രണ്ടു മൈനകള്‍.

രണ്ടു മൈനകള്‍....

മാര്‍ച്ച് 27 2011

ഈ ഇടനാഴികള്‍ക്ക് എത്ര ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഉണ്ടാകും..എത്ര നിലവിളികള്‍...എത്ര മരണങ്ങള്‍..!

കാത്തിരുപ്പ് തുടങ്ങിയിട്ട് ഒരു പാടു നേരമായ്‌..കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ എല്ലാ വിഷമതകളും തലപൊക്കി തുടങ്ങിയിരിക്കുന്നു..സത്യത്തില്‍ ഒരു ആശ്ചര്യം തോന്നിയത് ആര്‍.സി.സിയിലെ മറ്റു വാര്‍ഡുകള്‍ അപേക്ഷിച്ചു ഈ വാര്‍ഡു തരുന്ന ശാന്തതയാണ്.

സമയം ഇപ്പോള്‍ തന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു..താഴെ നിന്ന് പറഞ്ഞത് അകത്തു താങ്കളെ പറ്റി പറഞ്ഞിട്ട് ഉണ്ട് എന്നായിരുന്നു..പക്ഷെ ആരും ഇത് വരെ എന്നെ തേടി എത്തിയില്ല..!
അങ്ങനെ മനസ്സില്‍ വിചാരിച്ചത് കൊണ്ടാവും ഒരു അല്പം വയസ്സായ നഴ്സ് ഐ.സി.യുവിന് പുറത്തേക്കു ഇറങ്ങി..പുറത്തു ഞാന്‍ അല്ലാതെ വേറെ ആരും ഇല്ല.. എന്റെ അടുത്തു വന്നു നിന്ന്.."ചെറിയാന്‍ സാറിന്റെ....?"

"ആരും അല്ല...അല്ല ആണ്..നല്ല സുഹൃത്ത്..."

"സാറിനെ തിരക്കി വേറെ ആരും ഇതുവരെ വന്നിട്ടില്ല...ഒരു വല്ലാത്ത അവസ്ഥ തന്നെ...ഇനി....!"

അവര്‍ അതും പറഞ്ഞു മുന്നോട്ടു നീങ്ങി...അല്പം നേരം കഴിഞ്ഞു തിരികെ വന്നു.."പറയാന്‍ മറന്നു..സര്‍ ഇവിടെ വന്നപ്പോള്‍ കയ്യില്‍ ഒരു പഴയ ബാഗ് ഉണ്ടായിരുന്നു..അത് താഴെ ഉണ്ട്...സാധാരണ ഇത് പോലെ വരുന്നവര്റെ കയ്യില്‍ എല്പിക്കാരുന്ടു..ഒരു പക്ഷെ ചെറിയാന്‍ സാറിന്റെ അടുത്ത ആളുകള്‍...അമ്മയോ..ഭാര്യയോ...അങ്ങനെ വല്ലവരെയും അറിയിക്കാന്‍ അതുപകരിചാലോ..ഞാന്‍ അത് എടുത്തു തരാം.."

അല്‍പ നേരം കഴിഞ്ഞു മറ്റൊരു നഴ്സ് ആ സഞ്ചിയുമായ്‌ വന്നു...പോകുന്നതിനു മുന്‍പ് അവരോടു ഞാന്‍ ചോദിച്ചു.." എനിക്ക് കാണാന്‍ പറ്റുമോ..."?

"ഇല്ല സര്‍...അത്രയ്ക്ക് കൂടുതലാ...ഈ സര്‍ ജോലി ചെയ്ത പെരിയ യില്‍ എനിക്ക് ബന്ധുക്കള്‍ ഉണ്ട്..ഇവിടെ ആദ്യം വരുന്നത് രണ്ടു കൊല്ലം മുന്‍പാ...അന്ന് മുതല്‍ അറിയാം...പി.സി.കെ ക്ക് എതിരെ സമരം നടത്തിയവരില്‍ നേതാവ് ആയിരുന്നു സര്‍ അല്ലെ..?അവസാനം ആ വിഷം കൊണ്ടു...."

അവര്‍ മുഴുപ്പിക്കാതെ നടന്നു പോയ്‌..

