Sunday, February 11, 2007

എന്നുയിരേ....


പതിവില്ലാതെ പെയ്തുകൊണ്ടിരുന്ന ഒരു മഴക്കാലത്താണു ഞാന്‍ കോയമ്പത്തൂരിലെത്തുന്നത്‌. നാടും നാട്ടാരും എല്ലാം ഈറനണിഞ്ഞു നില്‍ക്കുന്ന കോവൈ നഗരം എന്റെ മനസ്സിന്റെ ഉള്ളിലേക്കും ഒരു നനഞ്ഞു ഒട്ടിയ ഓര്‍മയായ്‌ തീര്‍ന്നു.

സുഹ്രുത്തു നല്‍കിയ മേല്‍ വിലാസത്തിലെ സ്ഥലം തിരഞ്ഞു ബസ്‌ സ്റ്റാന്റിലെ അന്വേഷണ വിഭാഗത്തിലെ തിരക്കുകളില്‍ പെട്ടു നില്‍ക്കുമ്പോള്‍ ക്യൂ വിലെ എന്റരികില്‍ നിന്ന പെണ്‍കുട്ടി

" ഏനുങ്ങെ..ഊങ്കള്‍ക്ക്‌ തിരുപ്പൂര്‍ക്കു പോണമാ..?

"ആമാ.."

"മ്മ്..നാനും തിരുപ്പൂര്‍ക്കു....ഊങ്കളുടെ അഡ്രെസ്സില്‍ നംബര്‍ മട്ടും പോട്ടിരുക്ക്‌....ശരി...നീങ്കല്‍ മലയാളത്തുകാരാ..?

"ആമാ..?

"ശരി..എന്‍ പേര്‍ ചിത്രകല..എനക്കു തിരുപ്പൂരില്‍ ഒരു കംബനിയിലെ വേലയിരുക്കു.."

"ഒാകെ.. എനക്കു തമിഴ്‌ തെരിയാത്‌...അതിനാലെ..."

"മ്മ്..ഓകെ...

ജീവിതത്തിലെ ചില അഴിയാത്ത കുരുക്കുകളില്‍ പലപ്പൊഴും ഒറ്റപെട്ടു നില്‍ക്കുമ്പോഴൊക്കെ ഇതുപോലെ എവിടെ നിന്നോ ആരെങ്കിലും ഒക്കെ എത്തിപെട്ട അനുഭവങ്ങള്‍ ഉള്ളതിന്റെ ഓര്‍മ്മകളില്‍ നില്‍ക്കുമ്പോള്‍ അവളുടെ തിരക്കുകളില്‍ നിന്നു ഒഴിവായ്‌ എന്നെ 10 ആം നംബര്‍ ബസ്സിനടുത്തെക്കു വിളിച്ചു കൊണ്ടുവന്നു.. ബസ്സിന്റെ കണ്ടക്ടറിനോട്‌ എന്നെ നോക്കി എന്തോ പറഞ്ഞു.. തിരികെ വന്നു എന്റെ കയ്യില്‍ നിന്നു പേന വാങ്ങി ഒരു ടെലഫോണ്‍ നംബറും ഒരു തുണ്ട്‌ കടലാസ്സില്‍ എഴുതി തന്നു, അവള്‍ ബസ്സിന്റെ മുന്‍ വാതിലിലൂടെ കയറി..ഞാന്‍ പിന്‍ വാതിലിലൂടെയും..

ഓരോ ജങ്ങ്ഷണുകള്‍ പിന്നിടുമ്പോഴും തിരക്കുകള്‍ കൊണ്ട്‌ അവളെ കാണുന്നതിന്റെ സാധ്യതകള്‍ മങ്ങുകയായിരുന്നു. അവള്‍ എവിടെയാണു ഇറങ്ങുന്നത്‌ എന്ന് അറിയാന്‍ ആഗ്രഹിച്ചിരുന്നു...അമ്മപാളയം എന്ന ബോര്‍ഡ്‌ കണ്ട്‌ മറ്റേതോ കാഴ്ചകളിലേക്കു കണ്ണ്‍ പോകുമ്പോഴേക്ക്‌ കണ്ടക്ടര്‍ വന്നു എന്നെ തട്ടി... അയാള്‍ തിരക്കുകാരണം കണ്ണ്‍ കൊണ്ട്‌ ഇറങ്ങേണ്ട സ്ഥലം ആയ്‌ എന്നോര്‍മിപ്പിച്ചിട്ടു കടന്നു പോയ്‌..

ആദ്യം കണ്ട ടെലഫോണ്‍ ബൂത്തില്‍ ചെന്നു സുഹ്രുത്തിനെ വിളിച്ചു... ബൂത്തിനടുത്ത ചെറിയ തട്ടുകടയില്‍ നിന്ന് ചൂടോടെ ഒരു പരിപ്പുവട തിന്നുമ്പോഴെക്കും ഒരു പുതിയ ബൈക്കില്‍ സുഹ്രുത്തു എത്തിയിരുന്നു.

സുഹ്രുത്തിന്റെ സ്വന്തം കംബനിയിലെത്തുമ്പോള്‍ ഒരു തരം അമ്പരപ്പു തോന്നിയിരുന്നു. 20 അധികം മെഷീനുകള്‍, 40 അധികം തൊഴിലാളികള്‍... കുന്നുകൂടി കിടക്കുന്ന ടീ ഷര്‍ട്ടുകള്‍... നല്ലനിലയില്‍ എല്ലാം പോകുന്നതിന്റെ സന്തോഷം അവന്റെ മുഖത്തു അലയടിച്ചിരുന്നു..

