കമ്മ്യൂണിസ്റ്റ്കാരൻ

കമ്മ്യൂണിസ്റ്റ്കാരൻ




1991 ഡിസംബർ 27


രാവിലെ നല്ല തണുപ്പും ഒപ്പം രാത്രി നല്ലപോലെ മഴയും പെയ്തിരുന്നത് കാ‍രണം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല. ഏട്ടത്തി എപ്പോഴോ കൊണ്ട് വെച്ചിരുന്ന ചായയും തണുത്തിരുന്നു.റേഡിയോയിൽ റയിൽ വെ അറിയിപ്പുകൾ നൽകുന്നു..

“ വേണൂ...നീ ഒന്ന് എഴുന്നേറ്റ് ശാരത്ത് വരെ ഒന്ന് പോകൂ...അശ്വതി മൂന്നാലുവട്ടം വന്നിരുന്നു....രാഘവേട്ടനു സുഖമില്ലാത്രേ...“

അമ്മയാണു...അമ്മയുടെ ചെറ്യമ്മയുടെ മകനാണു രാഘവേട്ടൻ..മുറപ്രകാരം അമ്മാവൻ എന്നാ വിളിക്കേണ്ടത് എങ്കിലും അമ്മയുടെ വിളി ഞാനും ശീലമാക്കി...

വഴിയിൽ വച്ച് അശ്വതിയെ കണ്ടു...ഒന്നൂടെ എന്നെ വിളിക്കാൻ വന്നതാത്രേ...

“മിനിയാ‍ന്ന് തുടങ്ങീതാ...ഒരേ മൌനം...ഒന്നും മിണ്ടണില്ല...ഏട്ടനറിയാല്ലോ...എന്തോരം സംസാരിക്കുന്നയാളാ...ഒരേ ഇരുപ്പാ...”

സാധാരണ..അമ്മാവനെ ഉമ്മറത്ത് കാണാറുള്ളതാണു...അകത്ത് കട്ടിലിൽ കിടക്കുകയായിരുന്നു...കൈ കൊണ്ട് മുഖം മറച്ച്...ദേഹത്തോട് ചേർന്ന് ഒരു പുസ്തകം കിടന്നിരുന്നു..”മാർക്സ്-ഒരു പ്രവാചകൻ”....

ഞാൻ അമ്മാവനോട് ചേർന്നിരുന്നു...അമ്മാവൻ കൈകൾ മുഖത്ത് നിന്നെടുത്ത് എന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി...ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നത് ഞാൻ കണ്ടു...മേശയുടെ മേലെ ഗോർബ്ബചോവ് വിടവാങ്ങൽ പ്രസംഗം നടത്തുന്ന പടത്തോടെ മനോരമ പത്രം..അകത്തെ പേജുകളിൽ...മറിഞ്ഞു കിടക്കുന്ന ലെനിന്റെ പ്രതിമകളുടെ പടങ്ങൾ...! ഞാൻ പത്രം കൈകളിൽ എടുക്കുമ്പോൾ ഒരു ഭ്രാന്തനെ പ്പോലെ അത് ചുരുട്ടി ദൂരേക്ക് എറിഞ്ഞുകൊണ്ട് അമ്മാവൻ വിങ്ങിപൊട്ടിപ്പോയ്...ഞാൻ അമ്മാവനെ എന്റെ നെഞ്ചിലേക്ക് വലിച്ചടിപ്പിച്ചു...അശ്വാസം വരും വരെ കരയട്ടെ എന്ന് കരുതി....


19 മാർച്ച് 1998


ഇന്ധിരാവികാസ് യോജന സേവകന്മാരുടെ മീറ്റിങ് ഉണ്ടായിരുന്നത് കൊണ്ട് ഓഫീസിൽ നിന്നെത്താൻ ഏറെ വൈകി...പീയൂൺ രാഘവന്റെ മുഖം അത്ര പന്തിയല്ലെന്ന് എനിക്ക് തോന്നി...ഓടി ഒഫീസിലേക്ക് കയറി...
“മാഡം വിളിച്ചിരുന്നു...ഒരുപാട് തവണ വിളിച്ചിരുന്നു...അച്ഛനു...അച്ഛനു തീരെ സുഖമില്ലാത്രേ...ഭയങ്കര കരച്ചിലാരുന്നു...”

പിറ്റേന്ന് രണ്ടാം ശനിയാണല്ലോ എന്നാശ്വാസത്തോടെ ഓഫീസിൽ നിന്ന് വേഗം ഇറങ്ങി...ഗേറ്റിനടുത്ത് തന്നെയുണ്ടാരുന്നു അവൾ...കരഞ്ഞ് കരഞ്ഞ് കണ്ണുകൾ കലങ്ങി കിടന്നിരുന്നു...

സ്കൂട്ടർ അകത്ത് വെച്ച് പൂട്ടി ഉടൻ തന്നെ ഷൊറ്ണ്ണൂർ സ്റ്റേഷനിലേക്ക് പുറപ്പെട്ടു...സ്റ്റേഷനിലുള്ള ഒരു ബൂത്തിൽ നിന്ന് ശാർത്തേക്ക് വിളിച്ചു...രാവിലെ അല്പം കൂടുതൽ ആയിരുന്നു...ഇപ്പൊ ഒരല്പം ആശ്വാസം ഉണ്ടെന്ന് മോഹനൻ പറഞ്ഞു..

