Monday, January 17, 2011

ഭോപാലിലെ ആമ്പല്‍ പുക്കള്‍

ഭോപ്പാലിലെ ആമ്പല്‍ പൂക്കള്‍


നഗരം ഉറങ്ങുകയാണു....നേരം വെളുക്കാന് ഇനിയും നാഴികകള്‍ ഏറെ ഉണ്ട്..22 വര്‍ഷത്തെ നോവുകളും സന്തോഷവും നഷ്ടങ്ങളും എനിക്ക് നല്‍കിയത് ഈ നഗരം ആണു..സന്ദീപും സീമയും ഉറക്കമാണു..ഉറങ്ങികൊള്ളട്ടെ..നഗരത്തിലെ തിരക്കുകളിലെ അവസാനത്തെ ഉറക്കം അവര്‍ അനുഭവിച്ച് തീര്‍ക്കട്ടെ ....

ഞാന്‍ രമേഷ്..ദല്‍ഹിയിലെ കേരളാ ഹൌസ് ജീവനക്കാരന്‍ ...നാട്ടില്‍ കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന്...

എനിക്ക് 2 മക്കള്‍ ...

“അച്ചാ...കോഫീ ഇടാന്‍ നോക്കിയപ്പോഴാ...ഇന്ന് എല്ലാം പാക്ക് അപ് ചെയ്ത് മടങ്ങുകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ അടുക്കളയില്‍ ഇരുന്നതെല്ലാം എടുത്ത് കുപ്പ തൊട്ടിയില്‍ കളഞ്ഞു...ഇനി ഇപ്പോ എന്ത് ചെയ്യും..”

അത് സീമ..പ്ലസ് ടൂ കഴിഞ്ഞു..അവളാണു മൂത്തത്..സന്ദീപ് 9 ലും..

അവരുടെ അമ്മ..അതാണു ഞാന്‍ ഈ നഗരത്തെ വിട്ട് പോവുന്നത്...അവളില്ലാതെ എനിക്ക് ഈ ദല്‍ഹിയില്‍ കഴിയാനാവില്ല.

എന്റെ അച്ചൂ...ഇത്രയും ഒരാളോട് ഇഷ്ടം തോന്നുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ....അങ്ങനെ ആയിരുന്നു അവള്‍ക്കു എന്നോട്..ഞാന്‍ അത്രയും അവളെ സ്നേഹിച്ചുവോ...അറിയില്ല..

“അച്ചാ..താഴെ ആ സിംഗ് നിന്ന് എന്തോ ചോദിക്കുന്നു..സ്റ്റേഷനില്‍ പോവുന്ന കാര്യമാവും...ഒന്നു പറഞേരെ...ഞാന്‍ കുളിക്കാന്‍ പോവാ..ചന്തൂനെ ഒന്നു വിളിച്ചേരെ...മടിയന്‍ ..”

കേരളാ എക്സ് പ്രസ്സ് 10 നു ആണത്രെ..എത്ര കാലം ഓടി ഇറങ്ങിയ പടവുകള്‍ ...സ്റ്റേഷനിലെ ഓരോ മൂലകളും എന്റെ സ്വന്തമായിരുന്ന ഓര്‍മ്മ കളിലേക്ക് അല്പനേരം പൊയ്പോയ്...

“ഇത് മദ്രാസ് വഴിയാ അല്ലെ..? അമ്മേ...ഓര്‍ത്തിട്ടു എനിക്ക് തല കറങ്ങുന്നു..ഉം...ഏതായാലും ഇനി ഈ നാട്ടിലേക്കില്ലല്ലോ എന്നോര്‍ക്കുമ്പോ ഒരു വിഷമം...അചചനുണ്ടോ..?”

“നീ മിണ്ടാതിരിക്ക്..അച്ചനതാ ഇങ്ങനെ മൌനി ആയ് ഇരിക്കുന്നത്...ഡാ..ആ മൊബൈല്‍ ഇങ്ങെടുത്തെ...ഫേസ് ബുക്കില്‍ ആരേലും ഉണ്ടോ എന്ന് നോക്കട്ടെ..”

യാത്ര തുടരുകയാണു..ഓര്‍മ്മകള്‍ തീവണ്ടിയിലെ കാഴചകള്‍ മറയും പോലെ ഓരോന്നായ് വന്നും പോയിക്കൊണ്ടുമിരുന്നു...

18 വര്ഷം മുമ്പ് അച്ചൂമായ് കല്യാണം കഴിഞ്ഞ് ആദ്യമായ് ദല്‍ഹിയില്‍ എത്തിയത്...സര്ധാര്ജീയുറെ വീട്ടിലെ ആദ്യ വിരുന്ന്...അന്നു ഞാന്‍ തുമ്മിയപ്പോ കണ്ണട തെറിച്ച് അച്ചൂന്റെ പാത്രത്തില്‍ വീണത്...