"വിശ്വസിച്ചു ആരെ ഒന്നും ഏല്‍പ്പിക്കാന്‍ വയ്യടാ....ഇനി ഈ പ്രൊഡക്ഷന്റെ കാര്യം എങ്കിലും നീ ഒന്നു നോക്കിക്കോ...ഞാന്‍ ഇനി ഇന്റേണല്‍ മാര്‍ക്കറ്റില്‍ ഒന്നു നല്ലപോലെ ഇറങ്ങി കളിക്കാന്‍ പോവാ.."

2 ആഴ്ചകള്‍ കൊണ്ട്‌ തുണി ഏതൊക്കെ റ്റൈപ്പ്‌ ഉണ്ടെന്നും, ഏതൊക്കെ നൂലിട്ട്‌ തൈക്കുന്നത്‌ എന്നും...ഇലാസ്റ്റിക്‌ ഏതൊക്കെ വിധം എന്നൊക്കെ മനസ്സിലാക്കാന്‍ തുടങ്ങി... .പയ്യെ പയ്യെ ഞാനും ഒരു തിരുപ്പൂരിയന്‍ ആയി മാറി.

ഒരു മാസത്തിനു ശേഷം ശംബളമായ്‌ തന്ന കുറച്ച്‌ പൈസ വെക്കാന്‍ പഴ്സു എടുക്കുമ്പോള്‍ ഒരു തുണ്ട്‌ കടലാസ്സ്‌ താഴേക്ക്‌ വീണു.. എടുത്ത്‌ നോക്കുമ്പോള്‍ അവളുടെ ടെലഫോണ്‍ നംബര്‍... ഈ ഒരു മാസത്തിനിടയില്‍ ഒരിക്കല്‍ പോലും വിളിക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്ന കുറ്റബോധം അപ്പോള്‍ തോന്നി..

നീണ്ട ബെല്ലുകള്‍ക്കൊടുവില്‍ ആരോ വന്നു ഫോണെടുത്തു..

"ഹല്ലോ...ഇതു സ്കൈ എക്സ്പോട്ട്സ്‌...യാരു പേശുങ്ങേ..?"

"നാന്‍..നാന്‍..ദീപക്‌.........ചിത്രകല ..എനക്കു ചിത്രകല..."

"ചിത്രകലാവാ....സാര്‍..ഒരു നിമിഷം.."

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ശബ്ദം.. " ഹലോ...ഇതു യാരു..എങ്കെ നിന്നു കൂപ്പിടുങ്ങെ.."

"ഞാന്‍ ദീപക്‌...അന്നേക്ക്‌ ഒരു മാതം മുന്നാടി കൊവൈന്നു വരുമ്പോത്‌...ബസ്‌ സ്റ്റാണ്ടില്‍....."

"ങാ..ഓ..ഊങ്കളാ..രൊംബ സന്തോഷം...നാന്‍ നെനച്ചെ..എന്നെ മറന്ത്‌ പൊയ്ട്ടാരുന്നെന്ന്.."

"ഇല്ല....സോറി....."


പിന്നെ അതൊരു പതിവായ്‌....ആഴ്ചയില്‍ മൂന്നു വട്ടമെങ്കിലും അവളെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ എന്തോ..., ഞാന്‍ നിര്‍ബന്ധിച്ചിട്ടു കൂടി അവളുടെ വീട്ടിലേക്ക്‌ എന്നെ വിളിച്ചിരുന്നില്ല.

ജീവിതത്തില്‍ ഒരിക്കലും തോന്നാത്തതരത്തില്‍ അവളോട്‌ സംസാരിക്കുമ്പോള്‍ ഒരാശ്വാസം തോന്നി..അവളോട്‌ ഇടതടവില്ലാതെ ഞാന്‍ മലയാളം പറയുമ്പോഴും അവള്‍ അതുപോലെ എന്നോട്‌ തമിഴ്‌ പറയുമ്പോഴും ഞങ്ങള്‍ക്കിടയില്‍ ഭാഷയുടെ അതിര്‍ത്തികള്‍ മുറിക്കപെട്ടിരുന്നു..അതിനുമൊക്കെ അപ്പുറം എന്തോ ഒന്ന്..ഞങ്ങള്‍ക്കിടയില്‍ ഇണചേര്‍ക്കപെട്ടിരുന്നു..

അന്നു ഒരു നവംബര്‍ മാസം...തമിഴ്‌നാട്ടിലെ മഴക്കാലം.....കേരളത്തിനെ ലക്ഷ്യമാക്കി മഴമേഘങ്ങള്‍ പാഞ്ഞു പോകുന്നത്‌ നോക്കി നില്‍ക്കുമ്പോള്‍ തൊട്ടു മുന്നില്‍ തൊട്ടു മുമ്പ്‌ പെയ്ത മഴമൊത്തം നനഞ്ഞ്‌ ഈറനണിഞ്ഞു ചിത്ര..!

റൂമില്‍ കൊണ്ട്‌ പോയ്‌ തോര്‍ത്താന്‍ റ്റൗവ്വല്‍ എടുത്ത്‌ കൊടുത്തിട്ട്‌ താഴേക്ക്‌ ഇറങ്ങുമ്പൊള്‍ എന്തോ മനസ്സില്‍ ഒരു വല്ലായ്ക...ശപിക്കപ്പെടേണ്ടത്‌ മനസ്സിലേക്ക്‌ എത്തുന്നതു പോലെ..കാരണം.... ചുവന്ന പട്ടു പാവാടയിലും ദാവണിയിലെയും ചിത്രയുടെ നനഞ്ഞു ഒട്ടിയ ശരീരം..എനിക്ക്‌ ആ അല്‍പ നേരത്തേക്ക്‌ എന്നെ തന്നെ ഞാന്‍ മറന്നു...

