മഴത്തുള്ളി പോലെ ഒരു പെണ്‍ കുട്ടി

"ഇനിയിപ്പോ എന്നാണ്‌ സാര്‍ ഈ വഴിക്കൊക്കെ ഒന്നു വരിക.."

റെയില്‍ വെ സ്റ്റേഷനിലെ തിരക്കുകള്‍ നോക്കി നില്‍ക്കുന്നതിനിടയില്‍ യാത്രയാക്കുവാനെത്തിയ സ്കൂളിലെ പീയൂണ്‍ ദാമോദരേട്ടന്റെ ചോദ്യം എന്നെ വീണ്ടും ഒറ്റപ്പാലത്തിലെ ഓര്‍മ്മകളിലേക്ക്‌ കൊണ്ടുവന്നു.

നീണ്ട അഞ്ച്‌ വര്‍ഷങ്ങള്‍. ഡ്രോയിംഗ്‌ അധ്യാപനം, കലാ മല്‍സരങ്ങളുടെ കോര്‍ഡിനേഷന്‍..അങ്ങനെ എന്തൊക്കെ ബന്ധങ്ങള്‍ ആയിരുന്നു സ്കൂളും നാട്ടുകാരും ഒക്കെ ആയിട്ട്‌...

ഇനി സ്കൂള്‍ വിട്ട്‌ വീട്ടില്‍ വന്നുകിടന്നുറങ്ങാം എന്ന ആശ്വാസം മാത്രം.

"ഈ വളഞ്ഞവട്ടം എന്ന സ്ഥലം ഹരിപ്പാട്‌ നിന്ന് എന്ത്‌ ദൂരം വരും മാഷെ.."

ദാമോദരേട്ടന്റെ അടുത്ത സംശയം..!

ഹരിപ്പാട്‌ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ മനസ്സിനാകെ ഒരു ഉണര്‍വ്വ്‌....ഇനി സ്വന്തം നാട്ടുകാരെയും കണ്ട്‌ അമ്മയുടെ പുളിശ്ശേരിയും കൂട്ടി ഇനിയുള്ള കാലം ഇവിടെയൊക്കെ തന്നെ കൂടാമല്ലോ....

"പ്രവീണേട്ടന്‍ എന്താ കൂടും കുടുക്കയുമൊക്കെ ആയ്‌....ഞാന്‍ അറിഞ്ഞൂട്ടോ...സ്ഥലം മാറ്റം ആയില്ലേ....അമ്മായ്‌ പറഞ്ഞിരുന്നു.."

രേവൂ..എന്റെ മുറപ്പെണ്ണ്‍..ബി.എഡിനു പഠിക്കുന്നു.ഒരു തലതെറിച്ച പെണ്ണ്‍..!

"എന്നാ ഇനി വളഞ്ഞവട്ടത്തിനു പോയിതുടങ്ങുന്നേ..നമുക്ക്‌ ഒരുമിച്ച്‌ പോവാം..ഞാന്‍ തിരുവല്ല യിലാ പഠിക്കുന്നെ.."

തിങ്കളാഴ്ച്ച രാവിലെ തന്നെ ഉണര്‍ന്ന് പാതിരം കുളങ്ങര ക്ഷേത്രത്തില്‍ പോയ്‌ കുളിച്ച്‌ തൊഴുത്‌ മാവേലിക്കര വഴിയുള്ള ബസ്സില്‍ കയറി യാത്ര തുടങ്ങി...

പഠിക്കുന്ന കാലത്തെ കാഴ്ചകള്‍, ഓര്‍മ്മകള്‍ എല്ലാം ഒരിക്കല്‍ കൂടി മനസ്സിലേക്ക്‌ ഓടി വന്നു...പുതിയ മാവേലിക്കര ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ വണ്ടി ഒന്നു തിരിഞ്ഞപ്പോള്‍ ഇടത്‌ ഭാഗത്ത്‌ പൊട്ടി പൊളിയാന്‍ തുടങ്ങുന്ന പഴയ സ്റ്റാന്‍ഡിന്റെ തൂണുകള്‍ കണ്ട്‌ മനസ്സ്‌ ഒന്നു തേങ്ങി...എത്ര മഴക്കാലങ്ങള്‍ ആണ്‌ എന്നെ നനയിപ്പിക്കാതെ ഈ മേല്‍ക്കൂരകള്‍ സംരക്ഷിച്ചു നിര്‍ത്തിയിട്ടുള്ളത്‌..!

കയ്യില്‍ ചെറിയ നനവോടെയുള്ള ചൂട്‌ കരസ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ താഴേക്ക്‌ നോക്കി...ഒരു ചെറിയ നാടോടി പെണ്‍കുട്ടി..

"അണ്ണാ...കൊഞ്ചം പൈസ കൊടണ്ണാ.. പശിക്കുന്നണ്ണാ.."

അവളുടെ ഒരു വേറിട്ട നിഷ്കളങ്കത എന്നെ ആകര്‍ഷിച്ചു...ഒരു പതിമൂന്ന് വയസ്സുണ്ടാവും..എന്നാലും ഒരു ബാല്ല്യഭാവം വിട്ടുപോകാത്ത മുഖം.

ഞാന്‍ കയ്യിലുണ്ടായിരുന്ന രണ്ട്‌ രൂപ അവള്‍ക്ക്‌ കൊടുത്തു. സന്തോഷത്തിന്റെ ഒരു ചിരി എനിക്ക്‌ സമ്മാനിച്ചിട്ട്‌ അവള്‍ നടന്ന് തൊട്ടടുത്ത ബസ്സിനരികിലേക്ക്‌ പോയ്‌.

അന്ന് വൈകിട്ടും ഞാന്‍ മടങ്ങിവന്ന ബസ്സില്‍ പതിവു പിരിവിനായ്‌ അവള്‍ വന്നു... എന്തോ എന്റരികില്‍ വരാതെ നടന്ന് പോകുന്നതിനിടയില്‍ ചുമ്മാ ഒന്നു ഒളിച്ചു നോക്കിയിട്ടു നടന്നു തിരക്കുകള്‍ക്കിടയില്‍ മറഞ്ഞു.

പിറ്റേന്നും അവള്‍ പതിവ്‌ പിരിവിനെത്തി.. എന്നോട്‌ എന്തോ അവള്‍ ഒരു ശല്ല്യമായ്‌ പെരുമാറിയില്ല...എന്നാലും ഒരു രൂപ എടുത്ത്‌ ഞാന്‍ അവള്‍ക്ക്‌ നീട്ടി.. സന്തോഷത്തോടെ അവള്‍ അത്‌ വാങ്ങി ഒരു നല്ല ചിരി സമ്മാനിച്ചിട്ടു നടന്ന് മറഞ്ഞു.

പിന്നെയുള്ള ദിവസങ്ങളില്‍ ഇതൊരു പതിവായ്‌. എനിക്കെന്തോ ആ കുട്ടിയോട്‌ എനിക്കറിയാത്ത ഒരുതരം വാല്‍സല്ല്യം തോന്നി. ചിലപ്പോള്‍ അവള്‍ എനിക്കടുത്തുകൂടി പോവുമ്പോള്‍ ഞാന്‍ അവളോട്‌ എനിക്കറിയാവുന്ന തമിഴില്‍ അവളോട്‌ എന്തെങ്കിലും ഒക്കെചോദിക്കും...മുത്ത്‌ പൊഴിയുന്നതു പോലെയുള്ള ചിരി കാണുമ്പോള്‍ ഇതുപോലെ ഒരു കുഞ്ഞനുജത്തി എനിക്കും ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നും...

ഞങ്ങളുടെ ഈ ബന്ധങ്ങള്‍ ഈര്‍ഷ്യയോടെ ചിലര്‍ വീക്ഷിച്ചിരുന്നത്‌ ഞാന്‍ പലപ്പോഴും ശ്രദ്ദിച്ചിരുന്നെങ്കിലും ഏതാണ്ട്‌ ഒരു മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിലര്‍ ഒരുതരം പരസ്യമായ്‌ കളിയാക്കലിലേക്ക്‌ വരെ വന്നു...പിന്നെ നമ്മുടെ നാടല്ലെ...ഏറ്റുപിടിച്ച്‌ ഏറ്റുപിടിച്ച്‌ എന്റെ സ്കൂളില്‍ വരെ ആയ്‌... ഡ്രോയിംഗ്‌ മാഷ്ക്കു തമിഴ്‌ പെണ്ണിനോട്‌ എന്തൊ ഉണ്ടത്രെ..!!

വലിയ കോലാഹലങ്ങള്‍ ഒന്നും ആവണ്ടാ എന്നു കരുതി സ്കൂളിലും അറിഞ്ഞതിനു ശേഷം യാത്ര പിന്നെ എന്റെ പഴയ ഹീറോ ഹോണ്ടായില്‍ ആക്കി. മാവേലിക്കര ഭാഗത്ത്‌ പോലും പോകാതെ ഹരിപ്പാട്നിന്നു വീയപുരം വഴി കുട്ടനാടന്‍ വയലേലകള്‍ക്കിടയിലൂടെ സുന്ദരമായ യാത്ര

എന്റെ മനസ്സിനുള്ളില്‍ നിന്ന് പിന്നെ ആ കുട്ടിയും ഞങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളും ഒക്കെ മറന്ന് തുടങ്ങി...പിന്നെ ഏതാണ്ട്‌ പതിനൊന്നു മാസങ്ങള്‍ക്കിടയില്‍ ഞാന്‍ ബസ്സിലേറി മാവേലിക്കര ഭാഗത്തേക്കു പോയിരുന്നില്ല...

ഓഫിസിലെ സൂപ്രണ്ടിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിനു ശേഷം ഒരു ജീപ്പില്‍ കയറി മാവേലിക്കരയില്‍ വന്നിറങ്ങുമ്പോള്‍ സമയം വൈകിട്ട്‌ ആറ്‌.. നല്ല മഴയും...! ഒരു വിധത്തില്‍ നടന്ന് പഴയ ബസ്‌ സ്റ്റാണ്ടിനരികിലെത്തുമ്പോഴെക്കും അതിഭയങ്കര മഴ..! മഴകൊള്ളാതെ പഴയ സ്റ്റാന്റിലെ പൊളിയാത്ത ഭാഗത്തേക്ക്‌ ഒഴിഞ്ഞു നിന്നു.

എനിക്കൊപ്പം അന്തിക്ക്‌ ഒന്നു തല ചായ്ക്കാന്‍ പതിവായെത്തുന്ന കുറച്ച്‌ നാടോടികള്‍ ആയ വ്യദ്ധര്‍... മഴയുടെ കാഠിന്യം കൂടി വരുകയായിരുന്നു. പെട്ടെന്നു ആ സ്റ്റാന്റിന്റെ വടക്ക്‌ ഭാഗത്തു അസാധാരണം ആയ ഒരു ശബ്ദം കേട്ടു...വല്ല നായയോ മറ്റോ ആവും എന്നു കരുതി കുറച്ച്‌ നേരം അങ്ങനെ നിന്നു...പിന്നെ എന്തൊ പന്തികേട്‌ പോലെ തോന്നി ഞാന്‍ പൊട്ടി പൊളിഞ്ഞ അകത്തെ ഭാഗത്തേക്ക്‌ നോക്കി....

ഒരു നിമിഷം ഞാന്‍ അലറിക്കൊണ്ട്‌ പിന്നിലേക്ക്‌ മാറി...എനിക്ക്‌ താങ്ങുവാന്‍ കഴിയുന്നതിനും മേലെ ആയിരുന്നു ആ കാഴ്ച....

ഞാന്‍ എന്റെ കൂടെപ്പിറപ്പ്‌ ആക്കുവാന്‍ പോലും ആഗ്രഹിച്ചുപോയ എന്റെ ആ പാവം പെണ്ണ്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നു. അവള്‍ അപ്പോള്‍ നഗ്നയാണ്‌..! അവളുടെ തുടകള്‍ക്കിടയില്‍ കോരിച്ചൊരിയുന്ന മഴവെള്ളത്തില്‍ നനഞ്ഞൊട്ടി ഒരു ചോരക്കുഞ്ഞ്‌..!

ഞാന്‍ അടുത്ത്‌ ചെന്നു ആ കുഞ്ഞിനെ എന്നോട്‌ ചേര്‍ത്ത്‌ പിടിച്ചു...ഒപ്പം ആ കുഞ്ഞിന്റെ അമ്മക്ക്‌ ജീവന്റെ എന്തെങ്കിലും തുടിപ്പുണ്ടൊ എന്ന് വലിയ ആഗ്രഹത്തോടെ നോക്കി...

പിന്നെ ആ കുഞ്ഞിനെയും കൊണ്ട്‌ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക്‌ ഒരു ഓട്ടം ആയിരുന്നു..പിന്നെ ഞാന്‍ എന്തൊക്കെയാണ്‌ ചെയ്തതു...എന്തൊക്കെയാണ്‌ പറഞ്ഞത്‌ എന്നൊന്നും അറിയാത്ത ഒരു തരം ഭ്രാന്തമായ അവസ്ഥ..!

രാത്രിമുഴുവന്‍ പോലിസുകാര്‍ക്ക്‌ വേണ്ടിയുള്ള വിശധീകരണങ്ങള്‍..പത്രക്കാര്‍ക്ക്‌ വേണ്ടത്‌..അങ്ങനെ അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങള്‍...!

പിഞ്ച്കുഞ്ഞിന്റെ ജീവന്‍ ഒന്ന് നിലനിന്ന് കാണണം എന്നൊരൊറ്റ പ്രാര്‍ത്ഥനമാത്രം ആയിരുന്നു എന്റെ മനസ്സില്‍... ഒരു ആഴ്ച മുഴുവന്‍ ആ ഹോസ്പിറ്റലിന്റെ പ്രത്യേക വാര്‍ഡില്‍ കിടന്നു.. ഒരുപാട്‌ വാര്‍ത്തകള്‍ സൃഷ്ഠിച്ചകുഞ്ഞായത്‌ കൊണ്ട്‌ തിരുവനന്തപുരത്തെ അനാധകുട്ടികളെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക്‌ കുഞ്ഞിനെ കൊണ്ട്പോയ്‌.

എനിക്കൊപ്പം പിറക്കാതെപോയ എന്റെ കൂടപ്പിറപ്പിന്റെ കുഞ്ഞിനെ ഒന്നു കാണുവാന്‍ ഉള്ള കൊതി കൊണ്ട്‌ പിറ്റേന്ന് ഞാന്‍ തിരുവനന്തപുരത്തിനു ബസ്സ്‌ കയറി.... ചാനലിലും പത്രങ്ങളിലും കുഞ്ഞിനൊപ്പം ഞാനും ഒരു കഥാപാത്രം ആയത്കൊണ്ട്‌ എങ്ങും മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായില്ല. ഗ്ലാസ്സുകള്‍ ഇട്ട ആശുപത്രിയുടെ ഒരു ഭാഗത്തുനിന്നു എന്നെ അങ്ങോട്ട്‌ കൂട്ടികൊണ്ട്പോയ ഡ്യൂട്ടി ഡോക്ടര്‍ ആ കുഞ്ഞിനെ കാണിച്ചു തരുമ്പോള്‍ എന്റെ കണ്ണില്‍ നിന്നു ഞാന്‍ അറിയാതെ ഉറവയിട്ട്‌ തുടങ്ങിയ കണ്ണീര്‍.....ആ കണ്ണീരിലൂടെ കണ്ട ആ കുഞ്ഞിന്റെ കാഴ്ച്ച എനിക്കു തോന്നിയത്‌ ഒരു മഴത്തുള്ളി പോലെയാണ്‌......മഴത്തുള്ളി പോലെ ഒരു സുന്ദരിയായ പെണ്‍കുട്ടി..!

Comments

മഴത്തുള്ളിപോലൊരു പെണ്‍കുട്ടി... അതി മനോഹരമായ കഥ!! ഹൃദയത്തില്‍ നിന്നുമൊഴുകിയതു തന്നെ...വളരെ ഇഷ്ടപ്പെട്ടു.
എന്താ പറയുക മാഷെ. നന്മ നിറഞ്ഞ മനസ്സിനു മുന്നില്‍ തലകുനിക്കുന്നു അത്രമാത്രം.

ബൂലോകത്തേക്ക് സ്വാഗതം (പിന്മൊഴി സെറ്റ് ചെയ്തിട്ടുണ്ടോ?)
Shah Haripad said…
കുറുമാനും സ്വപ്നാടകനും എന്റെ ഭാവുകങ്ങള്‍..! കുറുമാനെ...നമ്മള്‍ ഒരേ മേഖലയിലാണല്ലോ വിരാജിക്കുന്നത്‌..! കുറച്ച്കൂടി നമുക്ക്‌ അടുത്തറിയാം..?

ഞാന്‍ തിരുപ്പൂരാണ്‌ ജോലി ചെയ്യുന്നത്‌..! എന്റെ റ്റെലിഫോണ്‍ നംബര്‍ പ്രൊഫെയിലില്‍ ഉണ്ട്‌..! ഇ-മെയില്‍ ഐ.ഡി യിലും ബന്ധപ്പെടാം....

സ്നേഹത്തോടെ

ഷാ

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

പാസ്സഞ്ചര്‍

ദര്‍ഭയും തെറ്റിപൂക്കളും