സീമക്ക് ചോറ് കൊടുക്കാന്‍ ദല്‍ഹി യിലെ അയ്യപ്പന്‍ കോവിലില്‍ പോയത്...ദീപാവലിക്ക് ബോംബ് വെച്ച നാള്‍ എന്റെ മൊബൈല്‍ നഷ്ടപ്പെട്ട് നില്ക്കുമ്പോ ...ബസ്റ്റോപ്പിലേക്ക് കരഞ്ഞ് കൊണ്ട് ഓടിവന്ന് പരിസരം നോക്കാതെ കെട്ടിപിടിച്ച് കരഞ്ഞത്...

“അച്ചാ...ചിലപ്പോ നമുക്ക് ഒരു പ്രശ്നം ഉണ്ടാകും...തെലങ്കാന പ്രശ്നം..!ദാ..വായിച്ച് നോക്ക്...അവിടെ തീവണ്ടിയൊക്കെ തടയുന്നൂന്ന്...”

ഞാന്‍ മൊബൈല്‍ വാങ്ങി നോക്കി...ശരിയാണു..സര്‍ വ്വകലാശാല പിള്ളാരു പ്രതിഷേധവുമായ് റോഡിലാണെന്ന്...

“ഉം..നോക്കാം മോളെ..ഇനീം സമയം കിടക്കുന്നുണ്ടല്ലോ ആന്ധ്രക്ക്...കുടുങ്ങുന്നുവെങ്കില്‍ കുടുങ്ങിയല്ലേ പറ്റൂ...ഇത് നമുക്ക് മാത്രം ബാധകമല്ലല്ലോ..”

ഓര്‍മ്മകള്‍ വീണ്ടും ഡല്‍ ഹിയിലേക്ക്..

92ലെ കലാപ സമയത്തെ ദല്‍ഹി അപ്പോള്‍ ഓര്‍ ത്തുപോയ്...റഹ്മത്തുള്ള എന്ന ബംഗാളിയുടെ ഓര്‍മ്മകള്‍ മറക്കാനാവില്ല...

വെട്ടുകൊണ്ട കയ്യുമായ് ഓടി എന്റെ വണ്ടിയിലേക്ക് വന്ന് വീണ അയാളെ എടുത്ത് കാറിലേക്ക് ഇടുമ്പോള്‍ കലി തുള്ളി എന്റെ പിറകെ കലാപകാരികള്‍...ഒന്നു പറഞ്ഞ് മനസ്സിലാക്കി വരുമ്പോഴേക്ക് പോലീസ് എത്തിയത് കൊണ്ട് രക്ഷപെട്ട നിമിഷം...പിന്നെ എല്ലാ റംസാനും ആ റഹ്മാന്റെ ചെറിയ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു ഞാന്‍..

“അച്ചാ...ആ സ്കൂള്‍ എങ്ങനെയാ...എനിക്കാണേ..ഓര്‍ക്കുമ്പോഴേ പേടിയാവുന്നൂ...ദിവസവും മാവേലിക്കര വരെ പോകണം അല്ലേ...”

“ഉം..അതൊക്കെ പോയ് തുടങ്ങുമ്പോള്‍ ശരിയാവും..മോളെ..ഫ്ലാസ്ക്കില്‍ നിന്ന് ഇത്തിരി വെള്ളം എടുത്തോ..പിന്നെ ആ തിയോസ്താലിനും...”
“ആഹാ...വേണ്ട...കാറ്റടി കൊണ്ടിട്ടാ ഗുളികയൊക്കെ...മാറ്...ഞാനിരിക്കാം അവിടെ.....പിന്നെ അച്ചാ..ഇവനു ഈ ഡയലോഗ് തുടങ്ങിയിട്ട് ഒരു വാരമായ്...അവനു ഭയങ്കര കൊമ്പ്ലക്സാണു..ഈ നാട്ടില്‍ പഠിക്കാന്‍ ..”

രാത്രിയിലെ യാത്രകള്‍ പണ്ട് ഹരമായിരുന്നു...ഉറങ്ങാതെ രാത്രി കാഴചകള്‍ കണ്ട് ഇരിക്കുമായിരുന്നു...പക്ഷെ...ഇന്ന്...എന്തോ ഉറക്കം വന്നില്ല..700 കിലോമീറ്റര്‍ താണ്ടി വണ്ടി ഭോപാലില്‍ എത്തുമ്പോള്‍ പതിനഞ്ചു മണിക്കൂറുകള്‍ താണ്ടിയിരുന്നു....