ഞാന്‍ തിരികെ റൂമിലേക്ക്‌ നടന്നു.. വാതില്‍ ഞാന്‍ തുറക്കുമ്പോള്‍ അമ്പരന്നു എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു അവള്‍. ആ അല്‍പനേരം എന്നിലെ മൃഗം ആ പാവത്തിന്റെ എതിര്‍പ്പുകള്‍ അവസാനിപ്പിച്ചു.. ഞാന്‍ എന്നിലേക്ക്‌ തിരികെ എത്തുമ്പോഴെക്ക്‌ റൂമിന്റെ ഒരു മൂലക്കിരുന്നു ഏങ്ങലടിച്ചു കരയുന്ന പാവം ചിത്ര..!!

എന്റെ പരിഭ്രമം ഒന്നവസാനിപ്പിക്കുമ്പോഴേക്ക്‌ പാറിപറന്ന മുടിയും അലക്ഷ്യമായി വാരി വലിച്ചു ഉടുത്ത ഹാഫ്‌ സാരിയുമായ്‌ അവള്‍ പോകാന്‍ ഒരുങ്ങുമ്പോഴേക്ക്‌ ഞാന്‍ അവളെ എന്നിലേക്കു വാരി പുണര്‍ന്നു...അപ്പോഴേക്കും നഷ്ടമായതു എന്റെ മനസ്സാണു...ഞാന്‍ വല്ലാണ്ട്‌ കരഞ്ഞ്‌ പോയ്‌....ചെയ്ത തെറ്റിന്റെ കുറ്റബോധം എങ്ങനെ മാറ്റണം എന്നറിയാത്ത കുറെ നിമിഷങ്ങള്‍...

പരസ്പരം മുഖം നോക്കിയിരുന്നുള്ള കരച്ചിലിനിടയില്‍....അവള്‍ എന്റേതും അവ്ല്ക്ക്‌ ഞാനും ജീവിതാവസാനം വരെ ഉണ്ടാകും എന്ന കരാര്‍ രൂപപ്പെട്ടത്‌ ഞങ്ങളറിയാതെ പോയ്‌...

മൂന്നു നാലു ദിവസം എന്തോ എനിക്കു വിളിക്കാന്‍ കഴിഞ്ഞില്ല. മനസ്സിനുള്ളില്‍ കൊളുത്തിവലിക്കുന്നത്‌ ഒന്നു കഴിഞ്ഞൊട്ടേ എന്നു കരുതിയിരിക്കുമ്പോഴാണു അവളുടെ വിളി...ഒരു പരിഭ്രമവും ഇല്ലാതെ...പഴയ ചിത്ര മാതിരി...എനിക്ക്‌ തന്നെ അത്ഭുതം തോന്നി..

പിന്നെയും ആഴ്ചകള്‍ കടന്നു പൊയ്‌. അന്നൊരു ദിവസം തിരക്ക്‌ പിടിച്ചു ബാങ്കിലെ ഇല്ലാത്ത പാര്‍ക്കിംഗ്‌ സ്ഥലത്ത്‌ ബൈക്കു ഒരു വിധം വെച്ച്‌ മടങ്ങുമ്പോള്‍ പുറകില്‍ നിന്നു എന്റെ കണ്ണുകള്‍ പൊത്തി... കൈക്കു പിടിച്ചു മുന്നില്‍ നിര്‍ത്തുമ്പോള്‍ ചിത്ര..! കയ്യില്‍ അയ്യപ്പന്‍ കോവിലിലെ പ്രസാദം....അതു തൊടുവിച്ചു എന്റെ ചെവിയില്‍ പതിയെ അവള്‍ ഒരു കാര്യം പറഞ്ഞു...എന്നിട്ടു എന്റെ കൈ പിടിച്ചു ആരും ശ്രദ്ദിക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തി വയറ്റിലേക്ക്‌ വെച്ചു...

ഞാന്‍ ഒരു നേരം പ്രതിമ പോലെ നിന്നു പൊയ്‌. ഞാന്‍ ഒരു അച്ചനാവാന്‍ പോകുന്നു എന്ന വാര്‍ത്ത ആദ്യം ഒന്നു അംഗീകരിക്കാന്‍ എന്റെ മനസ്സും ശരീരവും തയാറായില്ല എന്നതായിരുന്നു വാസ്തവം. പിന്നെ എന്റെ യാതാര്‍ഥ്യങ്ങളിലേക്ക്‌ തിരികെ വന്നു.. വീട്ടിലെ പ്രശ്നങ്ങള്‍... പെങ്ങളുടെ ബാധ്യതകള്‍... പിന്നെ ഇതൊക്കെ അറിഞ്ഞാല്‍ വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍...

എല്ലാം അതിന്റെ വഴിക്കു വരട്ടെ എന്നു കരുതി, പിന്നെ ചിത്രയുടെ എന്റെ കുഞ്ഞിന്റെ ഓര്‍മകള്‍ മാത്രമായ്‌ എന്റെ മനസ്സില്‍...ഒരു ദിവസം തൊട്ടടുത്ത ബസ്‌ സ്റ്റാന്റിലേക്ക്‌ വരാന്‍ എന്നെ അവള്‍ വിളിച്ചു... സുഹ്രുത്തിനോട്‌ എന്തൊക്കെയോ പറഞ്ഞേല്‍പ്പിച്ചിട്ട്‌ ഞാന്‍ ബസ്‌ സ്റ്റേഷനിലെത്തുമ്പോള്‍ എന്നെ കാത്ത്‌ അവള്‍ നില്‍ക്കുന്നു..ഞാന്‍ ചെന്നപാടെ ധിറുതിയില്‍ എന്റെ കൈ പിടിച്ച്‌ ഏതൊ ഒരു ബസ്സിലേക്കു വിളിച്ച്‌ കൊണ്ട്‌ പൊയ്‌. അവള്‍ തന്നെ റ്റിക്കറ്റിനു കാഷ്‌ നല്‍കുകയും ചെയ്തു.

നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞു ബസ്സ്‌ പാടങ്ങള്‍ക്കിടയിലൂടെ നീങ്ങി. തികച്ചും ഗ്രാമീണമായ ഒരു സ്ഥലത്ത്‌ എത്തിയപ്പോള്‍ എന്നെയും കൊണ്ട്‌ അവള്‍ ബസ്സിറങ്ങി നീണ്ട ഇറ്റവഴികള്‍ക്ക്‌ ഒടുവിലുള്ള ഒരു വീട്ടിലേക്ക്‌ കൊണ്ട്‌ പോയ്‌. ഓലയിലും പുല്ലിലും പിന്നെ കുരച്ചു ആസ്ബസ്റ്റോസിലുമൊക്കെയായ്‌ പണിഞ്ഞ ഒരു ചെറിയ വീട്‌..


ഞങ്ങള്‍ വരുന്നത്‌ ദൂരെ നിന്ന് ഉറ്റ്‌ നോക്കികൊണ്ടിരിക്കുന്ന ഒരു അമ്മൂമ്മയെ ആണു ആദ്യം ഞാന്‍ കാണുന്നത്‌. ഞാന്‍ അടുത്ത്‌ എത്തുമ്പോള്‍ പതിയെ എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ എനിക്കു മനസിലാകാത്ത ഒരു ഭാഷയില്‍ വിതുമ്പലോടെ എന്റെ കയ്യില്‍ പിടിച്ചു....അവരുടെ കണ്ണില്‍ നിന്നു ഉരുണ്ട്‌ വീണ കണ്ണീര്‍ എന്റെ കയ്യില്‍ വീണു തിളങ്ങി. ഭാഷ എന്താണെന്നു മനസ്സിലായില്ലെങ്കിലും അമ്മൂമ്മയോട്‌ എനിക്കു ജീവനുള്ള കാലത്തോളം എന്റെ ചിത്രയെ ഞാന്‍ പോറ്റിക്കോളാം എന്ന് ഞാന്‍ പറഞ്ഞു.

കയര്‍കൊണ്ട്‌ വരിഞ്ഞ കട്ടിലില്‍ എന്നൊട്‌ എതൊക്കെയോ കാര്യങ്ങള്‍ ആ അമ്മൂമ്മ പറയുമ്പോള്‍ എന്റെ കണ്ണുകള്‍ ആ വീടിന്റെ ഉള്ളില്‍ ആണിയില്‍ തൂക്കിയിട്ടിരിക്കുന്ന 3 ഫോട്ടൊകളിലായിരുന്നു. ഒന്നില്‍ എല്‍.റ്റി.റ്റി.ഈ യുടെ നേതാവ്‌ പ്രഭാകരന്റെ.. പിന്നെ സൈനിക വേഷത്തില്‍ നില്‍ക്കുന്ന ഒരു യുവാവിന്റെ...പിന്നെ ഒരു ഫാമിലി ഫോട്ടൊയും...

അടുത്ത്‌ ചെന്നു ഫൊട്ടൊകളില്‍ ഉറ്റ്‌ നോക്കി നില്‍ക്കുമ്പോള്‍ ചിത്ര അതിലെ യുവാവിന്റെ ഫോട്ടൊ എടുത്തു എന്റെ കയ്യില്‍ തന്നു..അതു തരുമ്പോള്‍ അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.

പിന്നെ അവള്‍ പറഞ്ഞു തുടങ്ങി.

ജാഫ്നയിലെ ഒരു സ്കൂള്‍ അധ്യാപകന്റെ മക്കളായിരുന്നു അത്രെ. വീരമണിയും ചിത്രകലയും. അച്ചനും അമ്മയും ഏട്ടനും അമ്മൂമ്മയും ഒക്കെ ആയ്‌ ഒരു സന്തുഷ്ട കുടുംബം. എല്ലാം അവസാനിച്ചത്‌ ശ്രീലങ്കയിലെ തമിഴരും സിംഹളരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍.... ഒരിക്കല്‍ അച്ചനെ പട്ടാളക്കാര്‍ പിടിച്ച്‌ കൊണ്ടു പൊയിട്ട്‌ തിരികെ വന്നത്‌ അച്ചന്റെ ശവം മാത്രം ആയിരുന്നു.

അങ്ങനെ അച്ചന്റെ മരണം ആണു യേട്ടനെ എല്‍. റ്റി.റ്റി. യിലേക്ക്‌ കൊണ്ടുവന്നത്‌. ..ഈ ബഹളങ്ങള്‍ക്കിടയില്‍ ചിത്രയുടെ പഠിപ്പും എല്ലാം നഷ്ടമായ്‌. ഒരിക്കല്‍ പൊരിഞ്ഞ പോരാട്ടങ്ങള്‍ക്കിടയില്‍ യേട്ടന്‍ തന്നെയാണു ജീവനെങ്കിലും കിട്ടട്ടെ എന്ന് പറഞ്ഞു അമ്മൂമ്മയെയും കൂട്ടി മറ്റു ചില ബന്ധുക്കള്‍കൊപ്പം തമിഴുനാട്ടിലേക്കു അഭയാര്‍തികളായ്‌ പറഞ്ഞയച്ചത്‌. ആദ്യം തിരുനെല്‍ വേലിയില്‍, പിന്നെ കുറെനാള്‍ മധുരയില്‍....പിന്നെ ഇപ്പോള്‍ സേലത്തിനടുത്തുള്ള നശിയന്നൂര്‍...