ഞാന്‍ ആ പഴയ ബാഗ് തുറന്നു...ചികില്‍സയുടെ ചരിത്രങ്ങള്‍ ആദ്യം കയ്യില്‍ തടഞ്ഞു...പിന്നെ കുറെ പുസ്തകങ്ങള്‍..എല്ലാം ഞാന്‍ ഒന്ന് അടുക്കി പെറുക്കി വെക്കാനായ്‌ എല്ലാം പുറത്തേക്കു ഇട്ടു..

ആശുപത്രി ചീട്ടുകള്‍ക്കും പുസ്തകങ്ങള്‍ക്കും ഇടയില്‍..നാലോ അഞ്ചോ എഴുത്തുകള്‍...കവറിനു പുറത്ത് മേല്‍വിലാസം എഴുതിയത് കണ്ടപ്പോള്‍ ഒരു കൌതുകം...ഏതോ ചെറിയ കുട്ടികള്‍ എഴുതിയത് പോലെ...

ആദ്യ എഴുത്ത് ഞാന്‍ വായിക്കാന്‍ തുടങ്ങി..

"പ്രിയപ്പെട്ട മാഷിനു...ഇത് മൈമൂന മോളാ...മാഷിന്റെ മൈന..സുഖമാണോ...? എനിക്ക് ഇപ്പൊ അല്പം ആശ്വാസം ഉണ്ട്..വാപ്പി കഴിഞ്ഞ ആഴ്ച ദുബായീന്ന് വന്നു...സാറിന് എന്തോ കൊണ്ടു വന്നിട്ടുണ്ട് എന്ന് പറഞ്ഞു...കോഴിക്കോട് ആശുപത്രീല് കൊണ്ടു പോകുമാത്രേ...അവിടെ ഈ സൂക്കേട് നല്ലപോലെ മാറ്റുന്ന ഒരു ഡോക്ടര്‍ വന്നിട്ടുണ്ട് അത്രേ...എനിക്ക് ...എനിക്ക് മാഷിനെ കാണാന്‍ കൊതിയാവുന്നു...വരുമല്ലോ അല്ലെ...ഞാനും വാപ്പിയും കാത്തിരിക്കും..."

അടുത്ത കത്തിലേക്ക് എന്റെ കണ്ണുകള്‍ പോയ്‌....ആ മോള്‍ കാത്തിരിക്കുകയാണ്...ഞാന്‍ പതിയെ ഓര്‍മ്മകളില്‍ നിന്ന് ആ മൈനയെ ഓര്‍ത്തു എടുത്തു..

മൈന...ഒരിക്കല്‍ പറഞ്ഞിരുന്നു...മാഷ്‌..സ്കൂള്‍ വിട്ടു ചില വ്യ്കുന്നെരങ്ങളില്‍ മൈനയുടെ വീട്ടില്‍ പോയ്‌ മാഷ്‌ ക്ലാസ്സ് എടുക്കുമായിരുന്നു...മൈന...ഭൂമിക്ക് മേലെ പതിച്ച ആ വിഷത്തിന്റെ ഒരു ഇര കൂടിയായിരുന്നു...ജന്മനാ ഉള്ള തളര്‍ച്ചയും..പിന്നെ ഉള്ളില്‍ വളരുന്ന ക്യാന്‍സറും കൊണ്ടു മരണം കാത്തു കഴിഞ്ഞിരുന്ന ഒരു പാവം ഏഴു വയസ്സുകാരി...."

അവസാനത്തെ എഴുത്ത് വായിക്കുമ്പോള്‍ ..ഞാന്‍ കരഞ്ഞിരുന്നോ...?ഉവ്വ്...അവള്‍ക്കു ഈ ലോകം ഒരുപാടു പരിചയപ്പെടുത്തിയ അവളുടെ എല്ലാം എല്ലാമായ മാഷ്‌ ഇവിടെ മരണം കാത്തു കഴിയുന്നു എന്ന് അവള്‍ക്കു അറിയില്ലല്ലോ...

ഇടക്ക് ആ നഴ്സ് വന്നു..."സര്‍..കൂടുതല്‍ മോശമാകുകയാണ്...ഇന്ന് രാത്രി ....സംശയം ആണ്..! സാറിന് കാണണം എന്നുന്റെന്കില്‍.ആ ഗ്ലാസ് ഭാഗത്ത് ഒരു കര്‍ട്ടന്‍ ഉണ്ട്....ഞാന്‍ അത് മാറ്റി തരാം..."

"വേണ്ട...വേണ്ട..." എന്തിനു...ജീവനോടെ..സന്തോഷത്തോടെ എന്റെ ചെറിയാനെ ഞാന്‍ ഒരുപാടു കണ്ടതാ..ഈ കാഴ്ച വേണ്ട...

കാഞ്ഞങ്ങാട്ടെ അനിലിനെ ഞാന്‍ കുറെ മൊബൈലില്‍ ശ്രമിച്ചു...കിട്ടിയില്ല...അവസാനം രാത്രി അവന്‍ തിരികെ വിളിച്ചു...ഞാന്‍ പെരിയയിലെ ആ "മൈന"യെ പറ്റി തിരക്കി...രാവിലെ അവന്‍ തിരക്കി തിരികെ വിളിക്കാം എന്ന് പറഞ്ഞു..

പുലര്‍ച്ചെ, കസേരയില്‍ ഭിത്തിയോടു ചാരിയിരുന്നു ഒന്ന് മയങ്ങി...കണ്ണുകള്‍ അടയുമ്പോള്‍ മൈനയുടെ എഴുത്തുകള്‍ എന്റെ മുന്നില്‍ തെളിയും...എന്നിട്ടും ഇടക്ക് ഒന്ന് മയങ്ങി...

"സാര്‍....സാര്‍...
ഒരു സെക്യൂരിറ്റി സ്ടാഫ് ആണ്...
"സാര്‍...അവിടെ അകത്തു വിളിക്കുന്നു...ആ പെഷ്യന്ടു പോയ്‌...അല്പം മുന്‍പ്..."

തളര്‍ന്നു പോയ്‌...എന്റെ ഏറ്റവും വലിയ ഒരു കൈത്താങ്ങ്‌ എന്നെ വിട്ടു പോയല്ലോ..

ഇനിയും ഒരുപാടു കടമ്പകള്‍ ഒക്കെ കഴിഞ്ഞു രാവിലെ എട്ടോ എട്ടരയോടെ ഒക്കെയേ മൃദ ദേഹം കിട്ടുകയുള്ളൂ എന്ന് താഴെ തിരക്കിയപ്പോള്‍ അറിഞ്ഞു...

കാസര്‍ഗോട്ടെ എല്ലാ അനുഭാവികളെയും കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു..എല്ലാം നല്ലതുപോലെ അവിടെ തന്നെ നിര്‍വഹിച്ചു കൊള്ളാന്‍ എന്നെ ചുമതലപ്പെടുത്തി..

തിരക്കുകള്‍ക്കിടയില്‍....എട്ടോടുകൂടി അനിലിന്റെ വിളി വന്നു...ഞാന്‍ എന്ത് പറയും എന്ന് കരുതി മൊബൈല് എടുക്കുമ്പോള്‍...അവന്‍ കാര്യം എന്നോടു പറയാന്‍ പരുങ്ങുകയായിരുന്നു...

"മാഷേ...ആ കുട്ടി രണ്ടു ദിവസം മുന്‍പ് നമ്മെ വിട്ടു പോയ്‌...അതിന്റെ അച്ഛന്‍ വന്നിരുന്നു അത്രേ....കൂടുതല്‍ ചികില്‍സക്ക് കോഴിക്കൂട്ടും മംഗലാപുരത്തും ഒക്കെ കൊണ്ടു പോയതാ...എന്ത് ചെയ്യാനാ....ഇനി ആരൊക്കെയാ...അവിടെ...നമ്മുടെ മാഷിനു എങ്ങനെ ഉണ്ട്..?"

അതിനു ഉത്തരം പറയാതെ....ഞാന്‍ വേഗം പുറത്തേക്ക് നടന്നു..ഒന്ന് പൊട്ടി കരയാന്‍..ആരും കാണാതെ...

പുറത്ത്...അശോക പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നതിനു താഴെ ആരും കാണാതെ ഞാന്‍ കരഞ്ഞു തീര്‍ത്തൂ...കണ്ണുകള്‍ തുടച്ചു തിരികെ നടക്കുമ്പോള്‍...രണ്ടു മൈനകള്‍...ആര്‍.സി.സി യുടെ മുറ്റത്തെ പുല്‍ തകിടിയില്‍...പതിയെ നടന്നു നീങ്ങിയിട്ടു...ദൂരേക്ക്‌ പറന്നു പോയ്‌...

Comments

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

ദര്‍ഭയും തെറ്റിപൂക്കളും

പാസ്സഞ്ചര്‍