യാത്രക്കിടയിൽ അവൾ അച്ഛനെ പറ്റി ഓരോന്ന് പറഞ്ഞ് വിങ്ങും....പിന്നെ മറയുന്ന കാഴ്ചകൾ നോക്കി ഇരിക്കും...

അമ്മാവൻ എനിക്ക് ഗുരു തുല്ല്യൻ ആയിരുന്നു..എന്റെ റോൾ മോഡൽ...!

എത്ര എത്ര സമരങ്ങൾ...എത്ര എത്ര ജയിൽ വാസങ്ങൾ..പാവങ്ങൾക്ക് വേണ്ടി എന്നും ആ മനുഷ്യൻ മുന്നിൽ തന്നെ ഉണ്ടാരുന്നു...

സത്യത്തിൽ അദ്ദേഹം ഒരിക്കൽ മാത്രമാവും കരഞ്ഞിട്ടുണ്ടാവുക...! അതിനും ഞാൻ മാത്രം സാക്ഷി...!

റഷ്യയിൽ ഗവണ്മെന്റും പാർട്ടിയും തകർന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയിരുന്നു...അതിനു ശേഷം പാർട്ടി പ്രവർത്തനങ്ങൾക്ക് അധികം പോയിട്ടില്ല..

ഓർമ്മകൾ അമ്മാവനു ചുറ്റും കറങ്ങുന്നതിനിടയിൽ അശ്വതി ഒരു ഓറഞ്ച് പൊളിച്ച് തന്നു...മഴക്കാലം ആയിരുന്നത് കൊണ്ടാവും അധികം മധുരം തോന്നിയില്ല...

ഒരിക്കൽ സഖാവ് ക്രിഷ്ണപിള്ള ദിനത്തിൽ അമ്മാവൻ എന്നോട് പറഞ്ഞു...“ഇതുപോലെ മഹാന്മാരായ കമ്മ്യൂണിസ്റ്റ് കാരന്മാർ മരിക്കുന്ന ഒരു ദിവസം എനിക്കും മരിക്കണം...എന്റെ ഒരാഗ്രഹം ആ‍ണു...നടക്കുമാരിക്കും...“

പാർട്ടിയിലെ ഗ്രൂപ്പിസവും പോരുമൊക്കെ അമ്മാവനെ വല്ലാണ്ട് തളർത്തിയിരുന്നു...

മാവേലിക്കര സ്റ്റേഷനിൽ നിന്ന് റ്റാക്സിയിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ അശ്വതിക്ക് നന്നെ പനിക്കുന്നുണ്ടാരുന്നു...

നേരെ ശാരത്തേക്ക് തന്നെയാ പോയത്...വീട്ടിലെല്ലാരും രണ്ട് നാളായ് അവിടെ തന്നെയാണു...ഹുദാ ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടറും നഴ്സും അവിടെ തന്നെ ഉണ്ട്.അമ്മാവനെ അധികം നോക്കി നിൽക്കാൻ മനസ്സ് അനുവധിച്ചില്ല...അശ്വതിയുടെ പനി വിവരം ഏട്ടത്തിയെ അറിയിച്ചിട്ട് ഒന്ന് കുളിക്കാൻ വീട്ടിലേക്ക് നടന്നു..

തിരികെ എത്തുമ്പോൾ അമ്മാവനു നന്നെ അസുഖം കൂടുന്നുണ്ടാരുന്നു...ഞാൻ തൊടിയിൽ ഒരല്പം മാറി നിന്ന് ആ‍രും കാണാതെ കരഞ്ഞു...

പിന്നെ ഒരുപാട് താമസിച്ചില്ല...

ശവദാഹം പിറ്റേന്ന് നടത്താൻ തീരുമാനിച്ചു...വൈകുന്നേരം മോഹനൻ വന്ന് എന്നോട് ഒരു കാര്യം പറഞ്ഞു...

“അളിയാ...സഖാവ് ഈ.എം.എസ് മരിച്ചു...ഏതാ‍ണ്ട് അച്ഛൻ മരിക്കുന്ന സമയത്ത്.....”

ഒരല്പ നേരം ഞാൻ അമ്മാവന്റെ വാക്കുകൾ ഓർത്ത് പോയ്...

പിറ്റേന്നത്തെ പത്രങ്ങളിൽ മുഴുവൻ ഈ.എം.എസ്സിന്റെ മരണ വാർത്തകൾ ആയിരുന്നു...ഞാൻ ഒരു കൌതുകത്തോടെ “ദേശാഭിമാനി” യുടെ മരണപേജ് ഞാൻ വായിച്ചു...

“ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ശാരത്ത് രാഘവൻ അന്തരിച്ചു...”

Comments

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

ദര്‍ഭയും തെറ്റിപൂക്കളും

പാസ്സഞ്ചര്‍