"ഇപ്പൊ നാന്‍ ഊങ്കളെ ഇന്ത വീട്ടിലേക്ക്‌ കൂട്ടീട്ടു വന്തത്‌ എതുക്ക്‌ എന്നു തെരിയുമാ..? നാന്‍ ഊരുക്കു തിരുംബി പോത്‌...നാനും പാട്ടിയും ഒക്കെ ഈ ഊരില്‍ നിന്നു അടുത്ത വാരം കളംബണം എന്നാ അയ്യാ പറഞ്ചത്‌"

തമിഴിലും മലയാളത്തിലും ഒക്കെ ആയ്‌ അവള്‍ അതു പറഞ്ഞു തീരുമ്പോള്‍...മരിക്കാന്‍ പോകുന്ന വേദനയാണു എനിക്കു തോന്നിയതു.... എന്റെ ജീവന്റെ ഒരു ഭാഗം എന്നില്‍ നിന്നു പറിച്ചെറിയാന്‍ പോകുന്നുവോ..?

"അപ്പോ എന്റെ കുഞ്ഞ്‌...നീ...ചിത്ര..നീ എന്താ ഈ പറയുന്നത്‌..?"

അതിനവള്‍ ഒന്നും പറഞ്ഞില്ല. എന്നെ കെട്ടിപിടിച്ച്‌ കുറെ നേരം കരഞ്ഞു...

"പാട്ടിക്കു എല്ലാം തെരിയും...എന്‍ വയറ്റില്‍ വളരുന്ന..ഊങ്കളുടെ ഉയിരു..എല്ലാം എല്ലാം....പക്ഷെ....എന്നൂരു...എന്നുടെ അണ്ണന്‍.. അപ്പാ..അമ്മാ ..അവരോക്കെ എരന്ത്‌ പോയ ഇടം......എനക്കു ജാഫ്നക്കു തിരുംബി പോണം പോയിത്താ ആകണം .."

അവളുടെ നിര്‍ത്താതെയുള്ള കരച്ചിലിനിടയില്‍ എന്താണു ഞാന്‍ ചെയ്യേണ്ടതു എന്നറിയാതെ കുറെ നേരം...നേരം വൈകും വരെ ഞങ്ങള്‍ പരസ്പരം കണ്ണുകളെ നോക്കിയിരുന്നു. പിന്നെ അവള്‍ നിര്‍ബന്ധിച്ചത്‌ കൊണ്ടു മാത്രം മനസ്സില്ലാമനസ്സോടെ തിരികെ റൂമിലേക്കു വന്നു.

പിറ്റേന്നു നേരം വെളുത്തുവരുമ്പോള്‍ തന്നെ അരോടും ഒന്നും പറയാതെ നശിയന്നൂരിലെക്കു ബസ്സ്‌ കയറി. നടന്നു ചിത്രയുടെ വീട്ടിലെത്തുമ്പോള്‍ ഞാന്‍ ഒറ്റപെട്ടു പോയപോലെ തോന്നി.അവള്‍ അരുമയോടെ വളര്‍ത്തിയിരുന്ന ഒരു പ്രാവ്‌ മാത്രം മുറ്റത്ത്‌. എന്നെ പോലെ അതും ഒറ്റപ്പെടലിന്റെ നോവ്‌ അനുഭവിക്കുകയായിരുന്നു..ഏറെ നേരം എന്തു ചെയ്യണം എന്നറിയാതെ ദൂരെ ശിവമലയിലേക്ക്‌ നോക്കി ഇരുന്നു.

ഇന്ന് 14 മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു, എന്നെ ഒറ്റക്കാക്കിയിട്ട്‌ ചിത്രയും എന്റെ കുഞ്ഞും പോയിട്ട്‌. എന്റെ കുഞ്ഞു..എന്റെ ജീവന്റെ തുടിപ്പിനെ എനിക്ക്‌ ഇനി എന്നാണു ഒന്നു കാണാന്‍ കഴിയുക..എനിക്കതിനു കഴിയുമൊ..?

ദര്‍ഭയും തെറ്റിപൂക്കളും

എന്റെ അവധിക്കാലങ്ങള്‍ അല്ലെങ്കിലും മഴയില്‍ കുതിര്‍ന്നതാണു. മഴയോട്‌ അത്രത്തോളം ഇഷ്ടമായത്‌ കൊണ്ട്‌ ദൈവം അറിഞ്ഞ്‌ തരുന്നതാണു എന്നു സമാധാനിക്കുകയാണു പതിവ്‌. ഇന്ന് യാത്രക്ക്‌ ഒരുങ്ങുമ്പോള്‍ അമ്മ പറഞ്ഞതുമാണു, കര്‍ക്കിടക മഴയാണു.. ഇത്തിരി വെയിലുകണ്ടിട്ട്‌ പോയാല്‍ പോരെ എന്ന്...

പ്രവാസിയല്ലെ...നാട്ടില്‍ ചെലവഴിക്കുവാനുള്ളത്‌ ഒരിത്തിരി സമയം..! ഈ യാത്ര എനിക്ക്‌ ഒഴിവാക്കുവാന്‍ കഴിയുന്നതല്ല. ഇന്ന് അവനെ കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ചെലപ്പോള്‍ അടുത്ത അവധിക്കാലത്ത്‌ കണ്ടുവെങ്കില്‍ ആയ്‌..!

