Thursday, April 12, 2007

യാത്ര...

ഇത്‌ ഞാന്‍..യദുകൃഷ്ണന്‍
-----------------------
ഞാന്‍ പറഞ്ഞുവല്ലോ...ഞാന്‍ യദു. വയസ്സ്‌ ഇരുപത്തിയേഴ്‌. ഇപ്പോള്‍ വസിക്കുന്നത്‌ റിയാദില്‍. സ്വദേശം ഹരിപ്പാട്‌. ഇതെന്റെ കഥയാണു്..എന്റെ മാത്രമല്ല, എന്റെ മകന്‍ ഫിറോസിന്റെയും.

ഫിറോസ്‌
--------
ഫിറോസ്‌ ഇപ്പോള്‍ റിയാദില്‍ ഇന്‍ഡ്യന്‍ സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. എന്റെ എല്ലാമെല്ലാമായ ഫിറോസ്‌ പഠിക്കാന്‍ ബഹുമിടുക്കനാണ്‌.

മീര
---
ഇതു മീര..എന്റെ മാത്രം മീര. ഇപ്പോള്‍ ഡല്‍ ഹിയില്‍ അച്ചനും അമ്മക്കുമൊപ്പം. സി.എന്‍.എന്‍.ഐ.ബി.എന്‍ സ്റ്റുഡിയൊവില്‍ എഡിറ്റ്‌ ഡെസ്ക്കിലെ ഒരംഗം. ഈ വര്‍ഷം ഞാന്‍ അവളെ കെട്ടും..ഇല്ലെങ്കില്‍ അവള്‍ എന്നെ കെട്ടും...!!

*************************** ********************* **************

ഇനി ഞാന്‍ എന്റെ കഥയിലേക്ക്‌ ഒന്നു നടന്നോട്ടെ... ഇപ്പോള്‍ ഞാന്‍ റിയാദില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു യാത്രയിലാണ്‌. സീറ്റിന്റെ തൊട്ടു മുകളില്‍ ഉള്ള എല്‍.സി. ഡി മോണിറ്ററിന്റെ ഒരു വശത്ത്‌ കൊച്ചി ഇനിയും 3000 മൈ ല്‍ അകലെ എന്ന് ഓര്‍മ്മിപ്പിക്കുന്നു. നാലു വര്‍ഷത്തിനു ശേഷം ഉള്ള നാടുകാണല്‍.

മനസ്സിലേക്ക്‌ നൂറു നൂറു ഓര്‍മ്മകള്‍ ഓളം തല്ലിയെത്തുന്നു. കഷ്ഠപ്പാടിന്റെ നാളുകള്‍, അമ്മയുടെ കരഞ്ഞ കണ്ണുകള്‍..എരിഞ്ഞു തീരാതെ എനിക്കു വേണ്ടി കാത്തിരുന്ന അച്ചന്റെ ചിത...ഓര്‍മകള്‍ക്ക്‌ പതിവിലേറെ വേഗതയോ എന്നു തോന്നിപോയ്‌..!

കുറെ നാളത്തെ മുംബയ്‌ വാസം...പൂനയിലെ ചേരിയിലെ അംബിക ചേച്ചിയുടെ ഡ്രൈവര്‍ ജോലി...പിന്നെ സര്‍ദാര്‍ജിയുടെ കണക്കപ്പിള്ള...പിന്നെ എന്നെ തന്നെ മാറ്റിയ റഹ്‌ മാന്‍ ഇക്ക..


റഹ്മാന്‍ ഇക്കയാണ്‌ ഇപ്പോഴത്തെ ദൈവം. ഒരു എത്തും പിടിയും ഇല്ലാതെ വെറുതെ ജീവിച്ചു തീര്‍ത്ത ജീവിതത്തിനു ഒരു മേല്‍ വിലാസം തന്ന ഇക്ക.

ഇപ്പോള്‍ റിയാദിലെ റഹ്‌ മാനിക്കയുടെ സാമ്രാജ്യതിനു ഞാന്‍ ആണ്‌ എല്ലാമെല്ലാം..!

ഞാന്‍ ഫിറോസിനെ പറ്റി ഒന്നും പറഞ്ഞില്ല അല്ലേ... പറയാം..!

ഒരു ആറുവര്‍ഷത്തിന്‌ മുമ്പുള്ള ഒരു കഥയാണ്‌ എന്റെയും ഫിറൊസിന്റെയും. ഞാന്‍ അവനു അവന്റെ സ്വന്തം പപ്പാ ആയത്‌ എങ്ങനെയെന്നല്ലെ.. സംശയം...പറയാം..!

അന്ന് ഞാന്‍ പൂനയില്‍ നിന്ന് തിരുപ്പൂരിലേക്കുള്ള ഒരു യാത്രയില്‍ ട്രെയിനില്‍ വെച്ച്‌ എന്റെ തൊട്ടു മുന്നിലുള്ള സീറ്റിലാണ്‌ അവന്‍ ഇരുന്നത്‌. നിങ്ങള്‍ക്കറിയുമോ എന്ത്‌ ഭംഗിയായിരുന്നു അന്ന് അവനെ കാണുവാന്‍..! അവനൊപ്പം അവന്റെ അച്ചനെ പ്പോലെ തോന്നുന്ന ഒരാളും ഉണ്ടായിരുന്നു.

ഓരൊ സ്റ്റേഷന്‍ അടുക്കുമ്പോഴും അയാള്‍ അവനു ചായയും ബിസ്ക്കറ്റും ഒക്കെ ആവശ്യത്തിനു വാങ്ങി കൊടുക്കുന്നുണ്ടായിരുന്നു. ഇടക്കിടക്കു അവന്‍ എന്നെ നോക്കി ചിരിക്കും. അവന്റെ കുഞ്ഞരിപ്പല്ലുകാട്ടിയുള്ള ചിരി കാണുവാന്‍ വേണ്ടി എന്തെങ്കിലും ഒക്കെ വേലത്തരങ്ങള്‍ ഞാനും കാട്ടിയിരുന്നു.

ഇടക്ക്‌ ഏതോ സ്ടേഷന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ പോയ്‌. കയ്യിലെ ഒരു ചെറിയ ബാഗും അയാള്‍ എടുത്തിരുന്നു. ഒന്നു ഫ്രഷാവാനോ മറ്റോ ആയിരിക്കും പോയത്‌ എന്നു കരുതി കുറച്ച്‌ നേരം കാത്തിരുന്നു... ചിരിച്ചു കളിച്ചിരുന്ന അന്നത്തെ പാവം ഒന്നരവയസ്സുകാരന്റെ മുഖം പതിയെ കരച്ചിലേക്ക്‌ വഴിമാറുന്നത്‌ കണ്ട്‌ ഞാന്‍ എഴുന്നേറ്റ്‌ ട്രെയിനിന്റെ വാതിലിനു അടുത്തേക്ക്‌ നടന്ന് ചെന്നു.

പാതി തുറന്ന് കിടന്നിരുന്ന ഡോറിന്റെ ഒരു കൊളുത്തില്‍ അയാളുടെ തുണി സഞ്ചി കിടക്കുന്നു. ഞാന്‍ വാതിലില്‍ നിന്നുകൊണ്ട്‌ പുറത്തേക്കു നോക്കി. റ്റോയ്‌ലറ്റിലെന്തെങ്കിലും ആള്‍പെരുമാറ്റം ഉണ്ടോ എന്നു പരിശോദിച്ചു. ഇല്ല എന്നുറപ്പാക്കി തുണി സഞ്ചി എടുത്ത്‌ തിരികെ ഫിറോസിന്റെ അടുത്ത്‌ വന്നിരുന്നു....അവന്‍ എന്നെ നോക്കി ബാബ ബാബ എന്നു വിളിച്ച്‌ കരയാന്‍ തുടങ്ങി...

പഴയ കുറെ പേപ്പറുകള്‍...പിന്നെ ചെറിയ കുട്ടികള്‍ക്കു വേണ്ട ഡ്രസ്സുകള്‍...ഇടക്ക്‌ ഒരു ചെറിയ പൊതി കിട്ടി.. അതഴിച്ചുനോക്കുമ്പോള്‍ ഏതോ ഡോക്റ്ററുടെ എഴുത്തുകളും മരുന്നു കുറിപ്പുകളും...! അതില്‍ കാജ മൊയ്തീന്‍ എന്ന പേരു കൊടുത്തിരുന്നു. കണ്ടെടുത്ത എഴുത്തുകളില്‍ ഒന്നിലെ വിഷയത്തില്‍ നിന്ന് കാജക്ക്‌ കാന്‍സര്‍ ആണ്‌ എന്ന് മനസ്സിലായ്‌..!


ഫിറോസ്‌ നിര്‍ത്താതെ കരയുവാന്‍ തുടങ്ങി...ആ കംബാര്‍ട്ട്മെന്റില്‍ അധികം ആളില്ലാത്തതിനാല്‍ അത്‌ ഒരു പ്രശ്നമായ്‌ തോന്നിയില്ല. ഞാന്‍ അവനെ എടുത്ത്‌ എന്റെ മടിയില്‍ ഇരുത്തി... എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടതിനാലാവും അവന്‍ കരച്ചില്‍ നിര്‍ത്തി എന്നെ സൂക്ഷിച്ച്‌ നോക്കിയിരുന്നു. ട്രെയിന്‍ തിരുപ്പൂരിനടുത്ത്‌ കൊണ്ടിരുന്നു..ഞാന്‍ അവനെ എടുത്ത്‌ സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ച്‌ കാര്യം പറയാം എന്നു കരുതി അവനെ ഒക്കത്തിരുത്തി നടന്ന് ട്രെയിനിനു വെളിയില്‍ ഇറങ്ങി തിരികെ ഒരുവട്ടം ട്രെയിനിന്റെ അടിയിലേക്ക്‌ നോക്കുമ്പോള്‍ അയാളുടെ ഷര്‍ട്ടിന്റെ ഒരു ഭാഗം പറ്റിപ്പിടിച്ചിരിക്കുന്നു...എന്തിനാണ്‌ ഈ കുഞ്ഞു കുരുന്നിനെ ഒറ്റക്കാക്കി ഈ കടുംകയ്‌ ചെയ്തതു എന്നു പഴിച്ച്‌ ഞാന്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലേക്ക്‌ കയറിയാതാണ്‌..പക്ഷെ..എന്തൊ അപ്പോള്‍ തോന്നിയ ഒരു തോന്നല്‍..വെറുമൊരു തോന്നല്‍...അവനെ എന്നിലേക്ക്‌ അടുപ്പിച്ചു..

ഞാന്‍ തിരികെ നടന്നു...എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു തീരുമാനം ആയിരുന്നെങ്കിലും വളരെ പെട്ടെന്ന് ഞാന്‍ തീരുമാനിച്ചു...ഇവനെന്റെ സ്വന്തം ആകണം എന്ന്..! ഒരു കുഞ്ഞനുജനെ പ്പോലെ വളര്‍ത്തണം എന്നു കരുതിയെങ്കിലും അവനെന്നെ ആദ്യമായ്‌ വിളിച്ചത്‌ ബാബ എന്നായിരുന്നു..പിന്നെ അവനു ഞാന്‍ അവന്റെ സ്വന്തം പപ്പയായ്‌..ഈ മാസം ആവുമ്പോള്‍ ആറുവര്‍ഷം തികയും...

ആദ്യമൊക്കെ കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു. ചിലര്‍ എന്നെ ഓര്‍ത്ത്‌ അഭിമാനിച്ചു.എനിക്ക്‌ അവന്‍ പിന്നെ എന്റെ ഹൃദയം പോലെ ആയ്‌...ആദ്യമായ്‌ അയാള്‍...അവന്റെ സ്വന്തം പിതാവ്‌ വിളിച്ച്‌ കേട്ട വിളി തന്നെ അവനെ വിളിച്ചു..ഫിറോസ്‌ എന്നു്..! എന്റെ ഓരൊ വളര്‍ച്ചക്കും വീഴ്ചക്കും ഒപ്പം അവനും കൂടി.

ഇപ്പോള്‍ ഗള്‍ഫിലെ വരണ്ട ജീവിതത്തിനിടയിലെ ഏറ്റവും വലിയ തണുപ്പാണ്‌ അവന്‍..! അവന്റെ ക്ലാസ്സിലെ ഓരൊ തമാശകള്‍...അവന്റെ ഫ്രണ്ട്സ്‌....ഇന്ന് അതൊക്കെയാണ്‌ എന്റയും വലിയ വലിയ കാര്യങ്ങള്‍...പക്ഷെ ഈ നാട്ടിലേക്കുള്ള വരവിനു അവനെ കൂട്ടുവാന്‍ കഴിഞ്ഞില്ല.ഒരുമാസം എങ്ങനെയാവും എന്നറിയില്ല...ഒന്നുചേര്‍ന്നതിനു ശേഷം ആദ്യമായാണ്‌ ഇത്രയും വലിയ ഒരു വേര്‍പാട്‌..!

കൊച്ചിയിലെ തിരക്കുകള്‍ കഴിഞ്ഞു പുറത്തേക്ക്‌ എത്തുമ്പോല്‍ ബാലു കാത്തുനില്‍പ്പുണ്ട്‌ എയര്‍പോര്‍ട്ടില്‍ കാറുമായ്‌. അമ്മക്ക്‌ നടക്കുവാന്‍ വയ്യാത്തത്‌ കൊണ്ട്‌ കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. അമ്മ ആദ്യം എന്നെയല്ല നോക്കിയതു....എനിക്കൊപ്പം ഫിറോസ്‌ ഉണ്ടൊ എന്നാണ്‌..ഇല്ല എന്നറിഞ്ഞപ്പോള്‍ അവന്റെ വിശേഷം അറിയണം എന്ന്‌ ഒരേ ഒരു വാശി...!..

ഞാന്‍ ബാലുവിന്റെ ഫോണില്‍ നിന്ന് റിയാദില്‍ സന്ദീപിനെ വിളിച്ചു...നാട്ടില്‍ നിന്നുള്ള നംബര്‍ ആയത്‌ കൊണ്ടാവണം ഞാന്‍ ആണെന്ന് കരുതി ഫിറോസിന്റെ കയ്യില്‍ കൊടുത്തു..

"പപ്പാ..സുഖാണോ..അമ്മൂമ്മയെ കണ്ടോ..." പിന്നെ കൂറെ നേരത്തേക്ക്‌ നിശ്ശബ്ദമായ്‌ നിന്നു.

"എനിക്ക്‌ പപ്പായെ കാണണം"

ഞാന്‍ കുറച്ചു നേരത്തേക്കു അമ്മയുടെ കണ്ണുകളില്‍ തന്നെ നോക്കി നിന്നു.എന്റെ കണ്ണുകള്‍ നനയുന്നതു അമ്മ തിരിച്ചറിഞ്ഞു... എന്റെ കയ്യില്‍ നിന്ന് അമ്മ ഫോണ്‍ വാങ്ങി.

"മോനെ..ഇതു അമ്മൂമ്മയാ.. മോന്‍ കരയണ്ടാ ട്ടോ....പപ്പാ ഉടനെ അങ്ങു വരൂം ട്ടോ.."

നാലു കൊല്ലത്തെ കാത്തിരുപ്പ്‌ അമ്മക്കു എത്രത്തോളം വിഷമം ഉണ്ടാവും എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരു നിമിഷം..!

കാറിലെ യാത്രക്കിടയില്‍ സ്വിച്ചോഫ്‌ ചെയ്തിരുന്ന എന്റെ ഫോണ്‍ ഒന്നു ഓണ്‍ ചെയ്തു. യാഹൂ മെസ്സെഞ്ചറിലെ ഓഫ്‌ ലൈന്‍ മെസ്സേജുകള്‍ ചുമ്മാതെ ചെക്ക്‌ ചെയ്തു കൊണ്ടിരുന്നു. ഫിറോസിന്റെ മാത്രം മെസ്സേജുകള്‍ ഇരുപതോളം..! ഓരൊന്നും ഞാന്‍ എടുത്ത്‌ ചെക്ക്‌ ചെയ്തു... I love u pappa... I love u pappa എന്ന് ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ മെസ്സേജുകള്‍..

എനിക്ക്‌ എന്തോ ഓരോന്നും കണ്ടിട്ടു ഒരു നൂറു നൂറു ഉമ്മകള്‍ നല്‍കണം എന്ന് തോന്നി പോയ്‌... അമ്മ എന്റെ തലയില്‍ തഴുകി കൊണ്ടിരിക്കുകയായിരുന്നു...അമ്മയുടെ കൈകള്‍ എടുത്ത്‌ ഞാന്‍ ഉമ്മ വെച്ചിട്ട്‌ ഞാന്‍ ചോദിച്ചു...

"അമ്മേ..ഞാന്‍ നാളെ തന്നെ മടങ്ങിപൊക്കോട്ടെ...പരീക്ഷ കാലം ആയതുകൊണ്ട്‌ അവനെ ഞാന്‍ അവിടെ നിര്‍ത്തിയതാണ്‌...അവനില്ലാതെ എനിക്കു ഒരു പക്ഷെ ഇന്നുറങ്ങാന്‍ കഴിയില്ല...ഞാന്‍ പൊക്കോട്ടെ..."

അമ്മ എന്നെ നോക്കി കുറെ നേരം ഇരുന്നു. ബാലു കാര്‍ റോഡിന്റെ ഒരു വശത്തേക്ക്‌ ഒതുക്കി നിര്‍ത്തി..ഇരുവരും അത്ഭുതത്തോടെ എന്നെ നോക്കി ഇരുന്നു...ഞാന്‍ യാന്ത്രികമായ്‌ ചെയ്യുന്നത്‌ പോലെ സന്ദീപിനെ വിളിച്ചു...

"ഞാന്‍ വരുവാടാ..എനിക്ക്‌ അവനെ വിട്ട്‌ ഒരു നാള്‍ കിടന്നുറങ്ങാന്‍ പറ്റില്ല...നീ അടുത്ത ബുധനാഴ്ചയിലേക്ക്‌ സൗദിയ യില്‍ വിളിച്ചു റീ കണ്‍ഫേര്‍മേഷനു വിളിച്ചു പറ..."

"എടാ....യദൂ...അവന്‍ കൊച്ച്‌ പയ്യനല്ലേടാ...അവന്‍ ദാ ഇപ്പോ പറയുന്നത്‌ കേട്ടോ..... പറ ഫിറോസെ.."

"പപ്പാ...എനിക്കു വിഷമം ഇല്ലട്ടോ... I love u so much പിന്നെ...എനിക്കു പപ്പാ മാത്രം വേണ്ട..മമ്മിയും കൂടെ വേണം...മീര ആന്റിയെ കൂട്ടി വന്നില്ലെങ്കില്‍ ഇങ്ങൊട്ട്‌ വരണ്ടാ...

മനസ്സ്‌ ഒന്നു വിരിഞ്ഞത്‌ പോലെ തോന്നി...അമ്മക്കും ഏറെ സന്തോഷം... പിന്നെ മീരയെ വിളിച്ച്‌ അമ്മ എല്ലാ വിശേഷങ്ങളും വിളമ്പുമ്പോള്‍ മീരക്കായ്‌ അവന്‍ തന്നു വിട്ട ഗിഫ്റ്റ്‌ എന്താണ്‌ എന്ന്‌ ബാഗില്‍ പരതുകായായിരുന്നു ഞാന്‍.

അവന്‍ വരച്ച ഒരു കുഞ്ഞു ചിത്രം...

അച്ചനും അമ്മയും ഒരു കുഞ്ഞു മകനും കൈ കോര്‍ത്ത്‌ നില്‍ക്കുന്ന ഒരു ചിത്രം. കുഞ്ഞു മകനു ഒരുമ്മ നല്‍കി മടക്കി അതു ബാഗില്‍ വെക്കുമ്പോള്‍ അമ്മയുടെ വലതു കരം എന്നെ അമ്മയിലേക്ക്‌ ചേര്‍ത്ത്‌ പിടിച്ചിരുന്നു. എന്റെ ചെവിയോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ തന്ന ഫോണില്‍ നിന്ന് കലപില കലപിലാന്നു സംസാരിച്ചു കൊണ്ടിരുന്ന മീരയോട്‌ ഞാന്‍ പറഞ്ഞു...

"ഒന്നു നിര്‍ത്തടീ...ഈ കത്തി... ഒരു I love u പറയാനെങ്കിലും എന്നെ ഒന്ന് സമ്മതിക്കൂ.."

എല്ലാരുടെയും ചിരികള്‍ക്കിടയില്‍ കാര്‍ വീട്ടിലേക്കൂള്ള വരമ്പിലേക്ക്‌ കടന്നിരുന്നു.

3 comments:

സ്വപ്നാടകന്‍ said...

Another flawless production! എന്താ പറയുക... ഹൃദയത്തില്‍ നിന്നും ഒഴുകിയെത്തുന്നത് എങ്ങനെ സുന്ദരമാകാതിരിക്കും..!!

എനിക്കിവയൊക്കെ വായിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷം എങ്ങനെ പറഞ്ഞറിയിക്കും?

എന്റെ ജീവിതത്തിലൊരിക്കലെങ്കിലും ഇതുപോലൊരു കഥയെഴുതാന്‍ കഴിഞ്ഞെങ്കില്‍...

Anonymous said...
This comment has been removed by a blog administrator.
രാജന്‍ വെങ്ങര said...

എനിക്കിഷ്ട്ടായി ഇക്കഥ.ഒരു പാടിഷ്ട്ടായി .
ഫിറൊസ്.പിന്നെ ഇയാളും ആ അമ്മയും.അകലത്തിലിരിക്കുന്ന മീരയും മനസ്സില്‍ നന്മയുടെ പൂക്കളുമായി ചിരി തൂകി നില്ക്കുന്നു.