Wednesday, June 22, 2011

കുമിളകള്‍ ഉണ്ടാകുന്നത്..

കുമിളകള്‍ ഉണ്ടാകുന്നത്...

ഈ തുരുമ്പു പിടിച്ച ജനാല കമ്പികള്‍ക്കു ഇടയിലൂടെ ഈ കൊച്ചിയെ എത്ര കണ്ടാലും മതിയാവില്ല.അകലെ , പോര്ട്ടിലേക്ക് അടുക്കുന്ന ഒരു ചെറു ബോട്ടില്‍ "സ്നേഹ തീരം" എന്ന് എഴുതിയിരിക്കുന്നു. ഈ ലോഡ്ജും ഒരു "സ്നേഹ തീരം" തന്നെ. ആ സാമ്യം വല്ലാതെ എന്നെ ആകര്‍ഷിച്ചു.

ഈ "സ്നേഹ തീരം' ത്തില്‍ ഞാന്‍ എത്തിയിട്ട് എത്ര വര്‍ഷമായ്‌. ഒരു ക്രിസ്മസ് കാലത്താണ് ഞാന്‍ കൊച്ചിയില്‍ ആദ്യമായ്‌ എത്തുന്നത്. ഒരു ഇരുപതു കൊല്ലങ്ങള്‍ക്ക് മുന്‍പ്..അല്ല കൃത്യമായ്‌ പറഞ്ഞാല്‍..ഇരുപത്തിമൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പ്.

എന്നെ നിങ്ങള്ക്ക് അറിയുമോ..? അല്ലെങ്കിലും എന്നെ പോലെ ഒരു സ്ത്രീക്ക് പേര് നിര്‍ബന്ധം ആണോ.? പലരും എന്നോടു ചോദിച്ചിട്ടുണ്ട്..അറിഞ്ഞിട്ടും അവര്‍ക്ക് പ്രതേകിച്ചു കാര്യങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും..!

എന്നാല്‍ ഞാന്‍ ഇപ്പൊ എന്റെ യഥാര്‍ത്ഥ പേര് പറയാം. തുളസി. ഈ തുലാ മാസം ആകുമ്പോള്‍ എനിക്ക് വയസു നാല്പത്തി ഏഴു..ആ കാര്യം മാത്രം എനിക്ക് തന്നെ പലപ്പോഴും വിശ്വാസം വരാറില്ല.

ഇനി എന്നെ പറ്റി പറയാം അല്ലെ..? ഞാന്‍ ഈ മഹാ നഗരത്തില്‍ വന്നതൊക്കെ..

"നീ ജനല്‍ തുറന്നു എന്നാ സ്വപ്നം കാണുവാ..?അല്ലേലും നീ ഇങ്ങനെ ഒക്കെ ആയി തീരാന്‍ കാരണം ഈ സ്വപ്നം കാണലാ..നന്നാവാന്‍ അവരവര്‍ക്ക് ഒരു തോന്നല്‍ വേണം.."

ഇത് സേവ്യര്‍..ഇയാളാണ് ഈ ലോഡ്ജിന്റെ മാനേജര്‍.മാനേജര്‍ എന്ന് വെച്ചാ..അതൊക്കെ വലിയ ഒരു കഥയാ..ഈ സ്ഥലം ഒക്കെ ഒരു കോടതി ഉത്തരവിന്റെ പുറത്ത് കിടക്കുന്ന കാര്യമാ...സേവ്യര്‍ ഇച്ചായന്റെ കാലം കഴിഞ്ഞാല്‍ ഇത് സര്‍ക്കാര്‍ ഏറ്റെടുക്കും. എന്നെ പറ്റി പറയാന്‍ തുടങ്ങും മുമ്പ് അങ്ങേരെ പറ്റി ഒന്ന് പറയാം.