മഴ ഒരു അസൗകര്യമായ്‌ തോന്നിയത്‌ പൊട്ടിയ ഷട്ടറിനിടയിലൂടെ മഴത്തുള്ളികള്‍ ഉള്ളിലേക്ക്‌ വീണുതുടങ്ങിയപ്പോഴാണു. മഴ നന്നായ്‌ പെയ്യുന്നുണ്ടെന്നു മുന്നിലെ ഗ്ലാസ്സിലൂടെ മഴതുള്ളികള്‍ ശക്തിയായ്‌ വീഴുന്നത്‌ കണ്ടപ്പോള്‍ മനസ്സിലായ്‌. ബസ്സ്‌ മാവേലിക്കരയോട്‌ അടുക്കുന്നു എന്ന് തോന്നി.
ബസ്സ്‌ നിര്‍ത്തുമ്പോള്‍ മഴയെ അവഗണിച്ച്‌ ഷട്ടര്‍ ഒരല്‍പം പൊക്കി നോക്കി.. വിശാലമായ ബസ്‌ സ്റ്റാന്റ്‌..ഞാന്‍ ആദ്യമായാണു പുതിയ ബസ്‌ സ്റ്റാന്റ്‌ കാണുന്നത്‌. സ്റ്റാന്റിന്റെ വലതുകോണില്‍ ഒരു ജനകൂട്ടം കണ്ട്‌ വെറുതെ കണ്ണുകള്‍ അങ്ങോട്ട്‌ ചെന്നു. ഏതോ ഒരു പ്രായമുള്ള സ്ത്രീയെ എല്ലാരും കൂടി ചേര്‍ന്ന് ശുശ്രൂഷിക്കുന്നത്‌ പോലെ തോന്നി.

മനസ്സ്‌ എവിടെയോ ഒന്ന് ഉടക്കുന്നത്‌ പോലെ തോന്നി... അത്‌..അത്‌...റ്റീച്ചര്‍ അമ്മയല്ലെ.....തോന്നലാവുമോ...!

മനസ്സിനുള്ളില്‍ തോന്നിയതല്ലെ ഒന്നിറങ്ങി നോക്കാം എന്ന് കരുതി ആ മഴയില്‍ ഇറങ്ങി ജനകൂട്ടത്തിനരികിലേക്ക്‌ ചെന്നു.

" നല്ല പ്രായമുണ്ട്‌... ചെലപ്പോ..ബി. പി വല്ലോം കൂടിയതാവും.. ഒറ്റക്ക്‌ ഒക്കെ എങ്ങനെ ഇതുങ്ങടെ വീട്ടുകാരു ഇറക്കി വിടുന്നു.."

കൂടി നിന്ന ഒരാളുടെ വര്‍ത്തമാനം കേട്ട്‌ പോക്കറ്റില്‍ കരുതിയ റ്റൗവലെടുത്ത്‌ തലതോര്‍ത്തികൊണ്ട്‌ ആരാണു എന്ന് നോക്കുമ്പോള്‍ എനിക്ക്‌ ഒരു നിമിഷം മനസ്സിനാകെ മരവിപ്പ്‌ ബാധിച്ചത്‌ പോലെ തോന്നി..

മാര്‍ഗ്ഗി റ്റീച്ചര്‍....!!


പത്തൊന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കാണുകയാണു...ഈ ഒരു രീതിയില്‍ കാണേണ്ടി വന്നുവല്ലോ എന്ന് മനസ്സിനുള്ളില്‍ കരുതി അരികത്ത്‌ ശുശ്രൂഷിച്ചുകൊണ്ടിരുന്ന യുവതിയോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

കുറച്ച്‌ നേരമായ്‌ ആ ബസ്‌ സ്റ്റാന്റിലുണ്ടായിരുന്നു അത്രേ. ത്രിക്കുന്നപ്പുഴക്ക്‌ ബസ്സ്‌ ഉടനെയുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും ആ കുട്ടി പറഞ്ഞു.

ഒരു റ്റാക്സി വിളിച്ച്‌ അടുത്തുള്ള ഒരു പ്രൈവറ്റ്‌ ആശുപത്രിയില്‍ റ്റീച്ചറിനെ അഡ്മിറ്റ്‌ ചെയ്തു. ആദ്യ ടെസ്റ്റുകള്‍ക്ക്‌ ശേഷം ഭയപ്പെടാന്‍ ഒന്നുമില്ല... ബി.പി. അല്‍പം കൂടുതല്‍ ആണു.. രണ്ട്‌ മണിക്കൂറുകഴിഞ്ഞു റൂമിലേക്ക്‌ മാറ്റാം എന്ന് പറഞ്ഞ്‌ ഡോക്ടര്‍ പോയ്‌.

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ കുറെ നേരം നടന്നു. മഴ അപ്പോഴും നല്ലപോലെ പെയ്യുന്നുണ്ടായിരുന്നു.

റ്റീച്ചറമ്മയുടെ ഓര്‍മ്മകള്‍ ഒന്നൊന്നായ്‌ മനസ്സിലേക്ക്‌ വന്നു.

അന്ന് എന്റെ അമ്മയെ പോലെ സുന്ദരിയായിരുന്നു റ്റീച്ചറും. അമ്മയെ പോലെ ഒരുപാട്‌ മുടിയും അമ്മയെ പോലെ മുടിക്കുള്ളില്‍ എപ്പോഴും ഒരു ചെറിയ മുല്ലപ്പൂവും ഉണ്ടായിരുന്നു.

ആദ്യമായ്‌ ഇംഗ്ലീഷ്‌ പടിക്കുന്നത്‌ റ്റീച്ചറമ്മ പടിപ്പിക്കുമ്പോഴാണു. റ്റീച്ചര്‍ക്ക്‌ അന്നേ വിവാഹ പ്രായം കഴിഞ്ഞിട്ടും കല്ല്യാണം കഴിക്കാത്തത്‌ എന്താണു എന്ന് നാലാം ക്ലാസ്സിലെ രാധിക എന്നോട്‌ ചോദിച്ചത്‌ ഇപ്പോഴും ഒരു നിമിഷം ഓര്‍ത്ത്‌ പോയ്‌..!


