത്രമേ സ്‌കൂളിൽ പഠനം ഉള്ളൂ..രാവിലെ ഫാമിൽ വച്ച് മുതലാളി പറഞ്ഞു...''

''അതെന്ത് അസുഖം...?''

''ആ പുല്ലുകൾക്കിടയിൽ നിന്ന് ഞാൻ പറന്ന് അവരുടെ മര പലക വച്ച് ഉണ്ടാക്കിയ വീടിന് ഒരു ഭാഗത്തേക്ക്  പറന്നിരുന്നു..''

''കാജൽ....ദാ ഒരു പച്ചക്കുതിര...''

റാം ന്റെ മകൻ അക്ഷയ് പെങ്ങളോട് എന്നെ ചൂണ്ടിക്കാട്ടി.

''മക്കളെ അതിനെ പിടിക്കരുത്...പാവം ജീവിയാ..പച്ചക്കുതിര നമ്മുടെ വീട്ടിൽ ലക്ഷ്മിയെ കൊണ്ടുവരുന്നവർ ആണ്..''

കുട്ടികൾ എന്നെ കുറെ നേരം നോക്കി നിന്നു.

പുറത്തുപോയ റാം തിരികെ രാത്രി ആയപ്പോൾ എത്തി.

''എനിക്കൊന്നും മനസ്സിലാകുന്നില്ല..സ്വാതി..എത്രപെട്ടെന്ന് ആണ് കാര്യങ്ങൾ മാറിയത്..നമ്മുടെ പാൽ നാളെ മുതൽ സൊസൈറ്റിയിൽ കൊടുക്കേണ്ട എന്ന്..നാളെ മുതൽ കടയും വണ്ടിയും സൊസൈറ്റിയും ഒന്നും ഇല്ല എന്ന് പ്രധാനമന്ത്രി കുറച്ച് മുൻപ് പറഞ്ഞുവത്രേ...ഇതെന്ത് അസുഖം ആണ് എന്റെ ദേവീ.. ''

''അപ്പോൾ നമ്മൾക്ക് കഴിക്കുന്നതിന്...കുട്ടികളുടെ കാര്യം..നമുക്ക്‌ റിജോഡി യിലെ ഹനുമാൻ ക്ഷേത്രത്തിലെ ഉത്സവത്തിന്...മോന് നേർച്ച ഉള്ളതല്ലേ...''

''എനിക്കൊന്നും അറിയില്ല സ്വാതി...എത്ര നാൾ...''

നാലോ അഞ്ചോ പകലുകൾ....ഞാൻ ആ വീട്ടിലും പരിസരത്തും ആയി കറങ്ങി നടന്നു..!

കുട്ടികൾ മുറ്റത്തും പാടത്തും കളിച്ച്‌ നടന്നു.

എങ്ങും ശാന്തം...!

പശുക്കൾക്ക് വിശന്ന് തുടങ്ങുമ്പോൾ കരയും...റാം പുല്ല് അരിഞ്ഞു ഇട്ടുകൊടുക്കും .

''സ്വാതി...ഇന്ന് മുതലാളിയെ കണ്ടു..''

ആ വാക്ക് കേട്ട് ഞാൻ ശ്രദ്ദിച്ചു.

''ഇതെത്രനാൾ തുടരും എന്ന് അറിയില്ല...അയാളുടെ കയ്യിൽ പണം ഇല്ല...തൊട്ട് അടുത്ത് ഫാം നടത്തുന്ന ഒരാൾക്ക് ഫാം വിൽക്കുകയാണ്..രണ്ട് ദിവസത്തിനുള്ളിൽ അവരുടെ ആളുകൾ ഇവിടെ താമസിക്കുവാൻ എത്തും അത്രേ..''

''എനിക്ക് ഒരു എത്തും പിടിയും ഇല്ല...സ്വാതി..നമ്മൾ ഈ കുഞ്ഞുങ്ങളുമായി എങ്ങോട്ട് പോകും..''

ആ അമ്മ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തി കരഞ്ഞുകൊണ്ടിരുന്നു..!