നാഗ്പൂരിലെത്തുമ്പോള്‍ നേരം വെളുത്തിരുന്നു..നല്ല തണുപ്പും...വണ്ടി കുറേ നേരം അവിടെ നിര്‍ത്തി ഇട്ടപ്പോള്‍ സംശയം തോന്നി..പുറത്തേക്കിറങ്ങി..

നേരത്തെ സംശയിച്ചത് തന്നെ കാരണം...തെലങ്കാന..! വണ്ടിയൊന്നും ആന്ധ്രയിലേക്ക് വിടുന്നില്ലാ അത്രേ..!

കൊറിക്കാന്‍ കുറച്ച് നാടന്‍ പൊരികള്‍ വാങ്ങി തിരികെ കംപാര്‍ത് മെന്റിലേക്ക് നടന്നു..

“ഒരു സങ്കീര്‍ത്തനം പോലെ” കുറച്ച് കൂടി വായിച്ച് തീര്‍ക്കുവാന്‍ ഉണ്ടായിരുന്നു...വായനയിലേക്ക് മുഴുകി...

പിന്നെ എപ്പൊഴൊ ഉറങ്ങി...ഉണര്ന്നിട്ടും വണ്ടി നാഗ്പൂരില്‍ തന്നെ...മക്കള്‍ രണ്ട് പേരും പഴയ ഒരു ആല്‍ബം മറിച്ച് നോക്കുന്നു..ഞാന്‍ ഉണര്‍ ന്നു എന്ന് കണ്ടപ്പോള്‍ രണ്ട് പേരും എന്റെ അരികിലെത്തി..

“അച്ചാ..ഞങ്ങള്‍ ഇവിടെ ഇതിങ്ങനെ നോക്കി ഇരിക്കുവാരുന്നു...അപ്പോ ഒരു മുസ്ലിം സ്ത്രീ...കണ്ടാല്‍ പിച്ചക്കാരിയാണെന്ന് തോന്നില്ല...പക്ഷേ അവര്‍ കൈ നീട്ടി കൈ നീട്ടിയാണു വന്നത്...ഇവിടെ എത്തുമ്പോള്‍ ...അച്ചനെ കുറെ നേരം നോക്കി നിന്നു...പിന്നെ എന്റെ തലയിലെ കൈ വെച്ച് തടവി...പിന്നെ നമ്മുടെ ആല്‍ബത്തില്‍ നിന്ന് അപ്പൂപ്പന്റെം അമ്മമ്മേടെയുമൊക്കെ പടമില്ലെ...അതില്‍ കുറെ നേരം നോക്കി നിന്നിട്ട് വേഗത്തില്‍ പോയ്...തിരികെ തരുമ്പോള്‍ ആ ഫോട്ടോ യില്‍ നനവുണ്ടാരുന്നു...എനിക്കുറപ്പാ...അവര്‍ കരഞ്ഞതാ...”

കേട്ടപ്പോ...സത്യത്തില്‍ ഒരു ഞെട്ടല്‍ ...പിന്നെ കൌതുകം....

“അവര്‍ എന്താ ധരിച്ചിരുന്നത്..? ഇനിം കണ്ടാല്‍ നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയുമോ...?”

“അത്...പര്‍ദ്ദ യാ...പക്ഷേ...മുഖം വരെ മറച്ചതാ..കണ്ണ് മാത്രം കാണാം...”

ഞാന്‍ പുറത്തിറങ്ങി...ഒപ്പം മോളും...പ്ലാറ്റ്ഫോമിലെ ഒരു കടയില്‍ ചെന്ന് ഈ ലക്ഷണങ്ങള്‍ പറഞ്ഞു...ആ കടക്കാരന്‍ ഒരു പാലക്കാടുകാരന്‍ ആയിരുന്നു..

“ഓ...അതോ..അത്...പറഞ്ഞാ ഒരു കഥയാ സാറെ...അവര്‍ ആരാണെന്ന് ചോദിച്ചാ എനിക്കും അറിയില്ല...ഒരു പത്ത് വര്‍ഷമായ് ഞാന്‍ ഇവിടെ വന്നിട്ട്...അന്ന് മുതല്‍ അവരെ ഞാന്‍ കാണുന്നുണ്ട്...അവര്‍ അങ്ങനെ ആരോടും ഒന്നും മിണ്ടാറില്ല...ഒരു അലവലാതിത്തരത്തിനും പോയ് എന്നാര്‍ ക്കും പരാതിയും ഇല്ല...എന്തേലും ചോദിച്ചാല്‍ ഉത്തരം പറയും...അല്ലാ..ഇപ്പോ എന്താ അവരെ പറ്റി തിരക്കാന്‍ ..?”