നിര്‍ത്താതെ സെല്‍ഫോണ്‍ അടിക്കുന്നത്‌ കേട്ടാണു ആ ഓര്‍മ്മകളില്‍ നിന്ന് ഒന്നു തല ഉയര്‍ത്തിയത്‌.വീട്ടില്‍ നിന്ന് അമ്മയാണ്‌. അമ്മയോട്‌ കാര്യം പറഞ്ഞു. ചിലപ്പോള്‍വരുവാന്‍ ഒരല്‍പം താമസിക്കും എന്ന് പറഞ്ഞു ഫോണ്‍ പോക്കറ്റിട്ട്‌ തിരികെ കസേരയില്‍ വന്ന് ഇരിക്കുമ്പോള്‍ തിരക്കിനിടയില്‍ ഞാന്‍ റ്റീച്ചര്‍ക്കൊപ്പം കൊണ്ടുവന്ന പ്ലാസ്റ്റിക്‌ ബാഗ്‌ ശ്രദ്ധിച്ചത്‌. പതിയെ ഞാന്‍ അത്‌ അഴിച്ച്‌ നോക്കി...

കുറച്ചധികം തെറ്റിപൂക്കളും ഒന്ന് രണ്ട്‌ ദര്‍ഭപുല്ലും...!

" സര്‍...ആ അമ്മയെ റൂമിലാക്കിയിട്ടുണ്ട്‌. സാറിനെ കാണണം എന്ന് പറഞ്ഞു..."

ഞാന്‍ ആ പ്ലാസ്റ്റിക്‌ ബാഗ്‌ പൊതിഞ്ഞെടുത്ത്‌ ആ നഴ്സിന്റെ പിന്നാലെ റ്റീച്ചറിനെ കിടത്തിയിരിക്കുന്ന റൂമിലേക്ക്‌ നടന്നു.

എന്നെ അടിമുടി പാതിയടഞ്ഞിരുന്ന കണ്ണുകള്‍ കൊണ്ട്‌ റ്റീച്ചറമ്മ നോക്കി... കൈ കൊണ്ട്‌ അടുത്തിരിക്കുവാന്‍ ആംഗ്യം കാണിച്ചു.

"മോന്‍ ഏതാ....?" പതിഞ്ഞ സ്വരത്തില്‍ എന്നോട്‌ ചോദിച്ചു.

"അമ്മേ...ഇത്‌ ഞാനാണ്‌ അരുണ്‍....അമ്മ എന്നെ നാലാം ക്ലാസ്സില്‍ പഠിപ്പിച്ചിട്ടുണ്ട്‌. അനന്തപുരം സ്കൂളിനടുത്ത്‌ നിന്ന് വന്നിരുന്ന അരുണ്‍..."

റ്റീച്ചറുടെ കൈകള്‍ എന്റെ കൈത്തലത്തില്‍ സ്പര്‍ശിക്കുന്നത്‌ ഞാനറിഞ്ഞു. അമ്മയുടെ കണ്ണുകള്‍ നനയുന്നതും.എന്റെ കൈ വലിച്ചെടുത്ത്‌ കൈത്തണ്ടയില്‍ ഉമ്മകള്‍ തരുമ്പോള്‍ എനിക്ക്‌ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ഏതോ ഒരു അനുഭൂതിയായിരുന്നു... ഒരു അമ്മകൂടി എനിക്ക്‌ സ്വന്തമായത്‌ പോലെ...!


"അമ്മ...അമ്മയെന്തിനാ ഒറ്റക്ക്‌ ഇത്ര ദൂരം വന്നത്‌...അതും ഈ മഴയത്ത്‌..."

അമ്മ എന്റെ കയ്യിലിരുന്ന പ്ലാസ്റ്റിക്ക്‌ ബാഗ്‌ എടുത്ത്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ വെച്ചിട്ട്‌ പൊട്ടി കരഞ്ഞു.. ഒരു നിമിഷം എന്താണ്‌ ചെയ്യേണ്ടത്‌ എന്നറിയാതെ ഞാനും...!

" എന്റെ മോനു്...അവന്റെ ആത്മാവിനു മോക്ഷം കിട്ടുവാന്‍ പൂജ ചെയ്യാന്‍ ഇറങ്ങിയതാണു മോനെ...ഈ പൂക്കളുമായ്‌..."

"മകന്‍..! അമ്മയുടെ മകന്‍..!അമ്മയുടെ മോനു് എന്താണ്‌ പറ്റിയത്‌.."


അവശയെങ്കിലും കുറച്ച്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ റ്റീച്ചറമ്മ എന്റെ അരികിലേക്ക്‌ നീങ്ങിയിരുന്നു.

"മോനറിയില്ല സൂരജിനെ.... എനിക്ക്‌ കിട്ടിയ ഒരു മുത്താണ്‌ അവന്‍..ഒരു ക്യാമ്പിനു പോയപ്പോള്‍ കുമളിയില്‍ നിന്ന് കിട്ടിയതാണവനെ...അന്ന് അവനു അഞ്ച്‌ വയസ്സുണ്ടാവും..ആരുമില്ലാത്ത എന്റെ ജീവിതത്തിനു കിട്ടിയ ഒരു തണലായിരുന്നു അവന്‍. നല്ലത്‌ പോലെ ഞാന്‍ അവനെ പഠിപ്പിച്ചു. എന്നില്‍ നിന്ന് വിട്ട്‌ പോകാന്‍ തീരെ മനസ്സില്ലാതിരുന്നിട്ടും ഞാന്‍ അവന്റെ ഭാവിയെകരുതി ബറോഡക്ക്‌ വിട്ടു.....അത്‌...അത്‌ എന്റെ....കുഞ്ഞിന്റെ......"

മുഴുമിപ്പിക്കാനാവാതെ എന്റെ തോളിലേക്ക്‌ ചാഞ്ഞ്‌ ഏങ്ങി ഏങ്ങി കരഞ്ഞു..
"അന്ന്...ഗുജ്‌ റാത്തിലെ പ്രശ്നങ്ങള്‍ക്കിടയില്‍....ഒരു ഫെബ്രുവരി ഇരുപത്തിയെട്ടിനു രാത്രി എന്നെ അവന്‍ വിളിച്ചു...ഇവിടെ ചുറ്റും മനുഷ്യര്‍ പരസ്പരം വെട്ടികൊല്ലുവാണെന്നും ഞാന്‍ എന്തെങ്കിലും പഴുത്‌ കിട്ടിയാല്‍ അങ്ങെത്താമെന്നും പറഞ്ഞ്‌...എന്റെ മോന്‍......"


"പിന്നെ മുട്ടാത്ത വാതിലുകള്‍ ഇല്ല...തിരയാത്ത ഇടങ്ങളും....മുഖ്യമന്ത്രി, പ്രധാനമന്ത്രി...എല്ലാര്‍ക്കും പരാതികള്‍ കൊടുത്ത്‌ കുഴഞ്ഞു...ഇപ്പോ നാലു കൊല്ലം കഴിഞ്ഞു...ഇനി...ഇനി...എനിക്ക്‌ ഒന്നേ ചെയ്യുവാനുള്ളൂ...അവന്റെ ആത്മാവിന്റെ ശാന്തി...അതിനു തണുപ്പ്‌ കൊടുക്കണം.."

"പൂജകളുടെ രീതി എന്താണ്‌ എന്നൊന്നും എനിക്കറിയില്ല...നാളെ കര്‍ക്കിടക വാവ്‌ അല്ലേ...അവന്‌ ബലി ഇടണം..അതിന്‌ ഇറങ്ങിത്തിരിച്ചതാ.....ദാ അതിപ്പോ ഇങ്ങനെയും ആയ്‌..!"

"മോന്‍...എനിക്ക്‌ ഒന്‍ന്മാത്രം ചെയ്ത്‌ തരുമോ...എന്റെ കുഞ്ഞിന്റെ ബലി ഒന്നിടണം...എന്റെ കഴിവ്കേട്‌ കൊണ്ട്‌ ഒരമ്മയുടെ അപേക്ഷയാണ്‌...."

"അമ്മേ....സൂരജ്‌..എനിക്ക്‌ എന്റെ സഹോദരനെപോലെ അല്ലേ...അമ്മ അപേക്ഷിക്കുന്നത്‌ എന്തിനാണ്‌....അമ്മ പറഞ്ഞോളൂ...ഞാന്‍ അത്‌ പോലെ ചെയ്ത്‌ കൊള്ളാം...."

റ്റീച്ചറമ്മ കട്ടിലില്‍ നിന്ന് എഴുന്നേറ്റ്നിന്നു ആ പൂക്കള്‍ അടങ്ങിയ ബാഗ്‌ എന്നെ ഏല്‍പ്പിച്ച്‌ ഒരു നിമിഷം കണ്ണുകള്‍ അടച്ച്‌ എന്നെ ഏല്‍പ്പിച്ചു.

"ഇപ്പോള്‍ തന്നെ പുറപ്പെട്ടുകൊള്ളൂ...ഞാന്‍ ഒറ്റക്കാണ്‌ എന്നോര്‍ത്ത്‌ വിഷമിക്കേണ്ട...ഞാന്‍ ഇപ്പോള്‍ കഴിയുന്ന വൃദ്ദ്‌ സദനത്തിന്റെ സെക്രട്ടറിയെ വിളിച്ച്‌ അറിയിച്ച്‌ കൊള്ളാം..അയാള്‍ വന്ന് എന്നെ കൂട്ടികൊണ്ട്‌ പൊയ്കൊള്ളും...മോന്‍ ബലിക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കോള്ളൂ...."

അമ്മയുടെ കാലുകളില്‍ നമസ്കരിച്ചിട്ട്‌ ഞാന്‍ ആ പൂക്കളും ആയ്‌ ബസ്‌ സ്റ്റാന്റിലേക്ക്‌ നടന്നു..മനസ്സില്‍ ഒരുനൂറായിരം പ്രാര്‍ത്ഥനയായിരുന്നു....എനിക്ക്‌ അറിയാതെ പോയ എന്റെ സഹോദരന്റെ മുഖത്തെ പരതുകയായിരുന്നു എന്റെ മനസ്സ്‌ അപ്പോള്‍......

പമ്പയുടെ ചെറുകുളിരുള്ള വെള്ളത്തില്‍ മുങ്ങി ഉയര്‍ന്ന് പൂജകള്‍ കഴിക്കുമ്പോള്‍.....അങ്ങകലെ സൂര്യന്‍പതിവില്ലാത്ത പ്രകാശം പരത്തുന്നത്‌ പോലെ എനിക്ക്‌ തോന്നി.....സൂര്യന്റെ രശ്മികള്‍ക്കിടയിലേക്ക്‌ മറ്റ്‌ ഏതോ രശ്മികള്‍ പറന്ന് അകന്ന് പോകുന്നത്‌ പോലെ എനിക്ക്‌ തോന്നി...സന്തോഷത്തോടെ എന്റെ സൂരജിന്റെ ആത്മാവ്‌ സൂര്യ രശ്മികളുമായ്‌ അലിഞ്ഞു ചേരുന്നതാവാം എന്ന് എന്റെ മനസ്സ്‌ പറഞ്ഞു.....