പിറ്റേന്ന് രാവിലെ അവിടെ പണ്ട് പുല്ല് ഫാമിലേക്ക് കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന റിക്ഷയുടെ ഭാഗം ചേർത്ത് വച്ച് അയാളുടെ സൈക്കിൾ ഒരുങ്ങി..!

ആ അമ്മയെയും അക്ഷയും കാജലും ഒന്നോ രണ്ടോ ഭാണ്ഡങ്ങളും ആയി അയാൾ സൈക്കിൾ ചവിട്ടാൻ തുടങ്ങി...!

ഞാൻ ആ വഴികൾ ഓരോന്നായി റിക്ഷയുടെ ഒരു ഭാഗത്ത് അവരുടെ കണ്ണിൽ പെടാതെ ഇരുന്നു കൊണ്ട് കണ്ടു.

വലിയ വഴികൾ...റോഡിൽ വലിയ ലോറികളും പോലീസ് വണ്ടികളും മാത്രം..!

ദാപൂർ യും പാണ്ഗ്രിയും യും ഒക്കെ താണ്ടുകയാണ്....

വഴിയിൽ നിരവധി തവണ തടഞ്ഞു നിർത്തും.പോലീസ് അടിക്കാൻ ഓങ്ങും...കുട്ടികളുടെ നിലവിളി കേട്ടിട്ട് വടി താഴ്ത്തും..എന്നിട്ട് കേൾക്കാൻ അറക്കുന്ന തെറി വിളിച്ച് ഓടിക്കും..!

ആരും അവരോട് നിങ്ങൾക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചില്ല..വെള്ളം പോലും ആരും നൽകിയില്ല..!

പശുവിനു നൽകാൻ വെച്ചിരുന്ന പിണ്ണാക്ക് അര ചാക്ക് കരുതിയിരുന്നു...അത് കൊറിക്കുന്ന ആ കുഞ്ഞുങ്ങൾ....അവരുടെ കണ്ണുകൾ.....

എത്രയോ ദിവസങ്ങൾ താണ്ടിയിരിക്കുന്നു..!

ഇപ്പോൾ ഏതോ വലിയ റോഡ് ആണ്.

ഒരുപാട് ജനങ്ങൾ ഇപ്പോൾ ആ റോഡിൽ നടക്കുകയാണ്.

എല്ലാവരും റാം നെ പോലെ ആണ്. അകലെ എവിടെയോ അവരുടെ സുരക്ഷിത വീട്ടിലേക്ക് എല്ലാം നഷ്ടം ആയവരുടെ പ്രയാണം.

ഇടയ്ക്ക്, ഒരിത്തിരി തണലിൽ സൈക്കിൾ നിർത്തി.

ഒരുപാട് പേർ ആ തണലിൽ ഇരുന്നു.

''ജീ എവിടെ നിന്നാണ്...''

റാം പറഞ്ഞു.

''മഹാരാഷ്ട്ര...ബോജാപൂർ നിന്ന്...റിജോഡി യിലേക്ക്...''

''ഞാൻ നാസിക്കിൽ നിന്ന്...കുറെ പേർ ഉണ്ട്..പിന്നാലെ മുംബൈ നിന്ന് ഉള്ളവർ ഉണ്ട്...ആയിരങ്ങൾ പിന്നാലെ ഉണ്ട്..''

''നിങ്ങൾ എങ്ങോട്ടാണ്..കൂടുതൽ പേരും UP ബോർഡർ യിലേക്ക്...ചിലർ ജാർഖണ്ഡ് യിലേക്ക്...''

''നിങ്ങൾക്ക് ഈ സൈക്കിൾ എങ്കിലും ഉണ്ട്..ദാ നോക്കൂ....എന്റെ കാലുകൾക്ക് ഇപ്പോൾ വേദന അറിയില്ല...എന്റെ മനസ്സിന് മുൻപ് എന്റെ പാദങ്ങൾ മരവിച്ച് പോയി...''

''ജീ...ഈ സൈക്കിൾ എത്ര വട്ടം എന്നെ വഴി മുടക്കി എന്ന് അറിയുമോ..എന്നാലും എന്റെ മക്കൾ...''

എല്ലാരിലും സങ്കടങ്ങൾ ഒരു കടലോളം ഉണ്ടെങ്കിലും ആരും കരയുന്നത് ഞാൻ കണ്ടില്ല.

ചിലർ അവർ കരുതി വെച്ച ആഹാരം പങ്കിട്ടു...റാം...ആർക്കൊക്കെയോ ആ  പിണ്ണാക്ക് പേപ്പറിൽ പൊതിഞ്ഞു നല്കുന്നുണ്ടായിരുന്നു.

വീണ്ടും നഗരങ്ങൾ ഓരോന്നായി പിന്നിട്ടു.

മാലഗോൺ യും ഇൻഡോറും...!

ഇൻഡോറിൽ പോലീസും മറ്റും കൂടുതൽ ആയിരുന്നു. ആംബുലൻസുകൾ മനുഷ്യരുടെ  ശവ ശരീരങ്ങളും കൊണ്ട് പായുന്നത് കണ്ടു..!

നഗരങ്ങളിലെ മനുഷ്യർ തോറ്റവർ ആയിരുന്നു..!

അവരുടെ കണ്ണുകളിൽ സർവ്വ പ്രതീക്ഷയും നഷ്ടമായിരുന്നു..!

അവസാനം ഗുണയും താണ്ടി കഴിഞ്ഞപ്പോൾ റാം ഒരു വഴിവക്കിൽ സൈക്കിൾ നിർത്തി.

'' ഇനിയുള്ളത് 50 കിലോമീറ്റർ ആണ്...സ്വാതി...നിന്റെ പ്രാർത്ഥന ഹനുമാൻ സ്വാമി കേട്ടു...''

വലിയ റോഡുകൾ വിട്ട് ഗ്രാമീണ റോഡിലൂടെ...അയാൾ ചവിട്ടിക്കൊണ്ടിരുന്നു...!

റിക്ഷക്ക് വേഗത കൂടിയത് പോലെ...ഇടയ്ക്ക് അയാൾ പാടുന്നുണ്ടായിരുന്നു...!

ഇടക്കിടക്ക് സിന്ധ് നദി കാണുന്നുണ്ടായിരുന്നു. തെളിമയാർന്ന നദി....!

റിജോഡി യിലേക്ക് സൈക്കിൾ ചവിട്ടിക്കയറുമ്പോൾ...സ്വന്തം ഗ്രാമത്തിന്റെ വഴികളിലേക്ക് കയറുമ്പോൾ സ്വാതിയും കുട്ടികളും സൈക്കിളിൽ നിന്ന് ചാടിയിറങ്ങി എങ്ങോട്ട് എന്ന് അറിയാതെ ഓടുകയായിരുന്നു...!

അയാൾക്ക് ഒപ്പം ഞാൻ ആ റിക്ഷയിൽ......ആ കാഴ്ചകൾ കണ്ട്...പിന്നാലെ...

സ്വാതിയുടെ അമ്മ...ദൂരെ നിന്ന് ഓടി വരുന്നതും അവരെ കെട്ടിപ്പുണരുന്നതും...ദൂരെ നിന്ന് കണ്ടു...!

അയാൾ സൈക്കിൾ ആ പുഴയ്ക്കരികിലേക്ക് ചവിട്ടി...അയാൾ പുഴവക്കിലേക്ക് എത്തും മുൻപ് അതിൽ നിന്ന് ഇറങ്ങി ഓടി...! അയാൾ കരയുന്നുണ്ടായിരുന്നു...അയാൾ പൊട്ടി പൊട്ടി കരയുന്നുണ്ടായിരുന്നു...പുഴ ആ കണ്ണുകളെ കഴുകി കൊണ്ടിരുന്നു..

Comments

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

ദര്‍ഭയും തെറ്റിപൂക്കളും

പാസ്സഞ്ചര്‍