“അത്.....”

ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും മോള്‍ നടന്ന കാര്യം എല്ലാം പറഞ്ഞു..

“ശ്ശോടാ...ഇതിപ്പോ നല്ല കഥയായ്...ഇവര്‍ക്ക്‌ നിങ്ങളോട് ഇതെന്താ...ഒരടുപ്പം...ഇവിടെ ആരങ്കിലും ഉണ്ടാരുന്നോ..?...എന്നാലും ഇതിപ്പോ ആകെ ആകാംക്ഷ ആയല്ലോ...നിങ്ങള്‍ ആണേല്‍ ഒരു ഹിന്ദു...അല്ലേ...അവരാണേ..ഒരു മുസ്ലീം....ഹഹ..ഉം..ഇനി കാണുമ്പൊ ഞാന്‍ ചോദിക്കാം....അല്ലാതെ ഞാനിപ്പോ എന്ത് പറയാനാ....”


ഞാനും മോളും തിരികെ നടന്നു...മനസ്സ് മുഴുവന്‍ ആ മുസ്ലിം സ്ത്രീയെ പറ്റിയായിരുന്നു...മോള്‍ ക്കും അങ്ങനെ തന്നെ...ഇടക്കിടക്ക് അവള്‍ ആ കാര്യം പറഞ്ഞു കൊണ്ടിരുന്നു..

എതാണ്ട് ഒരു മണിക്കൂറ് കഴിഞപ്പോള്‍ സ്റ്റേഷനില്‍ നിന്ന് അറിയിപ്പ് വന്നു...വണ്ടി ഉടന്‍ തന്നെ എടുക്കും എന്ന്...യാത്ര തുടരാനുള്ള ഒരു ആവേശത്തിനു വീണ്ടും ഒന്ന് മുഖം കഴുകി വരാന്‍ വേണ്ടി ഡോറിനടുത്തേക്ക് നടക്കുമ്പോള്‍ ആ പാലക്കാട് കാരനും കൂടെ പ്രായം ചെന്ന ഒരു കൂലിയും..ഒരു മറാത്തിക്കാരന്‍ ...

“സാറെ...എനിക്ക് അത് കേട്ടപ്പോ മുതല്‍ ഒരു മാതിരി...ഇങ്ങേരാ ഇവിടുത്തെ പഴയ ആളു...ഞാന്‍ നടന്നതെല്ലാം പറഞ്ഞപ്പോ ഇങ്ങേരു പറയുവാ...അവര്‍ പണ്ട് ഭോപാലില്‍ ഉണ്ടായിരുന്ന സ്ത്രീയാണെന്ന്...അന്ന് ആ വാതക ദുരന്തം, ഉണ്ടായില്ലേ...അതിലെന്തോ പറ്റിയാതാത്രേ...ആട്ടെ...സാറിനു ഭോപാലില്‍ ആരേലും ഉണ്ടാരുന്നോ..”

ഞാന്‍ അല്‍പ നേരം എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്ന് പോയ്‌....ഇത്...ഇത്....അവര്‍ തന്നെ ആവുമോ..? അവര്‍ ആരും അന്ന് അവശേഷിചില്ലായിരുന്നല്ലോ...പിന്നെ....ഇത് ആര്..? തല കറങ്ങും പോലെ തോന്നി.....ഞാന്‍ വീഴുമോ എന്ന് ഭയപ്പെട്ടു....

“എന്താ അച്ചാ..അവരെന്താ പറഞ്ഞത്..?അച്ചന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നത്..?”

പിന്നെ ഞാന്‍ ചെയ്തതെല്ലാം ഒരു തരം യാന്ത്രികമായിരുന്നു....ബാഗില്‍ നിന്ന് ആല്‍ബങ്ങള്‍ ഓരൊന്നായ് പുറത്തേക്ക് ഇട്ടു...അതില്‍ നിന്ന് മോളു പറഞ്ഞ ആ കണ്ണീര്‍ വീണ പേജ് ഞാന്‍ എടുത്തു...അതില്‍ അമ്മമ്മക്കൊപ്പം നിന്ന ആ പുള്ളിക്കര പാവാട അണിഞ്ഞ കല്ല്യാണിയുടെ പടം മാത്രം ആയ് ഞാന്‍ പുറത്തേക്ക് എടുത്തു...അപ്പോള്‍ എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല...ഞാന്‍ പൊട്ടിപൊട്ടി കരഞ്ഞുപോയ്...

എന്റെ മക്കള്‍ ആകെ ഭയന്നിരുന്നു...എന്റെ ഭാവമാറ്റം അവരെ അത്രക്ക് ചിന്താകുഴപ്പത്തിലാക്കി...

“പറ അച്ചാ...എന്താ പറ്റിയത്...ആരായിരിക്കും അത്....നമ്മുടെ ആരേലും ആണോ...?”

“അത്...അത്...നമ്മുടെ തറവാട്ടിലെ....ഉം...ദല്‍ഹിയില്‍ കിടന്നു വളര്‍ന്ന നിങ്ങളോട് എന്ത് പറയാന്‍ ...അത്..ഞാന്‍ ഊഹിക്കുന്ന ആളാണേല്‍ ...നിങ്ങള്ക്ക് സ്വന്തം അമ്മേ പോലെയാ...എന്റെ അച്ചു നമ്മുടെ ജീവിത്തില്‍ വന്നില്ലാരുന്നേ.. ഇവളാകുമായിരുന്നു നിങ്ങളുടെ അമ്മ....അതാണു നിങ്ങളും അവരും തമ്മിലുള്ള ബന്ധം...”

പിന്നെ എന്തോ ഇരിപ്പുറപ്പിക്കാന്‍ കഴിഞ്ഞില്ലാ‍.. ഞങ്ങള്‍ നാഗ്പൂരില്‍ ഇറങ്ങി...സ്റ്റേഷനിലെ ഒരു മരത്തണലില്‍ ഇരുന്ന് കയ്യില്‍ കരുതിയ ബ്രഡ് കഴിക്കുവാന്‍ തുടങ്ങി...

സന്ദീപിനു പക്ഷേ യാത്ര മുടങ്ങിയത് അത്രക്ക് ഇഷ്ടമായില്ല...അവന്റെ മുഖം ആകെ ചുമന്നിരുന്നു...

ഞങ്ങള്‍ അവിടെ ഇറങ്ങിയത്കണ്ടിട്ട് ആ പാലക്കാട് കാരന്‍ ബഷീറും ഒപ്പം കൂടി...അയാളുടെ കഥകള്‍ കേട്ട് ഇരിക്കുമ്പോള്‍ പ്ലാറ്റ്ഫോമിന്റെ അങ്ങേ കരയില്‍ നിന്ന് ഒരു കൂലി എന്തോ ബഷീറിനെ നോക്കി തെലുങ്കില്‍ പറഞ്ഞു...


“സാറെ..അവര്‍ പുറത്ത് ഒരു ഹോട്ടലില്‍ ഇരിപ്പുണ്ടെന്ന്...കഴിച്ചോണ്ടിരിക്കുവല്ലേ...ഇപ്പോ പോയ് നോക്ക്...അവരെങ്ങും പോവില്ല...പോയാലും ഇനീം എവിടേലും ഇട്ട് പിടിക്കാല്ലോ...ഏതായാലും സാറിനു വന്ന ഒരു പുകിലേ..”

ഒട്ടും പ്രതീക്ഷിക്കാതെ ഞാന്‍ അവരുടെ മുന്‍പി ലേക്ക് നടന്ന് ചെന്നു...ചപ്പാത്തിയും ഉള്ളിക്കറിയും കഴിക്കുകയായിരുന്നു... അവര്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി...ഞാന്‍ കൈ കൊണ്ട് ഇരിക്കാന്‍ ആവശ്യപ്പെട്ടു...അവള്‍ ക്ക് ഒന്നും എതിര്‍ക്കാന്‍ കഴിഞില്ല...

ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി...അവള്‍ എന്നെയും...

പിന്നെ...ഉറക്കെ....അലറുന്നപോലെ അവള്‍ കരഞ്ഞു....ഞാന്‍ ഭയന്നു...ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ എന്തോ അരുതാത്തത് നടന്നത് പോലെ എന്നെ നോക്കി...ഹോറ്റല്‍ മാനേജര്‍ വന്ന് എന്നോട് കാര്യം തിരക്കി...ഞാന്‍ ഒന്നും മിണ്ടാതെ..ഞെട്ടലോടെ മാറി നിന്നു...

ചില ചെറുപ്പക്കാര്‍ ഒരു മുസ്ലിം സ്ത്രീയെ അപമാനിച്ചു എന്ന ധ്വനിയോടെ എന്നെ നോക്കി സംസാരിച്ചു...കാര്യങ്ങള്‍ അല്പം കുഴഞ്ഞു മറിയുമോ എന്ന് തോന്നിയപ്പോള്‍ അവര്‍ തന്റെ കരച്ചില്‍ അവസാനിപ്പിച്ചിരുന്നു...

എല്ലാരും നോക്കി നില്‍ക്കുമ്പോള്‍ അവള്‍ എന്റെ കയ്യില്‍ പിടിച്ച് കൊണ്ട് വേഗത്തില്‍ പുറത്തേക്ക് നടന്നു...റോഡിലെ തിരക്കുകളില്‍ ഓരൊ കണ്ണും എന്നെ നോക്കികൊണ്ടിരുന്നു...അവള്‍ എന്നെയും കൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു...മോളും മോനും ആകെ പരിഭ്രാന്തരായ് എനിക്കൊപ്പം...

ആ നടത്തം അവസാനിച്ചത്...സ്റ്റേഷന്റെ മറുഭാഗത്തെ ഒരു പാര്‍ക്കില്‍.....

പകല്‍ സമയം ആയത് കൊണ്ട് അധികം ആളുകള്‍ ഇല്ലായിരുന്നു..അവള്‍ കുറെ നേരം എന്നെയും മക്കളേയും നോക്കി നിന്നു...എന്നിട്ട് പിന്നെയും ഏങ്ങി ഏങ്ങി കരഞ്ഞു...

“ആന്റി...കരയാതെ...ആന്റിക്കറിയുമോ...ആന്റിയുടെ കാര്യം അറിയാന്‍ വേണ്ടി ഞങ്ങള്‍ യാത്ര വരെ മുടക്കി...എന്റെ അച്ഛന്‍ ഇത് വരെ ഇത്രയും സങ്കടപ്പെട്ട് നടക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല...പറ...ആന്റി ആരാ...”

“മോളുഡെ അച്ചനു അറിയാം ഞാന്‍ ആരാണെന്ന്...എനിക്കറിയാം അത്...ഒരിക്കലും ആരെയും കണ്ട്മുട്ടരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു...പക്ഷേ..ഇതാണു വിധി....കല്ല്യാണിയും മരിച്ചു എന്ന് എല്ലാരും കരുതിയിരുന്നു അല്ലെ ഏട്ടാ...”

“അതെ..അന്നു കുഞ്ഞമ്മാവനാ ഭോപാലില്‍ വന്നത്...തിരികെ വന്നിട്ട് എല്ലാരും മരിച്ചു എന്ന് പറഞ്ഞു.. എല്ലാര്‍ ക്കും എല്ലാ വര്‍ഷ വും ബലിയും ഇടാറുണ്ടാരുന്നു...അന്ന് ഒരു വല്ലാത്ത ഷോക്ക്...പിന്നെ പിന്നെ എല്ലാരുടെം മനസ്സില്‍ നിന്ന് എല്ലാം പതിയെ പതിയെ മാറി വന്നു...ഇടക്കിടക്ക് ഈ കാലങ്ങളില്‍ എല്ലാം ഈ വഴിയില്‍ കൂടി കടന്നു പോകുമ്പോള്‍ ഞാന്‍ അമ്മാമേം...എല്ലാരേം ഓര്‍ത്തിരുന്നു...ഇന്നലെ രാത്രി കൂടി വണ്ടി ഭോപാലില്‍ എത്തുമ്പോള്‍ ഞാന്‍ അമ്മാമെ ഓര്‍ത്തി രുന്നു...ഇന്ന്.....”

“അന്ന്..എനിക്ക് 80% പൊള്ളല്‍ ഏറ്റിരുന്നു...ഒരിക്കലും രക്ഷപെടില്ല എന്ന് ഡോക്ട്ടര്മാര്‍ വിധി എഴുതി...പക്ഷെ ഒക്കെ വിധി അല്ലേ..മരിച്ചു പോയിരുന്നേല്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു..ഉറ്റവര്‍ ആരും ഇല്ലാത്തതിന്റെ വേദന ആരോടും പറഞ്ഞാല്‍ മനസ്സിലാകില്ല...”

“ക്യാമ്പിലാരുന്നു 3 വര്‍ഷ ത്തോളം...പിന്നെ അതും ഒരു ചടങ്ങ് പോലെ ആയ്..ആരും നോക്കാനും കാണാനും ഇല്ലാത്തത് പോലെ...അവിടെ എന്നെ പോലെ ഒരുപാട് പേര്‍ ഉണ്ടാരുന്നത് കൊണ്ട് എന്റെ ശരീരത്തിന്റെ പോരായ്മകള്‍ ഞാന്‍ ശ്രദ്ദിച്ചിരുന്നില്ല...അവിടെ ജീവിക്കാന്‍ കഴിയാതെ വന്നപ്പോ ഞാന്‍ പുറം ലോകത്തേക്ക് ഇറങ്ങി...”

“അപ്പോഴാ എന്റെ കുറവുകള്‍ ഞാന്‍ മനസ്സിലാക്കിയത്...എല്ലാരും എന്നെ കണ്ട്..അറപ്പോടെ നോക്കി...എല്ലാ ഇടങ്ങളില്‍ നിന്നും ഞാന്‍ ആട്ടി ഇറക്കപ്പെട്ടു...”

“അപ്പോള്‍ എനിക്ക് തോന്നിയ ഒരു തോന്നലാണു...ഈ വസ്ത്രം...അത് എന്നെ ഒരുപാട് രക്ഷിച്ചു...എനിക്ക് ഈ സമൂഹത്ത്തില്‍ ഒരിടം തന്നു...ആരും എന്റെ ശരീരം കൊതിച്ച് ഇരുട്ടിന്റെ മറവില്‍ വന്നില്ല...എല്ലാര്‍ ക്കും ഒരു തരം അകല്‍ച്ചയും ഒപ്പം ഒരു സ്ഥാനവും തന്നു..”

“എനിക്ക് അവര്‍ ഒരുപാട് പേരുകള്‍ തന്നു..ചില സ്ത്രീകള്‍ എനിക്ക് എന്തോ അത്ഭുത ശേഷി ഉണ്ടെന്ന് വരെ പറഞ്ഞ് പരത്തി...പക്ഷേ എന്റെ മനസ്സ് ഉള്ളില്‍ കിടന്ന് തേങ്ങുന്നത് ആരും കണ്ടില്ല...എന്നെ കല്ല്യാണി എന്ന് വിളിക്കാന്‍ കൊതിച്ച ഒരുപാട് നാളുകള്‍ ഉണ്ടാരുന്നു....എപ്പോഴോ ഒരിക്കല്‍ ഞാന്‍ ഇവിടെ വന്നു...പോകാനും തോന്നിയില്ല..കുറെ മുസ്ലിംങ്ങള്‍ ഇവിടെ ഉണ്ട്..അവര്‍ ക്കിടയില്‍ ഞാന്‍ അവരില്‍ ഒരാളാണു..അതാണു എന്റെ സുരക്ഷിതത്വവും...”

“ഇന്ന്...ഞാന്‍ പതിവ് പോലെ ഭിക്ഷക്കായ് വന്നതാണു..ദൂരെ നിന്ന് വന്നപ്പൊ...ഏട്ടന്റെ മോനെ ഞാന്‍ കണ്ടു...പെട്ടെന്ന് പഴയ രമേഷ് ഏട്ടന്‍ ഇരിക്കും പോലെ എനിക്ക് തോന്നി...ഞാന്‍ ഓടി എത്തുമ്പോള്‍ ..സൈഡില്‍ ഏട്ടന്‍ ഉറങ്ങുന്നു...ഒന്ന് കണ്ട്...ശരി എന്റെ വിധിയെ പഴിച്ചു മടങ്ങാം എന്ന് കരുതുമ്പോള്‍ ..പഴയ അപ്പൂപ്പന്റെ ഫോട്ടോ..അപ്പോ എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാന്‍ കഴിഞില്ല...”

ഞാന്‍ സന്ദീപിനെ കെട്ടിപിടിച്ചുകൊണ്ട് തേങ്ങുകയായിരുന്നു...മോള്‍ ....മുഖം പൊത്തി ഇരുന്ന് കരയുന്നുണ്ടാരുന്നു...
“ഇനി ഞാന്‍ പോകട്ടെ...ഏട്ടാ...ഒക്കെ എന്റെ വിധിയാണു..ഇത് നമ്മള്‍ 4 പേര്‍ മാത്രം അറിഞ്ഞാല്‍ മതി.....നാട്ടില്‍...ഇനി ബലി ഇടുമ്പോള്‍ .....”

“മതി...നിര്‍ത്ത്‌ ....നീ ഇങ്ങനെ അലഞ്ഞ് തിരിയണ്ടവളല്ല...ആരും ഇങ്ങനെയാവല്ലേ എന്ന് 26 വര്‍ഷമായ്‌ തേങ്ങുന്ന ഒരമ്മയുണ്ടവിടെ....നിനക്ക് അവരെ കാണണ്ടെ...ഒന്നും മിണ്ടണ്ട...ഞങ്ങളോട് ഒപ്പം നീ വരണം.....”

“പറ്റില്ല..പറ്റില്ല...പറ്റില്ല....ഞാന്‍ ...ഞാന്‍ ....വേണ്ടാ....എല്ലാവര്ക്കും അവസാനം ഒരു ഭാരമാവും....ഇവിടെ ഞാന്‍ എത്ര സന്തോഷവതിയാ....ഞാന്‍ എല്ലാം ആലോചിച്ചിട്ട് തന്നെയാണു പറഞ്ഞത്...ഏട്ടന്‍ കുട്ടികളുമായ് മടങ്ങി പോവൂ...”