ഇചായാന്‍ പൊന്‍കുന്നം കാരനാ. പണ്ട് എങ്ങാണ്ട് ഇവിടെ വന്നതാ.ഇത് പണ്ട് ഒരു സായിപ്പിന്റെ വീട് ആയിരുന്നു അത്രേ..പിന്നെ അത് ഒരു ലോഡ്ജു ആയി.. ഇതിന്റെ ഉടമസ്ഥര് ഒക്കെ ഇപ്പൊ ലണ്ടനിലാ.അവര്‍ക്ക് ഇതൊന്നും വേണ്ട അത്രേ.. അന്നത്തെ കാലം മുതല്‍ അച്ചായനാ ഇതിന്റെ നോട്ടക്കാരന്‍. വില്ലില്‍ അച്ചായന്റെ പേരില്‍ എന്തോ കുരുക്കു ഉണ്ടാക്കി വെച്ചിട്ടാ ആ സായിപ്പ്‌ പോയത്. അതുകൊണ്ടു വസ്തു പ്രശ്നം കോടതി കയറിയിട്ടും അങ്ങേരു വഴിയാധാരം ആയില്ല..അല്ല...അതുകൊണ്ടു ഞാനും..!

ഒന്ന് കെട്ടിയതാ ഇങ്ങേരു..ഒരു മോന്‍ ആ വകയില്‍ ഉണ്ട്. പണ്ടെ ആ സ്ത്രീയുമായി വലിയ അടുപ്പം ഒന്നും ഇങ്ങേര്‍ക്കില്ല.ഒരുതരം ഒറ്റയാന്‍ ജീവിതം ആണിപ്പോ.

ഇനി എന്നെ പറ്റി പറയാം അല്ലെ?

എന്റെ നാട് അങ്ങ് കാസര്ഗോട്ടാണ്. കാസര്ഗോട്ട്..കാക്കച്ചാല്‍ എന്ന ഒരു ഗ്രാമത്തില്‍..ഈ വലിയ നഗരം പോലെ ഒന്നുമല്ല..ഒത്തിരി പച്ചപ്പുള്ള ഒരു പാവം ഗ്രാമം.

കുഞ്ഞിലെ മുതല്‍ എസ്റെറില്‍ പണിക്ക് പോവും. ഞങ്ങളുടെ ആ ഭാഗത്ത് കാപ്പിയാ. നല്ല രസമാ..പിന്നെ പിന്നെ..അവിടെ പണി കുറഞ്ഞപ്പോ കോര്‍പ്പറേഷന്റെ എസ്റെറില്‍ പണിക്ക് പോകാന്‍ തുടങ്ങി.

ആ ഇടക്കാന് എന്റെ കല്യാണം. ഒത്തിരി കൊതിച്ച ഒരു മനുഷ്യനെ തന്നെ കല്യാണം കഴിക്കാന്‍ പറ്റി. എനിക്കന്നു വയസ്സ് ഇരുപത്തി ഒന്ന്. ഏട്ടന്റെ പേര് സമ്പത്ത്..എന്തൊരു കാലം ആയിരുന്നു അത്..! രണ്ടാള്‍ക്കും എസ്റെറ്റില്‍ തന്നെ ആയിരുന്നു ജോലി.

ആദ്യത്തെ കുഞ്ഞു ,മോളായിരുന്നു. പേര് സൌമ്യ..ഇപ്പോഴും അന്നത്തെ സൌമ്യ മോളുടെ ഫോട്ടോ, കാഞ്ഞങ്ങാട്ട് ഒരു സ്റ്റുഡിയോ യില്‍ പോയ്‌ എടുത്ത ഒരു ഫോട്ടോ ഇന്നും ഇവിടെ ഉണ്ട്..അന്ന് അവള്‍ക്കു എന്റെ മുടി ആയിരുന്നു..അയല്‍ക്കാര് കണ്ണ് വെക്കുമായിരുന്നു..എണ്ണ കറുപ്പാ..

പിന്നെ പ്രസവിക്കാന്‍ കഴിഞ്ഞില്ല.ഒക്കെ ഗര്‍ഭ അവസ്ഥയിലെ അലസി..അതിനെ ചൊല്ലി എന്നും എന്നെ കുറ്റ പെടുത്തും..സൌമ്യക്ക്‌ നാല് വയസ്സ് കഴിഞ്ഞപ്പോ ആണ്..ഒരു പനീ ആയിരുന്നു..അതെ ആദ്യം ഒന്നും പ്രതേകിച്ചു തോന്നി ഇല്ല...ഒരു അലസല്‍ കഴിഞ്ഞു ഇരിക്കുന്നത് കൊണ്ടു ഞാന്‍ പണിക്കു ഒരു മാസമായി പോയിരുന്നില്ല..രാത്രി ഏട്ടന്‍ വന്നപ്പോ വല്ലാതെ ക്ഷീണിച്ചു അവശന്‍ ആയിട്ടാണ് വന്നത്. പിറെന്ന്, രാവിലെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു..അവര് കൂടുതല്‍ പരിശോധന വേണം എന്ന് പറഞ്ഞു മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞു വിട്ടു.മംഗലാപുരത്തെ ആ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍...അതുപോലെ തന്നെ...നടന്നു. ഒരു വര്ഷം, അനുഭവിക്കുന്നതിന്റെ എല്ലാ പരിധിയും അനുഭവിച് പോയ്‌.

പിന്നെ കഷ്ടപാടിന്റെ കാലങ്ങള്‍. മോള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി..ഏട്ടന്റെ ചികില്‍സക്ക് എടുത്ത കടങ്ങള്‍..എല്ലാം കൂടി വന്നപ്പോ നില നില്‍പ്പ് തന്നെ വല്ലാതെ ആയി.

ഒരിക്കല്‍ അയലത്തെ വീട്ടിലെ ആയിഷ ഇത്താന്റെ ഒരു ബന്ധു ആലപുഴയില്‍ നിന്ന് വന്നപ്പോ എന്റെ കഷ്ടപാടൊക്കെ കണ്ടിട്ടും കേട്ടും എനിക്ക് അരൂരിലെ ഒരു ചെമ്മീന്‍ കയറ്റി അയക്കുന്ന കമ്പനിയില്‍ ജോലി വാങ്ങി തരാം..കത്ത് അയയ്ക്കു, എന്നൊക്കെ പറഞ്ഞു ഒരു വിലാസം തന്നിരുന്നു. എന്തെങ്കിലും ആകട്ടെ എന്ന് കരുതി, നിവൃത്തി കെട്ടപ്പോ മോളെ.. സഭാക്കാരുറെ സ്ക്കൂളില്‍ ചേര്‍ത്തിട്ടു ആ സ്ത്രീ പറഞ്ഞ ഇടത്തേക്ക് പോവാം എന്ന് വെച്ച് കൊച്ചിയില്‍ എത്തി. പറഞ്ഞത് പ്രകാരം ആ താത്ത ട്രെയിന്‍ സ്റേഷനില്‍ വരും എന്നായിരുന്നു. ഒരു പകല്‍ മുഴുവന്‍ ഞാന്‍ സൗത്തില്‍ കാത്തിരുന്നു.ആരും വന്നില്ല.

രാത്രി ആയപ്പോള്‍ എനിക്ക് ഭയവും വിഷമവും കൊണ്ട് കരച്ചില്‍ വന്നു. തിരക്കുകള്‍ക്കിടയില്‍ ആരും എന്നെ ശ്രദ്ധിച്ചില്ല. അപ്പോഴാണ്‌ ഈ സേവ്യര്‍ ഇച്ച്ചായന്‍ ഒരു ദൈവത്തെ പോലെ എന്റെ മുന്നില്‍ അവതരിച്ചത്. എന്റെ സങ്കടങ്ങള്‍ മുഴുവന്‍ അന്ന് അച്ച്ചായനോടു പറഞ്ഞു.

എനിക്ക് താമസിക്കാന്‍ അന്ന് മുതല്‍ ഈ ലോഡ്ജിന്റെ ഈ മുറി തന്നു..പക്ഷെ ആ രാത്രി അയാള്‍ ഈ മുറിയില്‍ വന്നു..എന്റെ സങ്കടം പങ്കു വെക്കാനാവും എന്ന് കരുതിയ എന്നെ അതിശയിപ്പിച് അന്ന് ആ രാത്രി എന്നെ കീഴ്പെടുത്തി..! ഒരു തരാം ബലാല്‍സംഗം..! അന്ന് ആ രാത്രി ആ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിക്കണം എന്ന് തോന്നിയിരുന്നു..!

കരച്ച്ചിലുകല്‍ക്കൊടുവില്‍ അയാള്‍ എന്നോടു ഈ നഗരത്തെ പറ്റി പറഞ്ഞു. ഈ നഗരത്തിന്റെ നന്മകളെയും തിന്മകളെയും ഒക്കെ എല്ലാം..പകലില്‍ കാണുന്ന മാന്യന്മാരുടെ മുഖം മൂടികള്‍ ഇരുട്ടിന്റെ മറവില്‍ പിച്ചി ചീന്തപെടുന്ന തെരുവുകള്‍, പണത്തിന്റെ കുത്തൊഴുക്ക് നടക്കുന്ന മുറികള്‍, വിയര്‍പ്പിന്റെയും രക്തത്തിന്റെയും ശുക്ലതിന്റെയും മണം നിറഞ്ഞ വഴികള്‍ എല്ലാം എനിക്ക് അയാള്‍ പരിചയപ്പെടുത്തി. ആദ്യത്തെ വിരോധങ്ങള്‍ എല്ലാം ഈ വേഗതയില്‍ ഞാന്‍ മറന്നു.. പണത്തിനു വേണ്ടി എന്റെ വേഗങ്ങള്‍ ഞാന്‍ കൂട്ടി..

ഒന്നും അറിയാതെ എന്റെ സൌമ്യ അങ്ങ് വളര്‍ന്നു. ഇവിടെ വര്‍ഷങ്ങള്‍ പോയത് ഞാന്‍ അറിഞ്ഞില്ല. ഈ നഗരം ഒത്തിരി ഒത്തിരി മാറി...ഒരുപാടു വളര്‍ന്നു.

എന്റെ വിയര്‍പ്പ് കണങ്ങള്‍ രുചിച്ച്ചവര്‍ ഇന്ന് മന്ത്രി സ്ഥാനങ്ങളില്‍ വരെ എത്തി..!എന്റെ ഒരു രാവിന്റെ ആഘോഷങ്ങള്‍ക്ക് വേണ്ടി ദിവസങ്ങള്‍ കാത്തിരുന്നവര്‍..!

സൌമ്യ ബിരുദ പഠനത്തിന് ചേരുന്ന കാലം തന്നെ അവള്‍ എന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയിരുന്നു..അവള്‍ മിടുക്കി ആയിരുന്നു..പടിച്ച്ചതിനൊക്കെ നല്ല മാര്‍ക്ക് വാങ്ങി അവള്‍ ജയിച്ചു..ജീവിതത്തില്‍ അവള്‍ മാത്രം ജയിച്ചു.നാല് വര്ഷം മുന്‍പ് അവള്‍ക്കു ബാന്കലൂരില്‍ ഒരു കംപനിയില്‍ ജോലി കിട്ടി.

"ഇന്നെങ്കിലും നീ ഒന്ന് താഴെ ഇറങ്ങുമോ..? നീ ഇത് എത്ര എന്ന് കരുതിയാ ആ ഇരുട്ട മുറിയില്‍ തനിയെ ഇരിക്കുന്നത്..? അതെങ്ങനെയാ..തിന്നാന്‍ ആ പെണ്ണ് അവളുടെ ശരീരം കളയുന്നുന്ടല്ലോ...സങ്കടം കൊണ്ടാ..തുളസീ...നീ ഇങ്ങനെ ആയാല്‍ നിന്റെ അസുഖങ്ങള്‍ ഒന്നും മാറില്ല..!"

അതെ..അസുഖം..!

മൂന്നു വര്ഷം മുന്‍പ് വെറുതെ കണ്ണാടിയില്‍, ചുണ്ടിലെ ചുവന്ന പാടു നോക്കുമ്പോള്‍ തോന്നിയിരുന്നില്ല ഇത് ഒരു ദുരന്ത ത്തിന്റെ തുടക്കം ആകുമെന്ന്..! പിന്നെ ദിവസങ്ങള്‍ എടുത്തില്ല...എന്റെ ശരീരം മുഴുവന്‍ ഒരു മാതിരി ശല്ക്കം പിടിക്കും പോലെ പൊളിഞ്ഞു പൊളിഞ്ഞു പോകാന്‍ തുടങ്ങി..ഒന്നാമത് വയസ്സ് ആകുംതോറും അകന്നു അകന്നു പോയിരുന്ന പതിവ് കാര്‍ക്ക് അതൊരു സഹായം ആയി. ആരും ഒന്നും വിളിക്കാനോ..ഒന്ന് കാണാനോ വന്നില്ല..ഒറ്റപെട്ടു ദിവസങ്ങള്‍..!

അന്ന് ഒരു ദിവസം..അവള്‍..രശ്മി..അവള്‍ മാത്രം എന്നെ വിളിച്ചു..ഇങ്ങു വരാന്‍ പറഞ്ഞു. അന്ന് മുതല്‍ എനിക്കൊപ്പം അവള്‍ ഒരു കൂട്ട്..അവള്‍ക്കു പതിവ് കാരു ആരും ഇല്ലാതെ വരുമ്പോള്‍ എനിക്ക് ഒരു കൂട്ട്..!

ഇപ്പൊ എനിക്ക് കണ്ണാടി നോക്കാന്‍ ഭയമാ..! എന്തിനു..? ഒരിക്കല്‍ എല്ലാരെയും സന്തോഷിപ്പിച്ച മുഖം അല്ലെ...അവരെ തന്നെ ഈ കാഴ്ച കാട്ടി വെറുപ്പിക്കാന്‍ മനസ്സ് വന്നില്ല.

താഴെ ഒരു ശബ്ദം കേട്ട് ഓടിവന്നു ജനാലയിലൂടെ നോക്കുമ്പോള്‍ താഴെ ചെറു പേരയുടെ വേരില്‍ തട്ടി അച്ചായന്‍ താഴെ വീണു കിടക്കുന്നു..പ്രായത്തിന്റെ ബുദ്ടിമുട്ടു കൊണ്ടു ശ്രമിച്ചിട്ടും എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല.

സഹിക്കാന്‍ കഴിഞ്ഞില്ല..മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ആ മുറി വിട്ടു സൂര്യ വെളിച്ചത്തെക്ക് ഇറങ്ങി. പടികള്‍ ഇറങ്ങി താഴേക്കു വരുമ്പോള്‍ എതിരെ വന്ന തമിഴന്‍ പയ്യന്‍ ഭയത്തോടെ ഓരം ചേര്‍ന്ന് നില്‍ക്കുന്നത് വിഷമത്തോടെ ഞാന്‍ ശ്രദ്ധിച്ചു.

ഒരു വിധം അച്ചായനെ എഴുന്നേല്‍പ്പിച്ചു താഴെ പടിയില്‍ ഇരുത്തി..അകത്ത്തൂന്നു ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്നു കൊടുത്തു.

"എന്തിനാ ഈ വയ്യാത്ത കാലത്ത്...അടങ്ങി ഒതുങ്ങി ഒരിടത്ത് ഇരിന്നു കൂടെ..?"

"ഉം..ഭിത്തിയില്‍ ഒരു ആല് കിളിര്‍ക്കുന്നു...കഴിഞ്ഞ മാസം കൂടി മണ്ണെണ്ണ ഒഴിച്ചതാ...എന്നിട്ടും...അത് കുത്തി കളയാന്‍ പോയതാ..വേര് കണ്ടില്ല.."

"ഞാനും ആലും ഒക്കെ ഒരുപോലാ അല്ലെ...ഇച്ചായ..."

അതിനു അയാള്‍ ഒന്ന് ചിരിച്ചു.

"ഞാനും നീയും ഒക്കെ.." അര്ധോക്തിയില്‍ നിര്‍ത്തി..

"നീ ആ പത്രം ഒന്ന് നോക്കിക്കേ..അകത്തു കിടപ്പുണ്ട്..കാസര്‍ഗോട്ട് നിന്റെ നാട്ടുകാര്‍ക്ക് ഒക്കെ സഹായം വാരികോരി നല്‍കുവാ പുതിയ സര്ക്കാര്..ഞാന്‍ എത്ര നാള് കൊണ്ടു പറയുന്നതാ...ഒന്ന് അവിടെ വരെ പോയ്‌...അപേക്ഷിച്ചു ഇട്..കിട്ടിയാല്‍ ഈ വയസ്സുകാലത്ത് ഒരു സഹായം ആവുമല്ലോ..ഞാന്‍ ഇന്ന് അങ്ങ് ചെലവായി പോയാല്‍ നിനക്ക് പിന്നെ ആരേലും ഉണ്ടോ ഈ ഭൂലോകത്ത്..?"

ഇരുപതു വര്ഷം മുന്‍പ് പടി ഇറങ്ങിയ ലോകത്തേക്ക്, എന്റെ ജീവിതം മാറ്റിയ ലോകത്തേക്ക് ...സഹായത്തിനായി ഒരു മടങ്ങി പോക്ക്...വേണ്ട..മനസ്സ് പറഞ്ഞു.

"എന്റെ ഒരു പരിചയക്കാരന്‍ അവിടെ ഉണ്ട്.നീ ഒന്ന് അവിടം വരെ ചെന്നാല്‍ മതി...പേപ്പര്‍ ഒക്കെ അയാള്‍ ശരിയാക്കി തരും..ആ വിഷം കൊണ്ടു മരിക്കപ്പെട്ട ഒരു ജീവനുള്ള ദേഹം ഇതുപോലെ ഒന്ന് ആ നാട്ടില്‍ തന്നെ ഉണ്ടാവില്ല..നിനക്ക് എല്ലാ യോഗ്യതയും ഉണ്ട്.."

"നിര്‍ത്ത്...ഞാന്‍ ഭാരം ആണേല്‍ ഇന്ന് തന്നെ ചത്തു തരാം.ഞാന്‍ പോവില്ല.."

പിന്നെ അയാള്‍ ഒന്നും മിണ്ടി ഇല്ല.

"അച്ചായ...അവന്‍ വന്നില്ലേ..പഴം തിന്നാന്‍...നമ്മടെ കുഞ്ഞിക്കണ്ണന്‍..?"

"അവനും നമ്മളെ ഒക്കെ വിട്ടു എങ്ങോ പോയെന്നു തോന്നുന്നു..എത്ര നാളായി മുടങ്ങാതെ എത്തുന്ന ഒരു സ്നേഹം ഉള്ള ജന്തുവാ..ഉം.."

ആളുകള്‍ പലരും എന്നെ ശ്രധിക്കുന്നത് കണ്ടു ഞാന്‍ മുകളിലേക്ക പോകാന്‍ എഴുന്നേറ്റു. കാക്കകള്‍ കൂട്ടം കൂട്ടം ആയി കിണറിന്റെ അടുത്ത് കൂടുന്നത് കണ്ടു..ഞാന്‍ അങ്ങോട്ട നോക്കി..അച്യായന്റെ സ്വന്തം കുഞ്ഞി കണ്ണന്‍ എന്ന അണ്ണാന്‍ കുഞ്ഞിനെ പിച്ചി പങ്കിടുന്ന ആഘോഷങ്ങള്‍ കണ്ടു..മനസ്സ് പതറി ഞാന്‍ മുകളിലേക്ക് നടന്നു...കാക്കകള്‍ കൂട്ടമായി എന്റെ പിന്ന്നാലെ വരുന്നപോലെ എനിക്ക് തോന്നി.

No comments: