Friday, April 26, 2013

പാസ്സഞ്ചര്‍


അപ്പോള്‍, നജീബ് ന്റെ മനസ്സ് എങ്ങനെയോ അത് പോലെ എറണാകുളം-ഷോര്‍നൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ലെ തിരക്കുകള്‍ ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഈ യാത്രകള്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായിരിക്കുന്നു. അതിനു മുന്‍പ്, മംഗലാപുരം, ഊട്ടി..ഇടയ്ക്കു കൊല്ലത്തും ഒരുപാട് പോയിരുന്നു...കല്ല്യാണം കഴിഞ്ഞു 17 വര്‍ഷത്തിനിപ്പുറം ഒരു കുഞ്ഞിക്കാല്‍ നു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ അലച്ചിലുകള്‍..!

അയാളുടെ കൈകളിലെ കണ്ണീര്‍ നനവുകള്‍ അപ്പോഴും ഉണങ്ങിയിരുന്നില്ല. കൊച്ചിയില്‍, ആശുപത്രി കെട്ടിടത്തില്‍ നിന്ന് ആരംഭിച്ച കണ്ണീര്‍ ഉറവകള്‍ ഇനിയും വറ്റിയിട്ടില്ല. അയാള്‍ക്ക്‌, “നസീമ...നീ ഒന്ന് കരയാതെ ഇരിക്ക് പൊന്നെ..” എന്ന് പറയാന്‍ കഴിയാത്ത അത്ര ദുഖത്തിന്‍ മൂടുപടം അയാളെ പൊതിഞ്ഞു നിന്നിരുന്നു. ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചു പോയ മണിക്കൂറുകള്‍.

“നീ എന്തിനാണ് ഇത്രയും എന്നെ സ്നേഹിച്ചത്...നസീമ..രണ്ടു കൊല്ലത്തിന്‍ ഇപ്പുറം നിനക്ക് അറിയാമായിരുന്നു, നമുക്ക് കുട്ടികള്‍ ഇല്ലാത്തത് എന്റെ കുഴപ്പം കൊണ്ട് ആണെന്ന്..! എന്നിട്ടും നീ എന്നെ അത്രയ്ക്ക് സ്നേഹിച്ചു. എനിക്ക് ഒന്നും തിരികെ നല്‍കാന്‍ കഴിഞ്ഞില്ല...”

മറുപടി, തോളിലേക്ക് ചാരി കിടന്നു കൊണ്ട്....പിന്നിലേക്ക്‌ മാഞ്ഞു പോവുന്ന കവുങ്ങിന്‍ തോട്ടങ്ങളെ നോക്കി കൊണ്ട് വിങ്ങി പൊട്ടിയ ഒരു കരച്ചില്‍ ആയിരുന്നു..പിന്നെ അയാള്‍ ഒന്നും ചോദിച്ചില്ല.

അങ്ങാടിപ്പുറം കഴിഞ്ഞാല്‍ പിന്നെ നാല് സ്ടോപ്പുകള്‍. വാണിയമ്പലം ആയി.

അയാള്‍ നസീമയെ കാണുന്നത് അരീകോട് ഒരു കല്യാണത്തിന് പോവുമ്പോഴാണ്. അന്ന് അവള്‍ പ്രീ ഡിഗ്രീ ക്ക് പഠിക്കുകയാണ്. കൂട്ടുകാരികള്‍ക്ക് ഇടയിലെ കലപില സംസാരിച്ചു കറങ്ങി നടന്നിരുന്ന ആ സുന്ദരിയെ തന്നെ വേണം എന്ന വാശി...എത്തിചേര്‍ന്നത്‌...റമദാന്‍ മാസം തുടങ്ങുന്നതിനു തൊട്ടു മുന്‍ ദിവസത്തില്‍..!

അന്ന് അയാള്‍ക്ക്‌ വാണിയമ്പലത്ത് ഒരു റൈസ് മില്ലില്‍ ആണ് ജോലി. കല്ല്യാണം കഴ്ഞ്ഞു അല്‍പ കാലത്തിനുള്ളില്‍ നസീമയുടെ ബന്ധുക്കള്‍ തന്നെ വിസ നല്‍കി സൌദിയില്‍ ജോലി ശരിയാക്കി. അവരുടെ ജീവിതത്തിലെ ആകെ ഉള്ള അകല്‍ച്ച ആ രണ്ടു വര്ഷം ആണ്. ആദ്യം കുട്ടികള്‍ ഇല്ലാതെ ഇരുന്നതിനു കാരണം, എല്ലാവരും പറഞ്ഞത്..ഈ പ്രവസ കാലം  കാരണം എന്നായിരുന്നു. പക്ഷെ..സൌദിയില്‍ നിന്ന് വന്നു കഴിഞ്ഞു അവരടെ ആഗ്രഹങ്ങള്‍ക്ക് മറുപടി കാണാതെ ആകുമ്പോഴാണ് വാണിയമ്പലം ജംഗ്ഷനിലെ ഒരു ലേഡി ഡോക്ടറെ കാണുന്നത്. അവരാണ് ഒരു എഴുത്തും തന്നു ഊട്ടി യിലെ ഒരു പ്രശസ്ത ആശുപത്രിയിലേക്ക് അയക്കുന്നത്.

ഊട്ടിയും, മംഗലാപുരവും കൊല്ലവും ഒന്നും അവരില്‍ സന്തോഷം നല്‍കിയില്ല. ആകെ ഒരു പ്രതീക്ഷ തന്നത് കൊച്ചിയിലെ ഒരു ആശുപത്രി ആണ്. അതിനു വേണ്ടി നജീബ് നു ഒരു ശസ്ത്രക്രിയ നേരിടേണ്ടിവന്നു. അവസാനം ഇന്ന്...അവര്‍ തുറന്നു പറഞ്ഞു.

“കഴിയില്ല. ഞങ്ങള്‍ പാതി ചെയ്തു. ദൈവം ആണ് പാതി ചെയ്യേണ്ടത്. പക്ഷെ..വിധി..!” ഇനി നിങ്ങള്ക്ക് ഒരു കുട്ടി ഉണ്ടാവും എന്ന് പ്രതീക്ഷിക്കണ്ട. നിങ്ങള്ക്ക് അത്രയ്ക്ക് ആഗ്രഹം നില നില്‍ക്കുന്നുവെങ്കില്‍ ദത്തെടുക്കൂ..”
ഡോക്ടര്‍. ജയന്തി രാജന്റെ ഉപദേശം തീരും മുന്‍പ് നസീമ താഴേക്കു ഓടുകയായിരുന്നു. ഒന്നര വ്യാഴവട്ടക്കാലം കാത്തിരുന്നതിന്റെ അവസാനം കേട്ട ആ വാക്കുകള്‍ അവളെ അത്രയ്ക്ക് തളര്‍ത്തിയിരുന്നു. ഒരു വിധം ആണ് അവളെ അയാള്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം റെയില്‍ സ്റെഷനില്‍ കൊണ്ടുവന്നത്. വിങ്ങിപോട്ടിയ കരച്ചില്‍ ഇടയ്ക്കു ഇടയ്ക്കു അയാളുടെ നെഞ്ചു തുളച്ചു കയറുമ്പോലെ തോന്നിയിരുന്നു.

എറണാകുളം മുതല്‍ ഷോറനൂര്‍ വരെ തിരക്ക് നിയന്ത്രിതാതീതം ആണ്. ആ തിരക്കിനിടയില്‍ എത്രയോ പതിവ് കാഴ്ചകള്‍. എത്രയോ പതിവ് യാത്രികര്‍.

“അല്ലാ..നിങ്ങള്‍ ഇന്ന് രാവിലെ പാട്ന-എറണാകുളം നു പോവുന്നത് കണ്ടിരുന്നു..തിരക്കല്ലിയോ..പോരാത്തതിന് അവരുടെ വണ്ടി അല്ലയോ..ഹിന്ദിക്കാര്. അതുകൊണ്ട് ഞാന്‍ വിളിച്ചില്ല എന്നുമാത്രം..!”

രാമേട്ടന്‍ ആണ്. വര്‍ഷങ്ങളായി ലോട്ടറി കച്ചവടം ആണ്. കാലിനു ലേശം ഒരു വലിപ്പക്കുറവു ഉണ്ട്. പാവം.

“അല്ലാ..ഇന്ന് നസീമ മോള്‍ക്ക് എന്താ പറ്റിയത്? “

അവള്‍ കാണാതെ..അയാളുടെ മുഖത്തേക്ക് നോക്കി..ഒന്നും പറ്റില്ലേ എന്ന നിസംഗമായ ചോദ്യം..മുഖം കൊണ്ട്.!

അയാള്‍ക്കും ഉത്തരം മുട്ടിയ നിമിഷങ്ങള്‍. രാമേട്ടന്‍ അറിയാത്തതായി ഒന്നും നജീബ്നു ഇല്ല, ജീവിതത്തില്‍. ആകെ കണ്ടു മുട്ടുന്നത് ഈ ട്രെയിനില്‍ മാത്രം. പക്ഷെ..ജീവിതം പങ്കുവെച്ചവരില്‍ പ്രധാനി ആണ് രാമേട്ടന്‍.

ഇടയ്ക്കു മുഖം കഴുകാന്‍ എഴുന്നേല്‍ക്കുമ്പോള്‍  രാമേട്ടന്‍ വാതിലില്‍ നിന്ന് ഒരു ബീഡി വലിച്ചു വിടുകയായിരുന്നു.

“തുവ്വൂരില്‍ ഇന്നലെ ഈ പാളത്തിനു കുറുകെ ഒരു മരം വീണു. രാവിലെ മുതല്‍ ഇവടെ പിടിച്ചു പിടിച്ചു ആണ് വണ്ടി നീങ്ങുന്നത്‌..”

“എന്താ ഡോക്ടര്‍ പറഞ്ഞത്...ഒരു പ്രതീക്ഷയും വേണ്ട എന്നാണോ"?

“ഉം..ദൈവവും കൈ വിട്ടു എന്ന്...ദത്തെടുക്കൂ എന്ന്..!!”

“ദത്ത്..ഉം..”

അവര്‍ വാണിയമ്പലം സ്റെഷനില്‍ ഇറങ്ങി. ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ പതിയെ ചെവിയില്‍ പറഞ്ഞു..”എടൊ..തനിക്കു അങ്ങനെ വല്ലതും ആഗ്രഹം ഉണ്ടെങ്കില്‍ എന്നോട് പറയണം..ദത്ത്...! സര്‍ക്കാര്‍ അറിഞ്ഞ ബുക്ക് ചെയ്തു തനിക്കു ഒരു കുട്ടിയെ കിട്ടുമ്പോള്‍ ആ പെണ്ണിന്റെ മനസ്സ് ചത്തിട്ട് ഉണ്ടാവും..ഇത് ഇരു ചെവി അറിയില്ല.ആലോചിക്ക്.”

വീടിലേക്ക്‌ നടക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ വേഗത നസീമയ്ക്ക് ഉണ്ടായിരുന്നു. അയാള്‍ ഒന്നും ചോദിച്ചില്ല. രണ്ടു മൂന്നു ദിവസം ആരോടും ഒന്നും ചോദിച്ചതുമില്ല, അവള്‍, പുറത്തേക്ക് ഇറങ്ങിയതുമില്ല.

അയാള്‍ നടന്നു വീട് എത്തുമ്പോള്‍ നസീമ മഗ്രിബ് നിസ്ക്കാരം കഴിഞ്ഞു ഉമ്മറത്ത് ഇരുന്നു ദിക്കുറുകള്‍ ചൊല്ലുകയാണ്. അവളുടെ മനസ്സ് അല്പാല്പം ആയി മാറിയതിന്റെ ലക്ഷണം ആയിരുന്നു, ദിക്കരുകള്‍ക്ക് ഒരു പ്രാസം ഉണ്ടായിരുന്നു.

ചായ നല്‍കി അടുത്ത് ഇരിക്കുമ്പോള്‍ അല്പം ഭയത്തോടെ അവളോട്‌ അയാള്‍ ചോദിച്ചു..!

“നമുക്ക് ഇനി നമ്മുടെ രക്തത്തില്‍ നിന്ന് ഒരു കുഞ്ഞിനെ കാണുവാന്‍ കഴിയില്ല. നമുക്ക് ആ ഡോക്ടര്‍ പറഞ്ഞത് പോലെ ഒരു കുഞ്ഞിനെ ദത്ത് എടുക്കാം...”

അവളുടെ കണ്ണുകള്‍ അയാളുടെ കണ്ണുകളിലേക്കു തീവ്രമായി നോക്കി. ആലോചനക്കു അവസാനം, ഉടന്‍ തന്നെ അവള്‍ പറഞ്ഞു “സമ്മതം ആണ്. പക്ഷെ..അതൊക്കെ സര്‍ക്കാര്‍..”!

“നീ അതൊന്നും അറിയണ്ട..എല്ലാം രാമേട്ടന്‍ ചെയ്തുകൊള്ളും..പക്ഷെ പൈസ ഒരു 25000 രൂപ കൊടുക്കണം എന്ന്. നമ്മള്‍ കണ്ടിട്ട് ഉണ്ടത്രേ...ആ കുഞ്ഞിനെ..ഒരിക്കല്‍ നീ ആ കുഞ്ഞിനെ നോക്കി ഇരുന്നു കരഞ്ഞതാണ്..”

“ആ പാസ്സന്ജര്‍ ലെ തലയ്ക്കു സുഖമില്ലാത്ത ആ പെണ്‍കുട്ടിയില്ലേ..നാട്ടുകാര്‍ ഡ്രൈവിംഗ് സ്കൂള്‍ എന്ന് വിളിക്കുന്ന ആ പാവത്തിന്റെ മോള്‍..! ഈ ഭ്രാന്ത് നു ഇടയില്‍ അല്പം പണവും നല്ല ആഹാരവും കണ്ടാല്‍ പിന്നെ സ്വന്തം കുഞ്ഞിനെ അങ്ങ് മറക്കും. അതിന്റെ മുകളില്‍ ഉള്ള രണ്ടു കുട്ടികളെയും ആരോ ദത്ത് എടുത്തൂ അത്രേ..ഈ പൈസ ഒരു ദൌര്‍ബല്ല്യം ആയതുകൊണ്ട് ഇങ്ങനെ ഗര്‍ഭിണി ആകാന്‍ ഒരു മടിയുമില്ല ആ പെണ്ണിന്..”

അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോള്‍ മുറ്റത്തേക്ക് ഒരു ആട്ടോ റിക്ഷ വന്നു നിന്നു.

“രാമെട്ടനാ നസീമ..ഒരു ചായ എടുത്തോളൂ..”

“അല്ല നജീബെ..സംഗതി ഈ ആഴ്ച നടക്കും. ഇതിനു മുന്‍പുള്ള ഇടപാട് ഒക്കെ ഞാന്‍ തന്നെയാ നടത്തിയത്. അത് പ്രശ്നം അല്ല..കുട്ടികള്‍ രണ്ടും അങ്ങ് തെക്ക് പോയി..ആരും ശ്രദിക്കില്ല. പക്ഷെ, നിങ്ങള്‍ അങ്ങനെ അല്ലല്ലോ..ഈ നാട്ടുകാരല്ലേ..നിലമ്പൂരില്‍ നിന്ന് കയറുന്ന എല്ലാരും കണ്ടിട്ടുള്ളത ആ കുട്ടീനെ..പോരാത്തതിന് നിങ്ങള്‍ ഈ നാട്ടുകാരും. ഒരു കുട്ടീനെ വളര്‍ത്തണം എങ്കില്‍ നജീബ് എങ്ങോട്ട് എങ്കിലും സ്ഥലം വിടണം. കുറച്ചു കാലത്തേക്ക്..”

“അതീപ്പോ..പെട്ടെന്ന്..എന്നാലും..”

“ഒരെന്നാലും ഇല്ല. ജോലി ചെയ്‌താല്‍ നമുക്ക് ജീവിക്കാം. എവടെ ആണെങ്കിലും. നിങ്ങള്‍ ആ തൃശ്ശൂരിലെ ചങ്ങാതി ജോണ്‍ നെ ഒന്ന് വിളിക്ക്...ഒരു വീട് വാടകയ്ക്ക് കിട്ടുമോ എന്ന് അന്വേഷിക്ക്..”

അവളിലെ ഭാവമാറ്റം രാമേട്ടന്‍ ആസ്വദിച്ചു.

“ഞാന്‍ ഇറങ്ങുവാ..വീട് റെഡി ആയാല്‍ ഞാനും റെഡി"
പിറ്റേന്ന് തന്നെ വീട് റെഡി ആക്കിയിട്ടു ജോണ്‍ തിരികെ വിളിച്ചു. 1750 വാടക എങ്കിലും അയാള്‍ സമ്മതിച്ചു.

പുതിയ വീടിലേക്ക്‌ ഒരു പുതിയ അതിഥി യും ഉണ്ടായിരുന്നു.

“നൂര്‍ ജഹാന്‍"

പുതിയ വീട്.പുതിയ ലോകം. അവര്‍ ജീവിച്ചു തുടങ്ങുകയായിരുന്നു. ഒപ്പം ആ  9 മാസക്കാരിയും.

കളിപ്പാട്ടങ്ങളും പുതിയ ഡ്രസ്സുകളും കൊണ്ട് ആ ചെറിയ വീട് നിറഞ്ഞു.

മുറ്റത്ത്‌ വീണ ചെറിയ കാല്പാടുകള്‍ മായച്ചു കളയാതെ ദിവസങ്ങള്‍ അവര്‍ അത് സൂക്ഷിച്ചു. പുതിയ താമസക്കാരുടെ ഈ അതി ഭാവുകത്തം നിലവിലെ അയല്‍ക്കാര്‍ക്ക് പരിഹാസം പരത്തിയെങ്കിലും അവര്‍ അതൊന്നും അറിഞ്ഞില്ല. അവര്‍ ഒന്നും ആരോടും പങ്കു വെച്ചതുമില്ല.

ഒരു മഴക്കാലം.

നാടൊട്ടുക്കും അസുഖങ്ങളുടെ വിളയാട്ടം. നൂര്‍ മോള്‍ക്കും കുളിരും മഴയും സഖിക്കാന്‍ പറ്റാതെ ആയി, പനീ ഒഴിയാതെ ആയി. ആശുപത്രിയും അസുഖങ്ങളും കൊണ്ട് പൊറുതിമുട്ടി. അവസാനം ജോണ്‍ ആണ് പറഞ്ഞത്, പനി സൂക്ഷിക്കണം..പ്രതേകിച്ചു ഇങ്ങനെ മാറാതെ ഇരിക്കുമ്പോള്‍. നമുക്ക് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് വരെ പോകാം.

അങ്ങനെ മെഡിക്കല്‍കോളേജ് ലെ പരിശോധനകള്‍ക്ക് സമയം നല്‍കി അയാളും നസീമയും പുറത്ത് വരാന്തയില്‍ ഇരിക്കുകയാണ്. പുറത്തെ കാഴ്ചകള്‍ കാണുമ്പോള്‍ നൂര്‍ ന്റെ അസുഖം എത്ര ഭേദം എന്ന് നസീമ ചോദിക്കുന്നുണ്ടായിരുന്നു.

“നൂര്‍ ജഹാന്‍ ന്റെ റിസള്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടര്‍ രമേശ്‌ ചേട്ടനെ റൂം ലേക്ക് വിളിക്കുന്നു"

നസീമയെയും കുഞ്ഞിനേയും അവിടെ ഇരുത്തിയിട്ട് അയാള്‍ ആ നഴ്സിന്റെ പുറകെ നടന്നു. അവര്‍ റിസള്‍ട്ട് എടുത്തു നല്‍കി, ഡോക്ടര്‍ ന്റെ റൂം തുറന്നു തന്നു. അയാള്‍ അകത്തേക്ക് പോവുമ്പോള്‍ ഡോക്ടര്‍ യുടെ റൂം ഉള്ളില്‍ രണ്ടു മൂന്നു സീനിയര്‍ ഡോക്ടേഴ്സ് ഉണ്ടായിരുന്നു.

“ഇരിക്കൂ..പേര്..?”

“നജീബ്.”

“താങ്കള്‍ക്കു എന്താണ് ജോലി..?”

“അടുത്ത് ഒരു പ്ലൈ വുഡ് കമ്പനിയില്‍ പണിക്കു പോവുന്നു സര്‍..”

“ഉം..എല്ലാം ഒരു സംശയം മാത്രം ആണ്.. മോള്‍ക്ക്‌ മറ്റു അസുഖം ഒന്നുമില്ല. പക്ഷെ സംശയിക്കുന്നത് ഒരു വലിയ സംശയം ആണ്. പക്ഷെ അത് പറയും മുന്‍പ് നജീബ് എന്നോട് എല്ലാം തുറന്നു പറയണം.”

അയാള്‍ക്ക്‌ താന്‍ ഇരിക്കുന്നത് ഒരു കസേരയിലോ അതോ പൊള്ളുന്ന ഒരു വറചട്ടിയില്‍ ആണോ എന്ന് തോന്നി..എന്താവും എല്ലാം തുറന്നു പറയണം എന്ന് ഉദ്ദേശിക്കുന്നത്..!! ഇത് എന്റെ മകള്‍ അല്ല എന്ന് അറിഞ്ഞാല്‍..വേണ്ട..ആരും ഒന്നും അറിയണ്ട...നൂര്‍ എന്റെ മകള്‍ തന്നെ..അയാള്‍ മാനസികമായി ഒരുങ്ങി.

“നജീബ്..താങ്കളുടെ വ്യക്തി ജീവിതം എങ്ങനെ..കുടിക്കുമോ..?”

“ഇല്ല..ഒരു സിഗാര്‍ പോലും വലിക്കില്ല..”

“അപ്പൊ സ്ത്രീകളോട്..ആ വിഷയത്തില്‍..?”

അയാള്‍ക്ക് ആ ചോദ്യം കേട്ടിട്ട് നാണം തോന്നി...”ഒരിക്കലും ഇല്ല..എനിക്ക് 17 വര്‍ഷമായി ഒരു ഭാര്യ ഉണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ജീവിതത്തില്‍ രണ്ടു പേരെ ഉള്ളൂ..എന്റെ ഉമ്മയും എന്റെ നസീമയും..!!”

ആ സമയത്ത് മറ്റു രണ്ടു ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് യില്‍ എന്തോ സംസാരിച്ചു..നജീബ് നു അത് മനസ്സിലായില്ല.

“എപ്പോഴെങ്കിലും താങ്കള്‍ക്കു രക്തം മാറ്റി നല്‍കിയിട്ടുണ്ടോ..? നിങ്ങള്‍ക്കോ ഭാര്യക്കോ മറ്റോ...അങ്ങനെ എന്തേലും സാഹചര്യത്തില്‍..ഉദാഹരണം..നൂര്‍ ജഹാനെ താങ്കളുടെ ഭാര്യ പ്രസവിക്കുമ്പോള്‍ മറ്റോ..സര്‍ജറി എന്നല്ലേ ഫയലില്‍ എഴുതിയത്..?”

“ഇല്ല..സര്‍...എന്താണ്...ഇനി കാര്യം എന്നോട് പറയൂ..എന്തെങ്കിലും അസുഖം ഉണ്ടോ എന്റെ കുഞ്ഞിനു...ഞാന്‍ എന്ത് കേട്ടാലും സഹിക്കാന്‍ തയാര്‍ ആണ്...പറയൂ..”

ആരും ഒന്നും പറഞ്ഞില്ല.

“നജീബ് അല്‍പനേരം പുറത്തേക്ക് നില്‍ക്കുമോ...ഞാന്‍ വിളിക്കാം"

അയാള്‍ പുറത്തേക്കു ഇറങ്ങുമ്പോള്‍..നഴ്സിംഗ് സ്ടാഫിലെ പാതി ആളുകള്‍ക്കും അയാളെ കാണുമ്പോള്‍ ഒരു പരിഹാസ ഭാവം. ചിലര്‍ ഉറക്കെ കേള്‍ക്കാന്‍ എന്ന വണ്ണം “വരുത്തിവെച്ചിട്ടു  കൂസല്‍ ഇല്ലാതെ നില്‍ക്കുന്നത് കണ്ടില്ലേ..ആ കുഞ്ഞു എന്ത് പിഴച്ചു....”

അല്പം സ്വല്പം ഒക്കെ കേട്ട് കൊണ്ടാവും നസീമ അടുത്തേക്ക് ഓടി വന്നു.

“എന്താ ഇക്കാ നമ്മുടെ കുഞ്ഞിനു...ഇവര്‍ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത്?”

അയാള്‍ ആ കുഞ്ഞിനെ തന്നെ നോക്കുകയായിരുന്നു.

“നജീബ്...വരൂ..നിങ്ങളില്‍ നിന്നും താങ്കളുടെ ഭാര്യയില്‍ നിന്നുമൊക്കെ എടുത്ത സാമ്പിള്‍ പരിശോദിച്ചു...ഒപ്പം കുഞ്ഞിന്റെയും..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. അതാണ്‌ ഇത്രയും സമയം എടുക്കുന്നത്...എന്റെ ഒരു മറുപടിക്ക്..!”

“എന്താണ് സര്‍...പറയൂ..”

“മോള്‍ടെ രക്ത സാമ്പിള്‍ യില്‍ HIV + ആണ്. പക്ഷെ നിങ്ങളില്‍ കാണുന്നില്ല. അത് ഒരിക്കലും സംഭവ്യം അല്ല. ഇത് നിങ്ങള്‍ടെ കുട്ടി ആണല്ലോ..പിന്നെ കുട്ടിക്ക് മാത്രം എങ്ങനെ ഈ രോഗം ഉണ്ടാവും. നിങ്ങള്‍ പറയുന്നു, കുഞ്ഞിന്റെ പിറവിക്കു ശേഷം ഇത്രയും സങ്കീര്‍ണമായ ഒരു അസുഖ കാലം ഇപ്പോള്‍ ആണെന്ന്..മനസ്സിലാവുന്നില്ല..നജീബ്.  ഏതായാലും നിങ്ങള്‍ടെ സാമ്പിള്‍ എടുക്കുകയാണ്, ഒരു വിശദ പരിശോധന വേണം.”

ഡോക്ടര്‍ നടന്നു നീങ്ങുമ്പോള്‍ വീഴാതെ ഇരിക്കാന്‍ അയാള്‍ പണിപ്പെട്ടു. ഭിത്തിയോട് ചേര്‍ന്ന് ചാരി ഇരുന്നു. ആ അവസ്ഥ കണ്ടിട്ട് നസീമ ഓടി വന്നു. അവളെ നോക്കി അയാള്‍ പൊട്ടി കരഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെ കരഞ്ഞു കണ്ടിട്ടില്ലാത്ത അയാളുടെ മുഖം കണ്ടു നസീമയും തകര്‍ന്നു പോയി. പിന്നെ അവിടെ നടന്നത് എല്ലാം നിയന്ത്രണം ഇല്ലാത്ത ചില കാര്യങ്ങള്‍..!

നഴ്സിംഗ് സ്ടാഫിലെ ആരോ ഒരാള്‍ ഒരു ചാനല്‍ സുഹൃത്തിനെ വിളിച്ചു പറഞ്ഞു. നെറി ഇല്ലാത്ത പത്ര പ്രവര്‍ത്തനം നടക്കുന്ന കാലം അല്ലെ..ആദ്യം രണ്ടു വരി ഫ്ലാഷ് ന്യൂസില്‍ തുടങ്ങിയ ഒരു തെറ്റ്...രണ്ടു മണിക്കൂര്‍ ഉള്ളില്‍ കേരളം മുഴുവന്‍ അറിഞ്ഞു. 9 വയസുകാരിയിലെ എയിഡ്സ് ബാധ, മാതാ പിതാക്കളിലെ ആ രോഗ ബാധയെ ചൊല്ലി ഉള്ള അനിശ്ചിതാവസ്ഥ ...എല്ലാം അവസാനിക്കുമ്പോള്‍ ആശുപത്രിയിലെ ആയിരങ്ങള്‍ക്ക് നടുവിലെ അഭിനേതാക്കള്‍ ആയി മാറി നജീബും നസീമയും നൂര്‍ ജഹാനും.

അന്ന് രാത്രി ആശുപത്രിയില്‍ നിന്ന് സത്യത്തില്‍ രക്ഷപെടുകയായിരുന്നു. ഒരു ആട്ടോ റിക്ഷക്കാരന്‍ പോലും സഹായത്തിനു വന്നില്ല. കാണുന്നവര്‍ക്ക് എല്ലാം പുച്ഛം.

കിട്ടിയ ബസ്സിനു വീട് എത്തുമ്പോള്‍ വീടിനു മുന്നില്‍ വാരി വലിച്ചു ഇട്ടിരിക്കുന്ന സാധനങ്ങള്‍.

“പ്ഫൂ..ഒരു വാക്ക് പറയാമായിരുന്നു. എന്നെയും കൂടി നാണം കെടുത്തി...എവടെ എങ്കിലും പോയി ചാക്..”

അത്യാവശ്യം ഉള്ള സാധനങ്ങള്‍ വാരി കെട്ടി കുഞ്ഞിനേം എടുത്ത് ആ പെരുമഴയത്ത് നടന്നു നീങ്ങുമ്പോള്‍ നജീബ് ന്റെ മനസ്സില്‍ ഒരു വഴിയും തെളിഞ്ഞു വന്നില്ല..ഭ്രാന്തമായി മുന്നോട്ടു നീങ്ങി. അര്‍ദ്ധരാത്രി യില്‍ ഏതോ ഒരു ബസ്സിനു കൈ കാട്ടി. തൊട്ടു അടുത്ത ബസ്സ്‌ സ്റെഷനില്‍ ഇറക്കി വിടൂ എന്ന് മാത്രം പറഞ്ഞു. മഴ നനഞ്ഞ ആ കോലം കണ്ടു ആരും തിരിച്ചു അറിഞ്ഞില്ല.

രാത്രിയിലെ യാത്രകള്‍ക്ക് ഒടുവില്‍..അരീക്കോട് യില്‍ വണ്ടി എത്തി.രാത്രി വണ്ടി ഇറങ്ങുമ്പോള്‍ ഒരു തമിഴ് നാട് റെജിസ്ട്രേഷന്‍ ജീപ്പ് ആളിനെ എടുക്കുന്നു. ഭാഗ്യം മഴക്കോലവും രാത്രിയും ആരും തിരിച്ചു അറിഞ്ഞില്ല. പ്രതേകിച്ചു ആരും കയറിയില്ല.രണ്ടു മൂന്നു പേര്‍ മാത്രം.ഒരാള്‍ക്ക്‌ ഇടവണ്ണ യില്‍ ഇറങ്ങണം.

“എങ്കെ അണ്ണാ... പോണം..?”

“മമ്പാട്..മമ്പാട്..അവടെ ..വരെ അല്ലെ എനിക്ക് പോവാന്‍ പറ്റൂ”
“..ആമാണ...”

കുഞ്ഞിനു നല്ല അസുഖം ഉണ്ടായിരുന്നു. ഉണ്ടായിരുന്ന തുണി എല്ലാം എടുത്തു പൊതിഞ്ഞു. നസീമ അവളെ ചേര്‍ത്ത് പിടിച്ചു..!

ജീപ്പ് അതിന്റെ വേഗതയില്‍ നീങ്ങുകയാണ്.

സമയം നാല് ആയിട്ടുണ്ട്‌. മമ്പാട് ഇറങ്ങുമ്പോള്‍..!

“പത്ത് പതിനാറു കിലോമീറ്റര്‍ ഉണ്ട്..ഇനി ഏതു വണ്ടി കാത്തു നില്‍ക്കാന്‍...നടക്കാം നമുക്ക്..ഇടയ്ക്കു ഏതെങ്കിലും വണ്ടിക്കു കൈ കാണിക്കാം...കിട്ടിയാല്‍ ഭാഗ്യം.”

അവര്‍ നടന്നു. ഇടയ്ക്കു ഒരു ലോറി ക്ക് കൈ കാട്ടി. ഒരു തമിഴ് നാട് വണ്ടി. കോഴി കൊണ്ട് പോവുന്ന വണ്ടി. നല്ല നാറ്റം ഉണ്ടെങ്കിലും സഹിച്ചു. ഒരു ആശ്വാസം പോലെ അപ്പോള്‍ തോന്നി.

പഴയ വീട്ടില്‍ എത്തുമ്പോള്‍ സമയം അഞ്ചര. രാവിലെ ആള്‍ പെരുമാറ്റം ഇല്ലാത്ത വീട്ടില്‍ ആള്‍ അനക്കം കണ്ടിട്ടാവും പതിയെ പതിയെ ആളുകള്‍ ചുറ്റും കൂടി. ഒരു മണിക്കൂര്‍ നു ഉള്ളില്‍ ആ നാട്ടിലെ ഒട്ടുമിക്ക വീട്ടില്‍ നിന്നും ആളുകള്‍ കൂട്ടം കൂടി വന്നു. ഒരു കാഴ്ചക്കാരെ പോലെ നജീബും നസീമയും മോളും.
പിന്നെ പിന്നെ ബഹളം ആയി. മാരക അസുഖം ഉള്ളവര്‍ ഈ നാട്ടില്‍ വേണ്ട എന്നായി. പിന്നെ തെറി വിളികള്‍ ആയി..അല്പം കൂടി കഴിഞ്ഞപ്പോള്‍ വലിയ കല്ലുകള്‍ വീട്ടില്‍ വന്നു വീഴാന്‍ തുടങ്ങി. നസീമ അയാളോട് ചേര്‍ന്ന് നിന്നു. മോള്‍ ഭയന്ന് പൊട്ടികരഞ്ഞു.

“നമുക്ക് മരിക്കാം ഇക്ക?”

“ഇവിടെ നിന്നാല്‍ ഇവര്‍ എല്ലാം കൂടി നമ്മളെ ഇഞ്ചിഞ്ചായി കൊല്ലും.”

“വേണ്ട നമുക്ക്..രക്ഷപെടാം..നമ്മുടെ മോള്‍ക്ക്‌ അല്ലാഹ് ഒന്നും വരുത്തില്ല. ആരും ശല്യം ഉണ്ടാക്കാത്ത ഒരു സ്ഥലത്ത് നമുക്ക് പോവാം..വരൂ...എനിക്കൊപ്പം വരൂ...ഭയക്കാതെ..”

വന്നത് പോലെ അവര്‍...അതെ വേഷത്തില്‍...ഒന്നും കരുതലില്ലാതെ പുറത്തേക്ക് ഇറങ്ങി..ആരവത്തോടെ ഒപ്പം ആ പഴയ നാട്ടുകാരും..

“എങ്ങോട്ട്..ഇക്കാ...പറയൂ...ഇവര്‍ ഇങ്ങനെ നമുക്ക് ഒപ്പം വന്നാല്‍..”

“ആദ്യം നമുക്ക് റെയില്‍വേ സ്റെഷനിലോട്ടു തന്നെ പോകാം..വരൂ..”

“സി.കെ വുഡ് മില്‍ കഴിഞ്ഞാല്‍  പാടം..അത് കഴിഞ്ഞാല്‍ പാളമായി. വേഗം വരൂ..”

അവരുടെ വേഗതക്ക് ഒപ്പം നാട്ടുകാരും ഒപ്പം നീങ്ങി. അവര്‍ക്ക് അതൊരു രസം ആയിരുന്നു. മനുഷ്യന്റെ വന്യത വെളിപ്പെടുന്ന ചില നിമിഷങ്ങള്‍. ഇടയ്ക്കു ആരോ കല്ല്‌ എറിഞ്ഞു. പിന്നെ കല്ലേറ് തന്നെ ആയിരുന്നു. പിന്നെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടം. പാടത്തെ ചെളിയില്‍ പല തവണ തെന്നി വീണു. തലയും നെറ്റിയും ഒക്കെ ചോര കൊണ്ട് നിറഞ്ഞു. എന്നിട്ടും ജീവിക്കാനുള്ള കൊതി കൊണ്ട് ഓടി..അവസാനം പാളത്തിലേക്ക്..പിന്നെ വലതു ഭാഗത്തേക്ക് ഓടി. നസീമയെ ഇടയ്ക്കു താങ്ങി കൊണ്ട്. മുഖം ചോര കൊണ്ട് നിറഞ്ഞു..കല്ലുകള്‍ എവടെ ഒക്കെ വീണൂ എന്നറിയാന്‍ കഴിയാതെ..ഇടയ്ക്കു തളര്‍ന്നു പാളത്തിലേക്ക്..ചെവിയിലേക്ക് പിന്നാലെ വരുന്ന ഒരു ആരവം..കണ്ണുകള്‍ തുറക്കുമ്പോള്‍ മുഖത്തേക്ക് ഇറ്റ് വീഴുന്ന നസീമയുടെ രക്ത തുള്ളികള്‍..മിന്നിമാഞ്ഞു പോവുന്ന നൂര്‍ ന്റെ മുഖം..തളര്‍ന്നു അവിടെ തന്നെ കിടന്നു..ആരവം കൂടി വന്നു..ഒപ്പം ചെവിയിലേക്ക് പ്രകമ്പനം കൊളുത്തി..നിലമ്പൂര്‍ -എറണാകുളം പാസ്സഞ്ചര്‍ ശബ്ദവും...!

4 comments:

undekkadavan.blogspot.com said...

നന്നായിട്ടുണ്ട് ഷാ............

undekkadavan.blogspot.com said...

നന്നായിട്ടുണ്ട് ഷാ............

മനോജ്.എം.ഹരിഗീതപുരം said...

priya sha nannayittundu ella bhavukangalum nerunnu

jithin ambuja said...

ikka sorry ennannu vaykkan kazhinjathu vallare vallare nannayittundu