അവര്‍ കുറച്ച് ദൂരം നടന്ന് നീങ്ങി...തിരികെ വന്ന് സന്ദീപിനെയും മോളെയും കെട്ടിപിടിച്ചു കുറേ നേരം കരഞ്ഞു...തിരികെ എഴുന്നേല്‍ ക്കുമ്പോള്‍ ..സന്ദീപിന്റെ കൈകള്‍ അവളെ വരിഞ്ഞ് മുറുക്കിയിരുന്നു...

“ആന്റിക്കറിയുമോ...എന്റെ അച്ഛന്‍ ആ നാട്ടില്‍ നിന്നും ഇപ്പൊ അമ്മമ്മയുടെ അടുത്തേക്ക് പോകുന്നത്...എന്റെ അമ്മയുടെ ഓര്‍മ്മ താങ്ങാന്‍ വയ്യാത്തത് കൊണ്ടാ...ഇപ്പോ ഞങ്ങളെ വിട്ട് ആന്റി പോയാല്‍ ആന്റിക്ക് ഈ രാത്രി ഉറങ്ങാന്‍ കഴിയുമോ..?”

ബാക്കി മോളാ പറഞ്ഞത്...

“ആന്റിയല്ലടാ...നമ്മുടെ അമ്മയാ....അച്ഛന്‍ മുന്‍പേ പറഞ്ഞില്ലേ...നമുക്ക് നമ്മുടെ അമ്മയെ നഷ്ടമായിട്ടില്ല...ആ അമ്മ തന്നെയാ ഇത്...അല്ലെങ്കില്‍ ഈ യാത്ര എങ്ങനെ ഇങ്ങനെ ഒക്കെ ആവും...അമ്മേ പ്ലീസ്...അച്ഛന്‍ പറയുന്നത് കേള്‍ക്കൂ ...ഞങ്ങള്‍ പൊന്നുപോലെ നോക്കാം.....ഒരമ്മ ഇല്ല്ലാത്തതിന്റെ വേദന ഇപ്പോ ഞാന്‍ നല്ല പോലെ അറിയുന്നുണ്ട്...പ്ലീസ്സ്.....”

സീമയുടെ മനസ്സിന്റെ നന്മ അവള്‍ തിരിച്ചറിഞ്ഞു എന്ന് തോന്നി...

കല്യാണി...രണ്ട് പേരെം കെട്ടി പിടിച്ച് കൊണ്ട് എനിക്കൊപ്പം നടന്നു...

സ്ട്ടെഷനില്‍ എത്തും വരെ ആരും ഒന്നും മിണ്ടിയില്ല...സ്ടേഷനില്‍ എന്നെയും കാത്ത് എന്റെ സാധനങ്ങളുമായ് ബഷീറ് നില്‍ക്കുന്നുണ്ടായിരുന്നു ...ബഷീറിനോട് കാര്യങ്ങള്‍ സീമ പറഞ്ഞു...അയാളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നത് ഞാന്‍ കണ്ടു...

മദ്രാസ്സിലേക്കുള്ള മറ്റൊരു തീവണ്ടി എത്തുമ്പോഴേക്കും ഞാന്‍ റ്റിക്കറ്റ് എടുത്തിരുന്നു...

യാത്ര വീണ്ടും തുടര്‍ന്നു ...ഓര്‍മ്മകള്‍ തകഴിയിലെ കുഞ്ഞമ്മാമയുടെ വീടിന്റെ അടുത്തുള്ള വരമ്പത്ത് കൂടി വേഗം നീങ്ങി..

“അയ്യേ ഏട്ടന്റെ നിക്കറില്‍ അപ്പടി ചേറ്....അച്ഛന്‍ കണ്ടാ ഇനി വഴക്ക് എനിക്കാ....”

“നിനക്ക് ആമ്പല്‍ പൂവ് പറിക്കാന്‍ ഇറങ്ങിയതാന്ന് പറഞാ‍...നിനക്കും കിട്ടുമല്ലോ പെട....”

അറിയാ‍തെ ഞാന്‍ ചിരിച്ചു....

“എന്താ ഏട്ടാ....?”

“ഒന്നുമില്ല...വെറുതെ ഓരോന്ന് ഓര്‍ത്തു പോയ്...”

കല്യാണിയുടെ പൊള്ളി വിളറിയ വിരലുകളിലൂടെ പതിയെ തഴുകുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഞാന്‍ ആ പഴയ വരമ്പിന്റെ പച്ചപ്പ് കണ്ടു...ഒരായിരം ആമ്പല്‍ പൂക്കളും......

No comments: